എൻസിഇആർടി ഒമ്പതാം ക്ലാസ് പാഠ പുസ്‌തകത്തിൽ എസ്‌ഐആർ; വിമർശനവുമായി കോണ്‍ഗ്രസ്
ന്യൂഡൽഹി: എൻസിഇആർടിയുടെ ഒമ്പതാം ക്ലാസ് സാമൂഹ്യ ശാസ്‌ത്ര പാഠ പുസ്‌തകത്തിൽ എസ്‌ഐആറും ഉൾപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ചുള്ള അധ്യായത്തിലാണ് എസ്‌ഐആർ ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ്യരായ ഒരു പൗരനെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നില്ലെന്നും അയോഗ്യനായ ഒരു വ്യക്തിയെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉറപ്പാക്കുന്നതിനായാണ് വോട്ടർ പട്ടിക പരിഷ്‌കരണം നടത്തുന്നത് എന്നാണ് പാഠ പുസ്‌തകത്തിൽ പറയുന്നത്. "അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്" എന്ന പാഠഭാഗത്താണ് വോട്ടർ പട്ടിക പരിഷ്‌കരണത്തെക്കുറിച്ച് പരാമശിക്കുന്നത്.
എസ്‌ഐആറിലൂടെ 18 വയസ് തികഞ്ഞതും അവബോധക്കുറവ് കാരണം ഒഴിവാക്കപ്പെട്ടേക്കാവുന്നതുമായ യുവ വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും പാഠഭാഗത്ത് പറയുന്നു. വ്യാജ വാർത്തകൾ, തെറ്റായ വിവരങ്ങൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വെല്ലുവിളികൾക്കിടയിലും നിഷ്‌പക്ഷമായ വോട്ടെടുപ്പ് നടത്തിയതിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിഐ) എൻസിഇആർടി പാഠപുസ്‌തകത്തിൽ പ്രശംസിക്കുന്നുമുണ്ട്.
വോട്ടറുടെ മരണം, താമസസ്ഥലം മാറ്റം, ഡ്യൂപ്ലിക്കേറ്റ് എൻറോൾമെൻ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ എസ്‌ഐആർ വോട്ടർ പട്ടികയിൽ നിന്ന് പേര് മാറ്റുന്നുണ്ടെന്നും പുസ്‌കത്തിൽ പറയുന്നു. കൂടാതെ "പുതുക്കിയ വോട്ടർ പട്ടികയ്‌ക്കെതിരെ അവകാശവാദങ്ങളും എതിർപ്പുകളും ഉന്നയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം നൽകുന്നതായും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഈ അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിക്കുന്നതിനായി കമ്മീഷൻ സമയം നൽകുന്നുണ്ടെന്നും പാഠ പുസ്‌തകത്തിൽ പറയുന്നു,"
പഴയ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു അധ്യായത്തിൽ വോട്ടർ പട്ടികയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. "വോട്ടർ പട്ടികയുടെ പൂർണ്ണമായ പുനരവലോകനം ഓരോ അഞ്ച് വർഷം കൂടും തോറും നടക്കുന്നുണ്ടെന്നും അത് കാലികമായി നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് വോട്ടർ പട്ടിക" എന്നാണ് പാഠ ഭാഗത്ത് പറഞ്ഞിരുന്നത്. എന്നാൽ പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുസൃതമായി പാഠപുസ്തകം പരിഷ്‌കരിച്ചു. പുതിയ പാഠഭാഗത്ത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വ്യാപ്‌തിയേയും രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് നടത്തുന്നതിലെ ഇസിഐയുടെ പങ്കിനേയുമാണ് എടുത്തുകാണിക്കുന്നത്.
"ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ വ്യത്യസ്‌തമാണെന്നും വ്യത്യസ്ത പ്രദേശങ്ങളിലും ഭൂപ്രദേശങ്ങളിലുമായി 96.8 കോടിയിലധികം യോഗ്യരായ വോട്ടർമാർ ഇന്ത്യയിലുണ്ട് എന്നും" പുതിയ അധ്യായം പറയുന്നു. ഈ വിശാലമായ പ്രക്രിയ സ്വയം ഭരണാധികാരത്തോടെയാണ് ഇസിഐ കൈകാര്യം ചെയ്യുന്നതെന്നും "സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് നിരവധി വെല്ലുവിളികൾ ഉണ്ടെങ്കിലും ഒന്നിലധികം തലങ്ങളിൽ നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇസിഐ ശ്രമിക്കുന്നു" വെന്നും പാഠഭാഗത്ത് പറയുന്നു.