ഫോൺ വിളികൾ ബ്ലോക്ക് ചെയ്തു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കുത്തിവീഴ്ത്തി യുവാവ്

ഫോൺ വിളികൾ ബ്ലോക്ക് ചെയ്തു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കുത്തിവീഴ്ത്തി യുവാവ്

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനും സംസാരിക്കാൻ വിസമ്മതിച്ചതിനും 19കാരിയായ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് റോഡിലിട്ട് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു . ശരീരത്തിലുടനീളം 14 ഓളം കുത്തേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിയായ സുനിൽ ജരോലിയ (21) എന്ന യുവാവിനെ ഉജ്ജയിൻ പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തു.ഇന്ന് ഉച്ചയ്ക്ക് 12:45 ഓടെ നഗരത്തിലെ തിരക്കേറിയ പാതയിലായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. ഉജ്ജയിനിലെ ബാപ്പു നഗർ സ്വദേശിയും ബി.എ  ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ പൂജ എന്ന യുവതിയെയാണ് പ്രതി വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. മധവ് ക്ലബ്ബിന് സമീപത്തുവെച്ച് യുവതിയോട് സംസാരിക്കാൻ സുനിൽ ശ്രമിച്ചെങ്കിലും പൂജ ഇതിന് വിസമ്മതിച്ച് മുന്നോട്ടുനടന്നു. ഇതിൽ പ്രകോപിതനായ യുവാവ് കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ ആയുധം പുറത്തെടുത്ത് യുവതിയെ തുടർച്ചയായി കുത്തിവീഴ്ത്തുകയായിരുന്നു. നിലവിളിച്ചുകൊണ്ട് റോഡിൽ വീണ യുവതിയെ നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷപെടുത്തിയത്.നാല് വർഷം മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നത്. തുടർന്ന് സുനിൽ പ്രണയാഭ്യർത്ഥനയുമായി നിരന്തരം ശല്യം ചെയ്യാൻ തുടങ്ങിയതോടെ യുവതി ഇയാളിൽ നിന്നും അകലം പാലിക്കുകയും ആശയവിനിമയങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ പത്ത് ദിവസമായി യുവതി ഇയാളുടെ ഫോൺ കോളുകൾ പൂർണ്ണമായി ബ്ലോക്ക് ചെയ്തതാണ് പെട്ടെന്നുള്ള ക്രൂരമായ ആക്രമണത്തിന് പ്രകോപനമായതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.