ഗുരുദേവഗിരി തീർത്ഥാടന രജതജൂബിലി ആഘോഷത്തിന് നാളെ കൊടിയേറ്റം

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടന മഹോത്സവ രജതജൂബിലി ആഘോഷത്തിനും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികത്തിനും നാളെ (വെള്ളി)തുടക്കം കുറിക്കും.
രാവിലെ മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷ:പൂജ എന്നിവയ്‌ക്കുശേഷം 7.30 നു പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും.തുടർന്ന് പറ നിറയ്ക്കൽ ചടങ്ങ് ആരംഭിക്കും. 10 .30 നു ഉച്ചപൂജ , ഒന്ന് മുതൽ മഹാപ്രസാദം. 2 മുതൽ ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് നടത്തുന്ന പ്രഭാഷണം. 2 .30 മുതൽ സമിതിയുടെ ഒന്ന് മുതൽ 30 വരെയുള്ള യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ.
തുടർന്ന് മന്ദിരസമിതി കലാക്ഷേത്ര അവതരിപ്പിക്കുന്ന 'നിഴലുകൾക്കു നിറഭേദമോ?' എന്ന ലഘു നാടകം. 7.30 മുതൽ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ഗുരുദേവമാഹാത്മ്യം കഥകളി.9 ന് മഹാപ്രസാദം.
ശനിയാഴ്ച ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികം
പ്രതിഷ്ഠാ വാർഷിക ദിവസം അമേരിക്കയിൽ നിന്നുള്ള ഗുരുധർമ പ്രചാരകരായ ബ്രൂസ് റെയ് റൂസെൽ, ആഡ്രിയെന്നെ ഗ്രിഡി സ്മിത്ത് എന്നിവർക്ക് ശിവഗിരി ആശ്രമത്തിൽ നിന്നും എത്തുന്ന സന്യാസിമാർ സന്യാസ ദീക്ഷ നൽകും. പുലർച്ചെ 3 .30 മുതലാണ് ഈ ചടങ്ങ് നടക്കുക. ഗണപതി ഹോമത്തിനും പതിവ് പൂജകൾക്കും ശേഷം 8 .30 മുതൽ കലശ പൂജ, നവകം പഞ്ചഗവ്യം, 11നു കലശ പൂജ, കലശം എഴുന്നുള്ളിക്കൽ, കലശാഭിഷേകം, തുടർന്ന് ഉച്ചപൂജ. ഒന്നിന് മഹാപ്രസാദം. 2 .30 മുതൽ സമിതിയുടെ 31 മുതൽ 39 വരെയുള്ള യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ.
6 .30 മുതൽ മുംബൈ ആദം തീയറ്റേഴ്സ് അവതരിപ്പിക്കുന്ന 'അതിജീവനക്കാറ്റ് ' നാടകം. 7 .30 മുതൽ ഭഗവതിസേവ. 9 നു മഹാപ്രസാദം.
ഞായറാഴ്ച രാവിലെ പതിവ് പൂജകൾക്ക് ശേഷം 8 .30 നു ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തം പൊതുദർശനത്തിനായി വയ്ക്കും. ശിവഗിരി ആശ്രമത്തിൽനിന്നും എത്തുന്ന സന്യാസിമാരാണ് ദന്തം പുറത്തെടുത്ത് ദർശനത്തിനു വയ്ക്കുന്നതും തുടർന്നുള്ള പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നതും. 10 മുതൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, നാഗസ്വരം, ചെണ്ടമേളം , ശിങ്കാരിമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ പുഷ്‌പാലംകൃത രഥത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടന ഘോഷയാത്ര. നെരൂൾ സെക്ടർ ഒന്നിലെ ശിവാജി ചൗക്കിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിച്ചേരുമ്പോൾ മഹാഗുരുപൂജ ആരംഭിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹ സദ്യ. ഒരുമണി മുതൽ തീർത്ഥാടന മഹാസമ്മേളനം . സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. വൈകീട്ട് ഗുരുപൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം തായമ്പക. തുടർന്ന് മഹാപ്രസാദം.