വോട്ടർ പട്ടിക പരിഷ്ക്കരണം; കേരളത്തിലെ 79 മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം പൂർത്തീകരണ ഘട്ടത്തിലേക്ക് അടുക്കുന്നു. 79 നിയോജക മണ്ഡലങ്ങളിൽ ഇതിനോടകം ഹിയറിങ് പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ.രത്തൻ യു ഖേൽക്കർ പറഞ്ഞു. വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. വോട്ടർപട്ടിക ശുദ്ധീകരണത്തിൻ്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, ഹിയറിംഗിന് ശേഷം അയോഗ്യരായി കണ്ടെത്തുന്നത് വളരെ ചെറിയ ശതമാനം ആളുകളെ മാത്രമാണ്.നോട്ടീസ് ലഭിച്ച ഭൂരിഭാഗം പേരും കൃത്യമായ രേഖകൾ ഹാജരാക്കി തങ്ങളുടെ വോട്ടവകാശം ഉറപ്പിച്ചു. തുടക്കത്തിൽ 2002-ലെ ലിസ്റ്റുമായി മാപ്പ് ചെയ്യാൻ കഴിയാത്തവരെയും സാങ്കേതിക പിഴവുകൾ ഉള്ളവരെയുമാണ് നോട്ടീസ് നൽകി വിളിച്ചിരുന്നത്. ഹിയറിംഗിൽ ഇവർ നേരിട്ടെത്തി വ്യക്തത വരുത്തിയതോടെ അവർ പട്ടികയിൽ തുടരാൻ അർഹരായി. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 24.08 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് ഹിയറിംഗിന് മുൻപുള്ള കണക്കായിരുന്നു. ഇതിൽ ഉൾപ്പെട്ടവർക്ക് ഹിയറിംഗിലൂടെ പേര് തിരികെ ചേർക്കാൻ അവസരം നൽകിയിരുന്നു. ഹിയറിംഗ് നടപടികൾ ഫെബ്രുവരി 14-ഓടെ പൂർത്തിയാകും. അന്തിമ വോട്ടർപട്ടിക 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും
മുന്നില്‍ ആലപ്പുഴ
ആലപ്പുഴ ജില്ലയിലും ഇടമലക്കുടി പഞ്ചായത്തിലും ഹിയറിങ് പൂർത്തിയായി. കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ മൂന്ന് പോളിങ് സ്റ്റേഷനുകളിലെയും നോട്ടിസ് നൽകിയ മുഴുവൻ വോട്ടർമാരുടെയും ഹിയറിങ് പൂർത്തീകരിച്ചു. അർഹരായ മുഴുവൻ വോട്ടർമാരെയും ലിസ്റ്റിൽ ഉൾപെടുത്തുകയും ചെയ്‌തു. തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽ ഹിയറിങ് നടപടികൾ അവസാന ഘട്ടത്തിലാണ്.ഫെബ്രുവരി 12-ഓടെ എല്ലാ ജില്ലകളിലും ഹിയറിങ് പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരട്ട വോട്ടുകളും വ്യാജ വോട്ടുകളും ഇല്ലാത്ത സുതാര്യമായ വോട്ടർ പട്ടിക ഉറപ്പാക്കാനാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നു. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണം 2026 ഫെബ്രുവരി 21ന്.