SIRവോട്ടര്‍ പട്ടിക പരിഷ്‌കരണം; ഫോം വിതരണത്തിൽ ഏറ്റവും പിന്നില്‍ കേരളം

SIRവോട്ടര്‍ പട്ടിക പരിഷ്‌കരണം;  ഫോം വിതരണത്തിൽ ഏറ്റവും പിന്നില്‍ കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം അതിവേഗം മുന്നോട്ട് നീങ്ങുമ്പോള്‍ കേരളവും മധ്യപ്രദേശും എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്യുന്നതിൽ ഏറ്റവും പിന്നിലെന്ന് കണക്കുകള്‍. 2002 ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടർ പട്ടിക പരിഷ്ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങൾ നിരവധിയാണെന്ന കേരളത്തിൻ്റെ വാദം നിലനിൽക്കെയാണ് ഫോം വിതരണത്തിൽ ഏറ്റവും പിന്നിലാണെന്ന കണക്കുകള്‍ പുറത്ത് വരുന്നത്.

ഇലക്ഷൻ കമ്മിഷൻ തന്നെ പുറത്തുവിട്ട കണക്കുകളിലാണ് വിശദാംശങ്ങളുള്ളത്. ബിഹാറിനു പിന്നാലെ രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പാക്കുന്ന തീവ്ര വോട്ടര്‍പട്ടികാ പരിഷ്‌കരണം ഒരാഴ്‌ച പിന്നിടുമ്പോള്‍, അതിവേഗം പുരോഗമിക്കുകയാണ്. നവംബര്‍ നാലിന് ആരംഭിച്ച പുതുക്കല്‍ നടപടികള്‍ ഡിസംബര്‍ നാല് വരെ നീളും. വോട്ടര്‍മാര്‍ക്ക് എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്യുന്ന ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.ഇതില്‍ ഗോവയും ലക്ഷദ്വീപും മുഴുവന്‍ വോട്ടര്‍മാര്‍ക്കും എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്‌തു കഴിഞ്ഞു. ഈ രണ്ടിടത്തും നൂറു ശതമാനം ഫോമുകളും വോട്ടര്‍മാരിലെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തില്‍ 94.27 ശതമാനം വോട്ടര്‍മാരിലും എന്യൂമറേഷന്‍ ഫോമുകള്‍ എത്തിച്ചു.

കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ 93.41 ശതമാനം ഫോമുകളും വിതരണം ചെയ്‌തു കഴിഞ്ഞു. എസ്‌ഐആർ നടപ്പാക്കുന്നതിനെ അതിശക്തമായി എതിര്‍ക്കുന്ന പശ്ചിമ ബംഗാളില്‍ എന്യൂമറേഷന്‍ ഫോം വിതരണം 93.22 ശതമാനം പൂര്‍ത്തിയായി. കേരളവും മധ്യപ്രദേശുമാണ് ഫോം വിതരണത്തില്‍ പിന്നിലുള്ളത്.

കേരളത്തില്‍ ആകെ രണ്ട് കോടി എഴുപത്തെട്ട് ലക്ഷത്തി അമ്പതിനായിരത്തി എണ്ണൂറ്റമ്പത്തഞ്ച് (27850855) വോട്ടര്‍മാരുള്ളതില്‍ 62.50 ശതമാനം പേര്‍ക്ക് മാത്രമാണ് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്‌തത്. 24468 ബൂത്ത് ലെവല്‍ ഓഫിസര്‍മാരാണ് ( ബിഎല്‍ഒ) കേരളത്തില്‍ ഫോം വിതരണം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച 54624 ബൂത്ത് ലെവല്‍ ഏജന്‍റുമാരും ഇവര്‍ക്കൊപ്പം എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നതില്‍ പങ്കാളികളായുണ്ട്.എസ്‌ഐആറിനെ എതിര്‍ക്കുന്ന തമിഴ്‌നാട്ടില്‍ 81.37 ശതമാനം വോട്ടര്‍മാര്‍ക്കും ഫോമുകള്‍ എത്തിച്ചു. 2025 ഒക്ടോബര്‍ 27 വച്ച് നിലവിലുള്ള വോട്ടർമാർക്കാണ് ഓരോ സംസ്ഥാനത്തും എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നത്. ഉത്തര്‍പ്രദേശ് 79.89 ശതമാനം, രാജസ്ഥാന്‍ 86.82 ശതമാനം, ഛത്തീസ്‌ഗഡ് 78.41 ശതമാനം, മധ്യപ്രദേശ് 74.41 ശതമാനം, അന്‍ഡമാന്‍ നിക്കോബര്‍ 89.81 ശതമാനം, എന്നിങ്ങനെയാണ് എന്യൂമറേഷന്‍ ഫോം വിതരണത്തിന്‍റെ പുരോഗതി.വ്യാഴാഴ്‌ച മൂന്ന് മണി വരെയുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തു വിട്ടിരിക്കുന്നത്. അതേസമയം എസ്ഐആർ നീട്ടിവയ്ക്ക‌ണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെര‍ഞ്ഞെടുപ്പ് നടക്കുന്നതിനിടെ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നിർത്തിവയ്ക്ക‌ണമെന്നതാണ് സർക്കാരിൻ്റെ ആവശ്യം.സുരക്ഷാ ജീവനക്കാരെയും മറ്റ് സർക്കാർ ജീവനക്കാരെയും തെരഞ്ഞെടുപ്പ് ജോലികൾക്കായി വിട്ട് നൽകുന്നതിനിടെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനായി അധിക ജീവനക്കാരെ വിട്ട് നൽകാൻ കഴിയില്ല. ഇത് സർക്കാർ ഓഫിസുകളിലെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും സർക്കാർ വാദിക്കുന്നു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ ആദ്യഘട്ട വിവരങ്ങളും പുറത്ത് വന്നിട്ടുള്ളത്.