ചൈനയിൽ ചുഴലിക്കാറ്റ്; അണക്കെട്ട് തകർന്ന് വൻ പ്രളയം, പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

ചൈനയിൽ  ചുഴലിക്കാറ്റ്; അണക്കെട്ട് തകർന്ന് വൻ പ്രളയം, പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

നാനിങ്: ചൈനയുടെ തെക്കൻ മേഖലയിൽ കടുത്ത നാശനഷ്ടം വിതച്ച് ‘മെയ്സാക്’  ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അതിശക്തമായ മഴയിൽ ഹെങ്‌ഷൗവിലെ ലിയുലാൻ അണക്കെട്ടിന്റെ  സംരക്ഷണ ഭിത്തി തകർന്നു . തിങ്കളാഴ്ച രാവിലെ 11 മണിയോടെ അണക്കെട്ടിൽ 50 മീറ്ററോളം (164 അടി)നീളത്തിൽ വലിയ വിള്ളൽ രൂപപ്പെടുകയും ജനവാസ മേഖലകളിലേക്ക് വെള്ളം കുതിച്ചൊഴുകുകയുമായിരുന്നു. ലിയുലാൻ അണക്കെട്ടിലെ ജലനിരപ്പ് പരിധിയേക്കാൾ ഉയരുകയും യുൻബിയാവോ റിസർവോയർ കവിഞ്ഞൊഴുകുകയും ചെയ്തതോടെ സമീപത്തെ നിരവധി ഗ്രാമങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി.ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്ത് കനത്ത കാറ്റിലും മഴയിലും രണ്ടുപേർ മരിച്ചതായി ചൈനീസ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രളയം നാനിങ് നഗരത്തിലെ 55,000-ലധികം ജനങ്ങളെ നേരിട്ട് ബാധിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ 48,000-ഓളം താമസക്കാരെ സൈന്യത്തിന്റെ സഹായത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചൈനയുടെ അയൽരാജ്യമായ വിയറ്റ്‌നാമിലും ചുഴലിക്കാറ്റ് കരതൊട്ടതിനെത്തുടർന്ന് ഗ്വാങ്‌സി ഹൈഡ്രോളജിക്കൽ സെന്റർ മേഖലയിൽ ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡ്രോണുകൾ വഴി ഭക്ഷണ വിതരണം; യാത്രാവിലക്ക്

പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ ചൈനീസ് ദുരന്തനിവാരണ സേന അത്യാധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടങ്ങൾക്ക് മുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാൻ പത്തിലധികം വലിയ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ഫുലോങ് ഗ്രാമത്തിൽ ബൈക്കിൽ സഞ്ചരിക്കവെ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരെ കണ്ടെത്താനുള്ള തദ്ദേശീയ തിരച്ചിൽ തുടരുകയാണ്. പലയിടങ്ങളിലും ജനങ്ങൾ കെട്ടിടങ്ങളുടെ മുകളിൽ അഭയം തേടിയ നിലയിലാണ്.കനത്ത പ്രളയത്തെത്തുടർന്ന് ഗ്വാങ്‌സി മേഖലയിൽ റെയിൽ, ജലഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി തടസ്സപ്പെട്ടു. നാനിങ്ങിൽനിന്ന് വിയറ്റ്‌നാമിലെ ഗിയ ലാമിലേക്കുള്ള അന്താരാഷ്ട്ര ട്രെയിൻ സർവീസുകളും മുന്നൂറിലധികം പാസഞ്ചർ ഫെറികളും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഗ്വാങ്‌സിയിൽ പ്രളയ പ്രതിരോധത്തിനായി ഏറ്റവും ഉയർന്ന ‘ലെവൽ 1’ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം 150,000 യൂണിറ്റ് അടിയന്തിര ദുരിതാശ്വാസ സാമഗ്രികളും പ്രദേശത്തേക്ക് എത്തിച്ചു കഴിഞ്ഞു. മേഖലയിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ സ്ഥിതിഗതികൾ ഇനിയും വഷളായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.