മുംബൈ ഉപനഗരങ്ങളുടെ ഓണററി വന്യജീവി വാർഡനായി സുനിഷ് സുബ്രഹ്മണ്യൻ കുഞ്ചു

മുംബൈ: വന്യജീവി സംരക്ഷണം, മൃഗക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ ദീർഘകാലമായി നടത്തിയ ശ്രദ്ധേയമായ സേവനങ്ങൾ പരിഗണിച്ച് മഹാരാഷ്ട്ര വനവകുപ്പ് , സുനിഷ് സുബ്രഹ്മണ്യൻ കുഞ്ചുവിനെ മുംബൈ ഉപനഗരങ്ങളുടെ ഓണററി വന്യജീവി വാർഡനായി നിയമിച്ചു.പാലക്കാട് സ്വദേശിയാണ് സുനീഷ് .
'അമ്മ കെയർ ഫൗണ്ടേഷൻ ' പ്രസിഡന്റും, പ്ലാന്റ് ആൻഡ് ആനിമൽസ് വെൽഫെയർ സൊസൈറ്റിയുടെ മുംബൈ സെക്രട്ടറിയും, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ ആനിമൽ പ്രൊട്ടക്ഷൻ്റെ മഹാരാഷ്ട്ര സംസ്ഥാന പ്രതിനിധി (വന്യജീവി സംരക്ഷണവും പരിപാലനവും)യുമാണ് സുനിഷ് സുബ്രഹ്മണ്യൻ കുഞ്ചു.
വിദ്യാർത്ഥിയായിരുന്ന കാലം മുതൽ വന്യജീവി സംരക്ഷണം, മൃഗക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന സുനീഷ് കഴിഞ്ഞ 28 വർഷത്തിലേറെയായി മുംബൈയിലും പരിസര പ്രദേശങ്ങളിലും വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വൃക്ഷസംരക്ഷണം എന്നിവയ്ക്കായി ശ്രദ്ധേയമായ സേവനങ്ങൾ നിർവഹിച്ചുവരുന്നു.അതോടൊപ്പം ഈ മേഖലയിൽ വിവിധ നിയമപരവും സർക്കാർ സംവിധാനങ്ങളുമായും സഹകരിച്ച് പ്രവർത്തിച്ചുവരുന്നുമുണ്ട് . ഇന്ത്യൻ മൃഗക്ഷേമ ബോർഡിന്റെ ഓണററി മൃഗക്ഷേമ പ്രതിനിധിയായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു. കൂടാതെ, ബോംബെ ഹൈക്കോടതിയും മഹാരാഷ്ട്ര സർക്കാരും രൂപീകരിച്ച മഹാരാഷ്ട്ര മൃഗക്ഷേമ നിയമങ്ങൾ നിരീക്ഷിക്കുന്ന സമിതിയുടെ ഓണററി മൃഗക്ഷേമ ഓഫീസറായും പ്രവർത്തിച്ചുവരുന്നു.
മുംബൈ ഓണററി വന്യജീവി വാർഡനായി നേരത്തെ രണ്ടുതവണപ്രവർത്തിച്ചിരുന്ന അദ്ധേഹം ആ കാലയളവിൽ വനവകുപ്പിനും മറ്റ് നിയമ നിർവഹണ ഏജൻസികൾക്കും വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, വേട്ടയാടൽ വിരുദ്ധ നടപടികൾ, വന്യജീവി കുറ്റകൃത്യങ്ങളുടെ അന്വേഷണം, പരിശോധനകൾ, മൃഗങ്ങളോടുള്ള ക്രൂരത സംബന്ധിച്ച കേസുകൾ എന്നിവയിൽ വിലപ്പെട്ട സഹകരണം നൽകിയിട്ടുണ്ട്.വന്യജീവി സംരക്ഷണം, മൃഗക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും പ്രശസ്തിപത്രങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ റെക്കോർഡ് ഗ്രന്ഥങ്ങളിലും ഇടം നേടിയിട്ടുണ്ട്.
വന്യജീവി സംരക്ഷണം, വന്യജീവി രക്ഷാപ്രവർത്തനം, മൃഗക്ഷേമം, വന്യജീവി കുറ്റകൃത്യങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനോ സഹായം തേടാനോ പൊതുജനങ്ങൾക്ക് സുനിഷ് സുബ്രഹ്മണ്യൻ കുഞ്ചുവിനെ +91 98334 80388 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.