ദംബുള്ളയിൽ വിസ്മയിപ്പിച്ച് സൂര്യവംശി : 11 പന്തിൽ അർധസെഞ്ച്വറി

ദംബുള്ളയിൽ  വിസ്മയിപ്പിച്ച് സൂര്യവംശി : 11 പന്തിൽ അർധസെഞ്ച്വറി

ദംബുള്ള: ശ്രീലങ്ക എ ടീമിനെതിരായ ത്രിരാഷ്ട്ര എ സീരീസ് ഫൈനലിൽ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനം. വെറും 11 പന്തിൽ അർധസെഞ്ച്വറി തികച്ച 15-കാരൻ, ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോകറെക്കോർഡ് സ്വന്തമാക്കി. ബാറ്റുകൊണ്ട് മറുപടി നൽകിയ വൈഭവ്, 29 പന്തിൽ 94 റൺസെടുത്താണ് മടങ്ങിയത്.

മത്സരത്തിന്റെ ആദ്യ ഓവർ മുതൽ ലങ്കൻ ബൗളിങ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു വൈഭവിന്റേത്. മുഹമ്മദ് ഷിറാസ് എറിഞ്ഞ മൂന്നാം ഓവറിൽ മൂന്ന് സിക്സറുകളും രണ്ട് ഫോറുകളുമടക്കം 26 റൺസാണ് താരം അടിച്ചുകൂട്ടിയത്. തൊട്ടടുത്ത ഓവറിൽ ദുലാജ് സമുദിതയെ രണ്ട് തവണ വീതം ഫോറും സിക്സും പായിച്ചാണ് വൈഭവ് റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചത്. 50 ഓവർ മത്സരത്തെ ടി20 ശൈലിയിൽ സമീപിച്ച താരം 10 ഫോറും 8 സിക്സറും ഉൾപ്പെടെയാണ് 94 റൺസെടുത്തത്.സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവിനെ സഹൻ ആരച്ചിഗെയുടെ പന്തിൽ വിജയ്കാന്ത് വ്യാസ്‌കാന്ത് പിടികൂടുകയായിരുന്നു. സെഞ്ച്വറിക്ക് വെറും 6 റൺസ് അകലെ വെച്ചാണ് താരം പുറത്തായത്. എങ്കിലും, മൈതാനത്തുണ്ടായിരുന്ന ലങ്കൻ താരങ്ങൾ പോലും വൈഭവിനെ അഭിനന്ദിച്ചാണ് യാത്രയാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ പ്രിയാൻഷ് ആര്യയ്‌ക്കൊപ്പം മികച്ച തുടക്കമാണ് വൈഭവ് നൽകിയത്. ഇരുവരുടെയും തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യ 7 ഓവറിൽ 100 റൺസ് പിന്നിട്ടു. വൈഭവ് പുറത്താകുമ്പോൾ 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.