രാഷ്ട്രപതിക്കൊപ്പമുള്ള ഔദ്യോഗിക ബിസിനസ് പ്രതിനിധിസംഘത്തിൽ ഡോ. സുരേഷ്‌കുമാർ മധുസൂദനനും

മുംബൈ:: മോൾഡോവയിലേക്കും റൊമാനിയയിലേക്കും ഇന്ത്യൻ രാഷ്ട്രപതി നടത്തുന്ന ഔദ്യോഗിക സന്ദർശനത്തിൽ, അവരെ അനുഗമിക്കുന്ന ഇന്ത്യൻ ബിസിനസ് പ്രതിനിധിസംഘത്തിൽ സീഗൾ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറും മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനുമായ ഡോ. സുരേഷ് കുമാറും ഉണ്ടാകും.
ഒരു ഇന്ത്യൻ രാഷ്ട്രപതി ആദ്യമായി മോൾഡോവ സന്ദർശിക്കുന്നു എന്ന പ്രത്യേകതയും, മൂന്ന് പതിറ്റാണ്ടിന് ശേഷo റൊമാനിയയിലേക്ക് ഒരു ഇന്ത്യൻ രാഷ്ട്രതല സന്ദർശനം നടത്തുന്നുഎന്ന ചരിത്രപ്രാധാന്യവും ഈ സന്ദർശനത്തിനുണ്ട്. ഇന്ത്യയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, നിർമ്മാണം, ഊർജം, നൈപുണ്യ വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയുടെ രാഷ്ട്രപതിക്കൊപ്പമുള്ള ഈ ബിസിനസ് പ്രതിനിധിസംഘത്തിൽ ഇടംനേടിയത് അന്താരാഷ്ട്ര റിക്രൂട്ട്മെന്റ്, നൈപുണ്യ വികസനം, അന്താരാഷ്ട്ര വ്യവസായ സഹകരണം എന്നീ മേഖലകളിൽ ഡോ. സുരേഷ്‌കുമാർ നാല് പതിറ്റാണ്ടിലേറെയായി നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
"ഇന്ത്യയുടെ ബഹുമാനപ്പെട്ട രാഷ്ട്രപതിക്കൊപ്പമുള്ള ഈ വിശിഷ്ട ബിസിനസ് പ്രതിനിധിസംഘത്തിൽ അംഗമാകാൻ അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ്. ഈ അവസരം നൽകിയ ഭാരത സർക്കാരിനോട് ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ഇന്ത്യ, മോൾഡോവ, റൊമാനിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, നിക്ഷേപം, നൈപുണ്യ വികസനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിക്കുന്നതിനും ഈ സന്ദർശനം സഹായകരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു."-ഡോ. സുരേഷ്‌കുമാർ 'വേൾഡ് എം ന്യൂസി'നോട് പറഞ്ഞു.
ഡോ. സുരേഷ്‌കുമാർ മധുസൂദനൻ്റെ ഈ ശ്രദ്ധേയമായ നേട്ടത്തിൽ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിൻ്റെ മാനേജ്മെന്റും ജീവനക്കാരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.
1985-ൽ സ്ഥാപിതമായ 'സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പി'ലൂടെ മുപ്പതിലധികം രാജ്യങ്ങളിലേക്ക് മൂന്ന് ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് അന്താരാഷ്ട്ര തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിൽ ഡോ. സുരേഷ്‌കുമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സുതാര്യവും നൈതികവുമായ റിക്രൂട്ട്മെന്റ് രീതികളും നൈപുണ്യ വികസന പ്രവർത്തനങ്ങളും ആഗോള നിലവാരത്തിൽ ഇന്ത്യൻ പ്രതിഭകളെ വളർത്തിയെടുക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ദീർഘദർശിത്വവും ദേശീയ-അന്തർദേശീയ തലങ്ങളിൽ സീഗളിന് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.