ഭക്തരുടെ തിരക്ക് വർധിച്ചു:ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് എണ്ണം 5000 ആയി നിജപ്പെടുത്തി

പത്തനംതിട്ട: ശബരിമല ദർശനത്തിന് ഭക്തരുടെ തിരക്ക് വർധിച്ചു വരുന്നത് പരിഗണിച്ച് നാളെ (nov:25) ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് എണ്ണം 5000 ആയി നിജപ്പെടുത്തിയിരിക്കുന്നു. വെർച്ചൽ ക്യൂ ബുക്കിങ് വഴി എഴുപതിനായിരം ഭക്തർക്ക് ദർശനത്തിന് അവസരമുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പൊലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ആം ബാൻഡും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയതിന് ശേഷമാണ് പമ്പയിൽ നിന്ന് വിടുന്നത്. കുട്ടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ക്യുആർ കോഡും ബാൻഡില്‍ കാണാന്‍ കഴിയും.