സുനില്‍ അമൃതിന് ബ്രിട്ടീഷ് അക്കാഡമി ബുക്ക് പുരസ്‌കാരം

ലണ്ടന്‍: ഇക്കൊല്ലത്തെ ബ്രിട്ടീഷ് അക്കാഡമി ബുക്ക് പ്രൈസിന് ഇന്ത്യന്‍ വംശജനായ സുനില്‍ അമൃതിന്‍റെ ' ബേണിങ് ഏര്‍ത്ത് ആന്‍ എന്‍വയോണ്‍മെന്‍റല്‍ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 500 ഇയേഴ്‌സ്' അര്‍ഹമായി. 25,000പൗണ്ടാണ് പുരസ്‌ക്കാരത്തുക. ലോകത്തിലെ ഏറ്റവും മികച്ച കഥേതര (നോണ്‍ ഫിക്ഷന്‍)വിഭാഗത്തിലുള്ള പുസ്‌തകത്തിന് നല്‍കുന്ന പുരസ്‌കാരമാണിത്.അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ ചരിത്ര അധ്യാപകനാണ് അമൃത്. ദക്ഷിണേന്ത്യക്കാരായ മാതാപിതാക്കളുടെ മകനായി കെനിയയിലാണ് അദ്ദേഹം ജനിച്ചത്. സിംഗപ്പൂരില്‍ വളര്‍ന്ന അമൃത് ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ് സര്‍വകലാശാലയില്‍ നന്ന് ബിരുദം നേടി.കാലാവസ്ഥ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായും വായിക്കേണ്ട പുസ്‌തകമാണ് ഇതെന്നാണ് ജൂറി വിലയിരുത്തിയത്. കഴിഞ്ഞ ദിവസം ലണ്ടനിലെ ബ്രിട്ടീഷ് അക്കാഡമിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചു.
ബേണിങ് എര്‍ത്ത് പ്രതീക്ഷയില്ലാത്ത ഒരുപുസ്‌തകമാണയെന്ന് താന്‍ പലവട്ടം സ്വയം ചോദിച്ചിട്ടുണ്ടെന്ന് അമേരിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ അമൃത് പിടിഐയോട് പറഞ്ഞു. പരിസ്ഥിതിയും മനുഷ്യനും നേരിടുന്ന ദോഷങ്ങളും ബുദ്ധിമുട്ടുകളും ഈ പുസ്‌തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. രണ്ടും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പുസ്‌തകത്തില്‍ എടുത്ത് കാട്ടിയിട്ടുണ്ട്.മനുഷ്യ ചരിത്രവും പാരിസ്ഥിതിക മാറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ ആഴത്തില്‍ ഈ പുസ്‌തകം വിശകലനം ചെയ്യുന്നതായി പുരസ്‌കാരപ്രഖ്യാപനം നടത്തിയ ജൂറി അധ്യക്ഷ ബ്രിട്ടീഷ് ചരിത്രകാരിയും പ്രൊഫസറുമായ റെബേക്ക ഏര്‍ലി ചുണ്ടിക്കാട്ടി. അതിമനോഹരവും വിശദവുമായാണ് ഇത് വിവരിക്കുന്നത്. ഇന്നത്തെ കാലാവസ്ഥ പ്രതിസന്ധിയുടെ ഉത്ഭവത്തെക്കുറിച്ച് മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിക്കേണ്ട പുസ്‌തകമാണിതെന്നും അവര്‍ പറഞ്ഞു.അമൃത് മികച്ച പണ്ഡിതനാണ്. അദ്ദേഹത്തിന്‍റെ ആഗോള കാഴ്‌ചപ്പാടുകള്‍ മനുഷ്യ ചരിത്രത്തില്‍ പരിസ്ഥിതി ഉണ്ടാക്കിയ ആഘാതങ്ങള്‍ വെളിപ്പെടുത്തുന്നു. ഒപ്പം നമ്മള്‍ പരിസ്ഥിതിയിലുണ്ടാക്കിയ ആഘാതവും വ്യക്തമാക്കുന്നു. അതായത് ഇവ രണ്ടുംപരസ്‌പരം വേര്‍തിരിക്കാനാകില്ലെന്നും റെബേക്ക ചൂണ്ടിക്കാട്ടുന്നു.