"പിന്തുണ സിജെപിക്കല്ല, വിദ്യാർത്ഥികൾക്ക്": ജന്തർ മന്തറിലെത്തി K സുധാകരൻ
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥി പ്രക്ഷോഭ വേദി സന്ദർശിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റും എം.പിയുമായ കെ. സുധാകരൻ. പോലീസിന്റെ ക്രൂരമായ മർദ്ദനമേറ്റ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് താൻ എത്തിച്ചേർന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.സമരം നയിക്കുന്ന കോക്റോച്ച് ജനതാ പാർട്ടിക്ക് (CJP) പിന്തുണ നൽകുന്നത് കോൺഗ്രസിന് ഏകപക്ഷീയമായി തീരുമാനിക്കാൻ കഴിയില്ലെന്നും പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമേ നിലപാട് വ്യക്തമാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ജന്തർ മന്തറിലെ സമരം സൃഷ്ടിച്ച തരംഗം പാർലമെന്റിന്റെ ഇരുസഭകളെയും ഇന്നും നിശ്ചലമാക്കി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ നടത്തിയ കടുത്ത ബഹളത്തെ തുടർന്ന് സഭകൾ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തിൽ ചർച്ചയാകാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും, മന്ത്രിയുടെ രാജിയിൽ കുറഞ്ഞ ഒന്നിലും വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നതോടെ വെറും രണ്ടു മിനിറ്റ് മാത്രമാണ് ലോക്സഭയ്ക്ക് സമ്മേളിക്കാൻ സാധിച്ചത്.അതേസമയം, പ്രശ്നപരിഹാരത്തിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സി.ജെ.പി വക്താവ് സൗരവ് ദാസ് തള്ളി. നിലവിലെ കോടതികളെ ഫാസ്റ്റ് ട്രാക്ക് കോടതികളാക്കി മാറ്റുമ്പോൾ കേസ് നീണ്ടുപോകുമെന്നും ഇത് ശാശ്വത പരിഹാരമല്ലെന്നും അദ്ദേഹം ആരോപിച്ചു.