കല്യാൺ സ്റ്റേഷനിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

മുംബൈ: കല്യാൺ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അഞ്ജാതൻ തട്ടിക്കൊണ്ടുപോയി!!. കനത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കെയാണ് നഗരത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. 21-കാരിയായ റോഷ്നി സൂരജ് സാഹുവിന്റെ മകൻ ആര്യനെയാണ് തട്ടിക്കൊണ്ടുപോയത്.കുടുംബപരമായ തർക്കങ്ങളെത്തുടർന്നാണ് യുവതിക്ക് ഈ ദുരവസ്ഥ ഉണ്ടായത്. ഗുജറാത്തിലെ വാപിയിലായിരുന്ന റോഷ്നി, ഭർത്താവ് സൂരജ് സാഹുവുമായുണ്ടായ കടുത്ത വഴക്കിനെത്തുടർന്ന് കുഞ്ഞുമായി ട്രെയിൻ കയറി കല്യാൺ സ്റ്റേഷനിൽ എത്തിയതായിരുന്നു. തുടർന്ന് എങ്ങോട്ട് പോകണമെന്നറിയാതെ കല്യാൺ സ്റ്റേഷനിലെ ഫ്ലൈഓവറിന് സമീപം കുഞ്ഞുമായി ഇരിക്കുകയായിരുന്നു. യാത്രയുടെ ക്ഷീണം കാരണം റോഷ്നി അവിടെയിരുന്ന് ഉറങ്ങിപ്പോയ സന്ദർഭം മുതലെടുത്താണ്കുഞ്ഞിനെ അഞ്ജാതർ കവർന്നത്.കുഞ്ഞിനോടോപ്പം റോഷ്നിയുടെ മടിയിലുണ്ടായിരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചാണ് അജ്ഞാതൻ റെയിൽവേ സ്റ്റേഷനിൽ നിന്നും കടന്നുകളഞ്ഞത്. ഉറക്കമുണർന്നപ്പോൾ കുഞ്ഞിനെയും ഫോണിനെയും കാണാതായതിനെ തുടർന്ന് യുവതി സ്റ്റേഷനിൽ നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു.
സംഭവത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ , മോഷണം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരം മഹാത്മാ ഫൂലെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയെ എത്രയും വേഗം കണ്ടെത്താനായി നാല് പ്രത്യേക അന്വേഷണ സംഘങ്ങൾ (SIT) രൂപീകരിച്ചതായി കല്യാൺ ഡി.സി.പി അറിയിച്ചു.
റെയിൽവേ സ്റ്റേഷനിലെയും പരിസരത്തെ ബസ് സ്റ്റാൻഡുകളിലെയും മുഴുവൻ സി.സി.ടി.വി (CCTV) ദൃശ്യങ്ങളും പോലീസ് സംഘം അടിയന്തരമായി ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പ്രാദേശിക ഓട്ടോ ഡ്രൈവർമാർ, തെരുവ് കച്ചവടക്കാർ, പ്ലാറ്റ്ഫോമിലെ ജീവനക്കാർ എന്നിവരെയും പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്. കുഞ്ഞിന്റെ ജീവന് അപകടമൊന്നും വരുത്താതെ പ്രതിയെ അതിവേഗം പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.