RSS ക്യാമ്പിലെ ലൈംഗിക പീഡനം : അന്യേഷണം ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധി
ന്യൂഡൽഹി: ആർഎസ്‌എസ് ശാഖയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംപിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി. ആരോപണങ്ങൾ സത്യമാണ് എങ്കിൽ ഭയാനകമാണെന്നും ഉയർന്നുവന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ആർഎസ്‌എസ് തയ്യാറാകണമെന്നും പ്രിയങ്ക പറഞ്ഞു.
"ആർഎസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ വർഷങ്ങളായി പീഡിപ്പിച്ചുവെന്നാണ് മരിച്ച ആനന്ദു അജി സമൂഹ മാധ്യമത്തിൽ പങ്കുവച്ച ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്. താൻ മാത്രമല്ല ഇരയെന്നും ആർഎസ്‌എസ് ക്യാമ്പുകളിൽ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും അനന്തു പ്രസ്‌താവിച്ചിരുന്നു. ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും ഈ ക്യാമ്പുകളിൽ പങ്കെടുക്കുന്നുണ്ട്. ആരോപണങ്ങൾ യഥാർഥമാണെങ്കിൽ ഇത് ഭയാനകമാണ്. ആർഎസ്‌എസ് നേതൃത്വം ഉടനടി നടപടിയെടുക്കണം," പ്രിയങ്കാ ഗാന്ധി എക്‌സിൽ കുറിച്ചു.പെൺകുട്ടികൾക്കെതിരെയുള്ളതു പോലെ ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനവും വലിയ വിപത്താണ്. ഈ ഹീനമായ കുറ്റകൃത്യങ്ങളെ ചുറ്റിപ്പറ്റിയുള്ള മൗനം സംഘവപരിവാർ വെടിയണമെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കോട്ടയം പൊൻകുന്നം സ്വദേശി അനന്തു അജിയെ(26) തിരുവനന്തപുരത്തെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ലൈംകിഗാതിക്രമ വിവരം വെളിപ്പെടുത്തിയത്. മരണശേഷം പീഡന വിവരം പുറത്തെത്തുന്ന രീതിയിൽ ആത്മഹത്യാ കുറിപ്പ് ഷെഡ്യൂൾ ചെയ്‌തിരിക്കുകയായിരുന്നു മരിച്ച അനന്തു. മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ രംഗത്തെത്തി. യുവാവിൻ്റെ മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു

