അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് റീൽസ് പിടുത്തം ; ചൈനീസ് പൗരനെ കൈയ്യോടെ പൊക്കി എസ്‌എസ്‌ബി

ലഖ്‌നൗ: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ചൈനീസ് പൗരൻ അറസ്റ്റിൽ. ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ നിയമവിരുദ്ധമായി പ്രവേശിക്കുകയും, ഈ പ്രദേശം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്‌ത 49 കാരനായ ചൈനീസ് പൗരനെയാണ് എസ്‌എസ്‌ബി (സശസ്ത്ര സീമ ബൽ) അറസ്റ്റ് ചെയ്‌തത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ രൂപൈദിഹ ചെക്ക്‌പോസ്റ്റിൽ തിങ്കാളാഴ്‌ച ചൈനീസ് പൗരനെ അറസ്റ്റ് ചെയ്‌തതായി എസ്‌എസ്‌ബി ഉദ്യോഗസ്ഥർ പറഞ്ഞു.അറസ്റ്റിലായ ചൈനീസ് പൗരൻ പാകിസ്ഥാനിലേക്ക് യാത്ര ചെയ്‌തിരുന്നുവെന്നും ഇയാളെ ചോദ്യം ചെയ്‌തുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാകിസ്ഥാൻ, ചൈനീസ്, നേപ്പാൾ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ കറൻസികൾ ഇയാളിൽ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം പറഞ്ഞു.
"നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച ഇയാൾ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഒരു അതിർത്തി പ്രദേശം വീഡിയോയിൽ പകർത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്‌തത് " എന്ന് എസ്എസ്ബിയുടെ 42-ാം ബറ്റാലിയൻ്റെ കമാൻഡർ ഗംഗാ സിംഗ് ഉദാവത് പറഞ്ഞു.അറസ്റ്റിലായ ചൈനീസ് പൗരൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ താമസിക്കുന്ന ലിയു കുൻജിംഗ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള രേഖകൾ ഇയാളുടെ പക്കലില്‍ ഇല്ലായിരുന്നു. മൂന്ന് മൊബൈൽ ഫോണുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. അതിലൊന്നിൽ ഇന്ത്യൻ പ്രദേശത്തെ നിരവധി സെൻസിറ്റീവ് (നിരോധിത പ്രദേശം) സ്ഥലങ്ങളുടെ വീഡിയോകൾ അടങ്ങിയിട്ടുണ്ട്" എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു." അയാളുടെ പക്കൽ നിന്ന് നേപ്പാളിൻ്റെ ഒരു ഭൂപടം കണ്ടെത്തി. ഭൂപടത്തിൽ എല്ലാം ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. എന്നാൽ ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലെന്നാണ് അറസ്റ്റിലായ കുൻജിംഗ് ആംഗ്യങ്ങളിലൂടെ സൂചിപ്പിച്ചത്. എസ്എസ്ബിയും പൊലീസും മറ്റ് സുരക്ഷ ഏജൻസികളും ചൈനീസ് അറിയാവുന്ന ഒരാളുടെ സഹായത്തോടെ കുൻജിംഗിനെ ചോദ്യം ചെയ്‌തു. ചൈനീസ് പൗരൻ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി" എന്ന് കമാൻഡർ പറഞ്ഞു.
പാകിസ്ഥാനിലേക്കുള്ള യാത്രകൾ, മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടന്നത്, സെൻസിറ്റീവ് സ്ഥലങ്ങളുടെ വീഡിയോ ചിത്രീകരണം, കണ്ടെടുത്ത മാപ്പ് ഇംഗ്ലീഷിലായിരുന്നിട്ടും ചോദ്യം ചെയ്യലിൽ ഇംഗ്ലീഷിനെക്കുറിച്ചുള്ള പരിജ്ഞാനക്കുറവ് എന്നിവയുടെ അടിസ്ഥാനത്തിൽ കുൻജിംഗ് നിരീക്ഷണത്തിലാണെന്നും കമാൻഡർ വ്യക്തമാക്കി.പിടിയിലായ ചൈനീസ് പൗരനെ പൊലീസിന് കൈമാറിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. റുപൈദിഹ പൊലീസ് സ്റ്റേഷനിൽ വിദേശ നിയമത്തിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അറസ്റ്റ് രേഖപ്പെടുത്തി. സുരക്ഷ ഏജൻസികളുടെ പ്രാഥമിക അന്വേഷണത്തിൽ കുൻജിംഗ് നവംബർ 15 ന് ചൈനയിൽ നിന്ന് നേപ്പാളിലേക്ക് പ്രവേശിച്ചതായി കണ്ടെത്തി. നവംബർ 22 ന് നേപ്പാളിലെ ഒരു നഗരമായ നേപ്പാൾഗഞ്ചിൽ എത്തിയ ശേഷം നവംബർ 24 ന് റുപൈദിഹ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ അറിയാൻ കഴിയൂവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.