പോക്‌സോ നിയമം കൗമാരബന്ധങ്ങളിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി
ന്യൂഡൽഹി: പരസ്‌പര സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളുടെ പേരിൽ കൗമാരക്കാർ ഒളിച്ചോടുന്ന സംഭവങ്ങളിൽ ഭരണകൂടത്തിന് എങ്ങനെയാണ് വിലക്കേർപ്പെടുത്താൻ കഴിയുകയെന്ന് സുപ്രീം കോടതി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയാൻ ഉദ്ദേശിച്ചുള്ള പോക്‌സോ നിയമം കൗമാരക്കാരുടെ സ്വമേധയായുള്ള ബന്ധങ്ങളിൽ ദുരുപയോഗം ചെയ്യപ്പെടുന്നതിനെ സുപ്രീം കോടതി കടുത്ത ഭാഷയിൽ ചോദ്യം ചെയ്‌തു. 15 മുതൽ 18 വയസ്സുവരെയുള്ള പ്രായം വളരെ വൈകാരികവും പരീക്ഷണാത്മകവുമായ ഒന്നാണെന്നും അത്തരം സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ബന്ധങ്ങൾ എങ്ങനെയാണ് പോക്‌സോ കേസാകുകയെന്നും കോടതി ആരാഞ്ഞു.ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കൗമാരക്കാരുടെ സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.
അന്തസ്സ്സംരക്ഷിക്കാൻ നിയമം ആയുധമാക്കുന്നു
പലപ്പോഴും കൗമാരക്കാരായ പെൺകുട്ടികൾ തങ്ങളുടെ പങ്കാളികൾക്കൊപ്പം ഇറങ്ങിപ്പോകുമ്പോൾ, മാതാപിതാക്കൾ തങ്ങളുടെ കുടുംബ മഹിമ അഥവാ അന്തസ്സ് സംരക്ഷിക്കാനാണ് മുൻഗണന നൽകുന്നത്. ഇതിനായി അവർ പങ്കാളികളായ ആൺകുട്ടികൾക്കെതിരെ ക്രിമിനൽ ബാധ്യതകൾ ചുമത്താൻ നിയമത്തെ ആയുധമാക്കുകയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. "16-18 വയസ്സിൽ അവർ ഒരു ബന്ധത്തിലാവുകയും ഒന്നിച്ച് പോവുകയും ചെയ്യുന്നു. എന്നാൽ മാതാപിതാക്കൾ കേസ് കൊടുക്കുമ്പോൾ ഒടുവിൽ ഞങ്ങൾക്ക് അവരെ വെറുതെ വിടേണ്ടി വരുന്നു," കോടതി പറഞ്ഞു. കൗമാരക്കാർ തമ്മിലുള്ള ഇത്തരം ശാരീരിക ബന്ധങ്ങൾ സമ്മതത്തിനുള്ള പ്രായം 16-ൽ നിന്ന് 18 ആക്കി ഉയർത്തിയ 2012-ന് മുൻപും നിലവിലുണ്ടായിരുന്നതാണെന്നും കോടതി ഓർമ്മിപ്പിച്ചു."പ്രായപൂർത്തിയാകാത്ത പെൺകുട്ടി തൻ്റെ പങ്കാളിയോടൊപ്പം സുഖമായി ജീവിക്കുകയും അവർക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്‌ത ശേഷവും, മുൻകാല കേസുകളുടെ പേരിൽ യുവാക്കൾ ജയിലിൽ കിടക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ കൃത്യമായ സംവിധാനം വേണം." മുതിർന്ന അഭിഭാഷക മാധവി ദിവാൻ പറഞ്ഞു.
തുടർനടപടികളും നിർദ്ദേശങ്ങളും
പ്രാണയബന്ധങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരുടെ ക്ഷേമവും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കാൻ യുവാക്കൾക്കിടയിൽ ബോധവൽക്കരണം അനിവാര്യമാണെന്ന് കോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. പോക്‌സോ കേസുകൾ നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക ഡിജിറ്റൽ ഡാഷ്‌ബോർഡ് വേണമെന്ന നിർദ്ദേശവും ഉയർന്നു വന്നു. എന്നാൽ ഓരോ ഹൈക്കോടതിക്കും നിലവിൽ ചൈൽഡ് റൈറ്റ്‌സ് കമ്മിറ്റികൾ ഉള്ളതിനാൽ സംസ്ഥാന സർക്കാരുകൾക്ക് തന്നെ ഈ നിരീക്ഷണം നടത്താനാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.കേന്ദ്ര സർക്കാർ സമർപ്പിച്ച ചില ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ ഈ മാനദണ്ഡങ്ങൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിയുടെ നിർദ്ദേശങ്ങൾ പ്രായോഗികമായിരിക്കണമെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു. കേസ് കൂടുതൽ വാദത്തിനായി ജൂലൈ 17-ലേക്ക് മാറ്റി.