പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സുപ്രീംകോടതിയിലെ അഭിഭാഷക കൂട്ടായ്മ

പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സുപ്രീംകോടതിയിലെ അഭിഭാഷക കൂട്ടായ്മ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് സുപ്രീം കോടതി വളപ്പിൽ ഭരണഘടനയുടെ ആമുഖം വായിച്ച് മുതിർന്ന അഭിഭാഷകർ. ‘ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക’ എന്ന കാമ്പയിന്റെ ഭാഗമായാണ് ജസ്റ്റിസ് എസ്. മുരളീധർ, ഇന്ദിര ജെയ്‌സിംഗ്, അഭിഭാഷകനായ അഭയ് സിംഗ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അഭിഭാഷക കൂട്ടായ്മ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പുനൽകുമെന്നും അവർ വ്യക്തമാക്കി.അതിനിടെ, കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുന്നതിനായി തങ്ങളുടെ മൂന്ന് പ്രധാന ആവശ്യങ്ങൾ കോക്റോച്ച് ജനതാ പാർട്ടി മുന്നോട്ടുവെച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാണ് പ്രധാന ആവശ്യമെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് ആവർത്തിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകൾ പിൻവലിക്കുക, ഭാവിയിൽ ഇത്തരം കേസുകൾ എടുക്കില്ലെന്ന് സർക്കാരിന്റെ പരമാധികാര ഉറപ്പ് നൽകുക എന്നിവയാണ് സി ജെ പിയുടെ ആവശ്യങ്ങൾ. ആശുപത്രിയിൽ ഉപവാസ സമരം തുടരുന്ന സോനം വാങ്‌ചുകുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സമരം പൂർണ്ണമായും അഹിംസാ മാർഗ്ഗത്തിൽ ആയിരിക്കണമെന്നാണ് അദ്ദേഹത്തിന്റെയും അഭിപ്രായമെന്നും സൗരവ് ദാസ് പറഞ്ഞു. പ്രക്ഷോഭത്തെ തകർക്കാൻ സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നും സമരക്കാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.