ഓപ്പറേഷൻ തൂഫാൻ : "ലഹരി വിപത്തിനെ നേരിടാൻ അമ്മമാരുടെ പിന്തുണ അനിവാര്യം " : രമേശ് ചെന്നിത്തല

 ഓപ്പറേഷൻ തൂഫാൻ : "ലഹരി വിപത്തിനെ നേരിടാൻ അമ്മമാരുടെ പിന്തുണ അനിവാര്യം " : രമേശ് ചെന്നിത്തല

കൊല്ലം: യുവതലമുറയെ തളർത്തി കുടുംബങ്ങളെ ശിഥിലമാക്കുന്ന ലഹരി വിപത്തിനെ ചെറുക്കാൻ അമ്മമാരുടെ പിന്തുണ അനിവാര്യമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ജില്ലാ സിറ്റി പൊലീസിൻ്റെ ആഭിമുഖ്യത്തിൽ സി കേശവൻ സ്‌മാരക ടൗൺഹാളിൽ സംഘടിപ്പിച്ച ജ്വാല 2026 വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരി വിപത്തിൽ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സ്ത്രീകൾക്ക് എല്ലാവിധ പിന്തുണയും ഓപ്പറേഷൻ തൂഫാൻ പദ്ധതി നൽകുന്നു. ലഹരി വില്‍പ്പനയും വ്യാപനവും തടയുന്നതിനൊപ്പം ലഹരി വിമുക്തിയും പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. ലഹരിയുടെ കരാളഹസ്‌തങ്ങളിൽ നിന്ന് ചെറുപ്പം മുതലേ കുട്ടികളെ മാറ്റി നിർത്താൻ അമ്മമാർക്ക് കഴിയും. ഓപ്പറേഷൻ തൂഫാൻ ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ വിജയമായത് സ്ത്രീ സമൂഹത്തിൻ്റെ പിന്തുണ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പൊലീസ് സേനയുടെ പ്രവർത്തനം പ്രശംസനീയം" :  ബിന്ദു കൃഷ്‌ണ

ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി വിപത്തിനെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന പൊലീസ് സേനയുടെ പ്രവർത്തനം പ്രശംസനീയമാണെന്ന് ചടങ്ങിൽ അധ്യക്ഷയായ വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ. പ്രിയപ്പെട്ടവർ ലഹരിക്ക് അടിമപ്പെടുമ്പോൾ വീട്ടകങ്ങളിലെ സ്ത്രീകളും ഇരകളാകുമെന്നും അതിനാൽ പദ്ധതിയിലൂടെ സ്ത്രീകളുടെ സംരക്ഷണവും ഉറപ്പാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, ലഹരി വിപത്തിനെതിരെയുള്ള പോരാട്ടം എന്ന വലിയ ദൗത്യത്തിന് പൊതുസമൂഹം കൂടുതൽ പിന്തുണ നൽകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാംസ്‌ക്കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്‌ണുനാഥ് പറഞ്ഞു. ലഹരി വിപത്തിനെതിരെ കായിക-കലാ പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും മന്ത്രി അറിയിച്ചു. തുടർന്ന് മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പ്രൊമോ വീഡിയോ തയ്യാറാക്കിയ അണിയറ പ്രവർത്തകരെ തൂഫാൻ ബാഡ്‌ജ് അണിയിക്കുകയും ചെയ്‌തു.

ചടങ്ങിൽ പങ്കെടുത്തത് വിശിഷ്‌ടാതിഥികൾ

ചടങ്ങിൽ സംബന്ധിച്ച വിശിഷ്‌ടാതിഥികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് മന്ത്രി രമേശ് ചെന്നിത്തല തൂഫാൻ ബാഡ്‌ജ് അണിയിച്ചു. ഓപ്പറേഷൻ തൂഫാൻ പോസ്‌റ്റർ പ്രകാശനവും വനിതാ സംഗമ സന്ദേശ അവതരണവും ഡിജിപി റവാഡ ചന്ദ്രശേഖർ നിർവഹിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ മുഖ്യാതിഥിയായി. വിഷ്‌ണുമോഹൻ എംഎൽഎ, മേയർ എ കെ ഹഫീസ്, ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ ലതാദേവി, കോർപ്പറേഷൻ കൗൺസിലർ റ്റി ഷൈനി, ജില്ലാ കലക്‌ടർ ആനി ജൂല തോമസ്, സിറ്റി പൊലീസ് കമ്മിഷണർ എം ഹേമലത, അഡീഷണൽ എസ്‌പി ജെ കെ ദിനിൽ തുടങ്ങിയവർ പങ്കെടുത്തു.