FIFA WORLD CUP2026: അർജന്‍റീനൻ ആക്രമണത്തെ നിഷ്പ്രഭമാക്കി,കളിക്കളത്തിൽ സ്‌പെയിനിൻ്റെ സർവ്വാധിപത്യം

ന്യൂജേഴ്‌സി: ലോകകപ്പ് ഫൈനലിൽ 10 പേരുമായി ചുരുങ്ങിപ്പോയ അർജന്‍റീനയെ 116-ാം മിനിറ്റിൽ ഫെരാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ തകർത്തത്. സ്കോർബോർഡിൽ 1-0 എന്ന ചെറിയ വ്യത്യാസമേ കാണാനുള്ളൂ എങ്കിലും, കളി നടന്ന 120 മിനിറ്റും സ്പെയിനിന്‍റെ സമ്പൂർണ്ണ ആധിപത്യത്തിനായിരുന്നു ഗാലറി സാക്ഷ്യം വഹിച്ചത്. 2010-ൽ ആന്ദ്രേ ഇനിയേസ്റ്റയുടെ എക്സ്ട്രാ ടൈം ഗോളിൽ ഹോളണ്ടിനെ വീഴ്ത്തി ആദ്യ കിരീടം നേടിയ സ്പെയിൻ, 16 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ രണ്ടാം ലോകകിരീടമാണ് അമേരിക്കൻ മണ്ണിൽ ഉയർത്തിയത്.
ടൂർണമെന്‍റിലുടനീളം രാജകീയ പ്രകടനം പുറത്തെടുത്ത ലയണൽ മെസ്സിയുടെ അർജന്‍റീനയ്ക്ക് ഫൈനലിൽ എവിടെയാണ് പിഴച്ചത്? ലാ റോജയ്ക്ക് മുന്നിൽ അർജന്‍റീന കിരീടം അടിയറവ് വെക്കാനുണ്ടായ 5 പ്രധാന കാരണങ്ങൾ പരിശോധിക്കാം.
ഫൈനലിന് മുൻപ് വരെ 8 ഗോളുകളുമായി അർജന്‍റീനയെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ച മെസ്സിയെ സ്‌പാനിഷ് പ്രതിരോധ നിര കൃത്യമായി പൂട്ടിക്കെട്ടി. മത്സരത്തിൽ മെസ്സിക്ക് തന്‍റെ സ്വാഭാവിക കളി പുറത്തെടുക്കാൻ സ്പെയിൻ ഒട്ടും സ്ഥലം അനുവദിച്ചില്ല. ഒരു സൂപ്പർ താരം എന്ന നിലയിൽ ടീമിനെ കളിപ്പിക്കാൻ മെസ്സിക്ക് സാധിച്ചതുമില്ല. മത്സരത്തിലെ മെസ്സിയുടെ ഗോൾ നേടാനുള്ള സാധ്യത വെറും 0.04 മാത്രമായിരുന്നു. കളിയിലുടനീളം സഹതാരങ്ങൾക്ക് ഒരു കീ-പാസ് പോലും നൽകാൻ മെസ്സിക്ക് സാധിച്ചില്ല. മെസ്സിയെ മാത്രം അമിതമായി ആശ്രയിച്ച് കളിച്ച അർജന്‍റീനയ്ക്ക്, അദ്ദേഹം നിശ്ശബ്ദനായതോടെ മറ്റ് വഴികളില്ലാതെയായി.

മിഡ്‌ഫീൽഡിൽ സ്പെയിനിന്‍റെ സമ്പൂർണ്ണ ആധിപത്യം
ഈ ലോകകപ്പിലുടനീളം സ്പെയിനിന്‍റെ ഏറ്റവും വലിയ കരുത്ത് അവരുടെ മധ്യനിരയായിരുന്നു. ഫൈനലിലും കളിയിലെ താളം നിശ്ചയിച്ചത് സ്പാനിഷ് മിഡ്‌ഫീൽഡർമാരാണ്. അർജന്‍റീനൻ താരങ്ങൾക്ക് പന്ത് കൈവശം വെക്കാൻ അവർ ഒട്ടും സമയം നൽകിയില്ല. അതിവേഗത്തിൽ പന്ത് കൈമാറുന്ന സ്പെയിനിന്‍റെ ടാക്റ്റിക്‌സ് മാത്രമല്ല ഫൈനലിൽ കണ്ടത്. അർജന്‍റീനയുടെ പക്കൽ നിന്നും അതിവേഗം പന്ത് തട്ടിയെടുക്കാനുള്ള സ്‌പാനിഷ് താരങ്ങളുടെ കഴിവും അർജന്‍റീനയുടെ മധ്യനിരയെ പൂർണ്ണമായും നിഷ്പ്രഭമാക്കി.
ലിസാൻഡ്രോ മാർട്ടിനസിന്‍റെ പരിക്ക്
ഈ ടൂർണമെന്‍റില്‍ അർജന്‍റീനയുടെ പ്രതിരോധ കോട്ട കാത്തത് ലിസാൻഡ്രോ മാർട്ടിനസ് - ക്രിസ്റ്റ്യൻ റൊമേറോ സഖ്യമായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മാർട്ടിനസിന് പരിക്കേറ്റത് കോച്ച് ലയണൽ സ്കലോണിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. മാർട്ടിനസിന് പകരം ഗ്രൂപ്പ് ഘട്ടത്തിൽ ഒരൊറ്റ കളിയിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങിയ 38 കാരനായ നികോളാസ് ഒട്ടാമെൻഡിയെ സ്കലോണിക്ക് കളത്തിലിറക്കേണ്ടി വന്നു. ഇത് ടീമിന്‍റെ മൊത്തത്തിലുള്ള ബാലൻസിനെ ബാധിച്ചു. പ്രതിരോധത്തിൽ നിന്ന് പന്ത് കൃത്യമായി മുന്നോട്ട് കൊണ്ടുപോകാനുള്ള മാർട്ടിനസിന്‍റെ വേഗതയും കഴിവും ഇതോടെ അർജന്‍റീനയ്ക്ക് നഷ്ടമായി.
എൻസോ ഫെർണാണ്ടസിന്‍റെ ചുവപ്പ് കാർഡ്
മത്സരം നിശ്ചിത സമയത്ത് ഗോൾരഹിതമായി അവസാനിക്കാനിരിക്കെയാണ് അർജന്‍റീനയ്ക്ക് മാരകമായ പ്രഹരമേൽക്കുന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ (93-ാം മിനിറ്റ്) പോ കുബാർസിയെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്‌തതിന് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡും വാങ്ങി പുറത്തുപോയി. ടൂർണമെന്‍റില്‍ ഉടനീളം വെറും ഒരു ഗോൾ മാത്രം വഴങ്ങി ശീലിച്ച സ്പെയിൻ പ്രതിരോധത്തിനെതിരെ, ഒരാളുടെ കുറവുമായി എക്സ്ട്രാ ടൈം കളിക്കുക എന്നത് അർജന്‍റീനയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ ആ കളിക്കാരന്‍റെ കുറവ് മുതലെടുത്ത് എക്സ്ട്രാ ടൈമിന്‍റെ 116-ാം മിനിറ്റിൽ ഫെരാൻ ടോറസ് അർജന്‍റീനയുടെ നെഞ്ച് തകർത്ത് വിജയഗോൾ നേടുകയും ചെയ്‌തു.
നിഷ്പ്രഭമായ അർജന്‍റീനൻ ആക്രമണം
ഫൈനലിന് മുൻപ് ടൂർണമെന്‍റില്‍ ഏറ്റവും കൂടുതൽ ഗോൾ (19 ഗോളുകൾ) അടിച്ചുകൂട്ടിയ റെക്കോർഡുമായാണ് അർജന്‍റീന കളത്തിലിറങ്ങിയത്. എന്നാൽ ഫൈനലിലെ ആദ്യ 90 മിനിറ്റിൽ സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ അർജന്‍റീനയ്ക്ക് കഴിഞ്ഞില്ല, ഒരു ഷോട്ട് ഓൺ ടാർഗെറ്റ് പോലും അവർക്ക് നേടാനായില്ല. മത്സരത്തിലുടനീളം അർജന്‍റീന വെറും 2 ഷോട്ടുകൾ മാത്രമടിച്ചപ്പോൾ, സ്പെയിൻ അർജന്‍റീനൻ ഗോൾമുഖത്തേക്ക് തൊടുത്തത് 20 ഷോട്ടുകളാണ് (അതിൽ 12 എണ്ണം ഓൺ ടാർഗെറ്റ് ആയിരുന്നു). അർജന്‍റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്‍റെ റെക്കോർഡ് പ്രകടനമാണ് (12 സേവുകൾ) തോൽവിയുടെ ആഘാതം കുറച്ചത്.
Leandro Paredes engages in a fight after the FIFA World Cup 2026 final
