"അധികാരത്തിലേറ്റിയ ഭഗവാൻ രാമൻ തന്നെ ബി.ജെ.പിയെ പുറത്താക്കും" : അരവിന്ദ് കെജ്‌രിവാൾ
ലഖ്നൗ: ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നത് ഭഗവാൻ ശ്രീരാമന്റെ പേര് ഉപയോഗിച്ചാണെന്നും എന്നാൽ, വഞ്ചന കാണിച്ച അവരെ ഭഗവാൻ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും മുൻ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ . അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വൻതോതിലുള്ള ക്രമക്കേടും കോടികളുടെ മോഷണവും നടന്നെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അയോധ്യ നേരിട്ട് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെയും വിദേശത്തെയും സാധാരണക്കാരായ ഭക്തർ ഭഗവാന് സമർപ്പിച്ച വിലപിടിപ്പുള്ള വജ്രങ്ങളും രത്നങ്ങളും സ്വർണ്ണ പാദുകങ്ങളും മാലകളും വരെ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടതായി കെജ്‌രിവാൾ ഗുരുതര ആരോപണമുന്നയിച്ചു. ഏകദേശം 200 കോടി രൂപ പണമായും 200 കിലോഗ്രാം വെള്ളിയും ക്ഷേത്രത്തിൽ നിന്ന് കാണാതായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ വൻ വിവാദങ്ങളെത്തുടർന്ന് അയോധ്യ ക്ഷേത്രത്തിൽ ദിവസേന ലഭിച്ചിരുന്ന സംഭാവന തുക 12-14 ലക്ഷം രൂപയിൽ നിന്ന് വെറും ഒരു ലക്ഷത്തിന് താഴെയായി കുത്തനെ കുറഞ്ഞു. ഇത് ജനങ്ങൾക്ക് നിലവിലെ ക്ഷേത്ര ഭരണത്തിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.