ടി20 പരമ്പര: ടീം ഇന്ത്യ ജൂണിൽ അയർലൻഡിനെതിരെ കളിക്കും

ടി20 പരമ്പര: ടീം ഇന്ത്യ ജൂണിൽ  അയർലൻഡിനെതിരെ  കളിക്കും

മുംബൈ :ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ ജൂൺ മാസത്തിൽ അയർലൻഡിനെതിരെ പരമ്പര കളിക്കും. ഇംഗ്ലണ്ടിനെതിരെയുള്ള നിശ്ചിത ഓവർ പര്യടനത്തിന് മുന്നോടിയായാണ് ഈ പരമ്പരയെന്ന് ക്രിക്കറ്റ് അയർലൻഡ് ഹൈ പെർഫോമൻസ് ഡയറക്ടർ ഗ്രെയിം വെസ്റ്റ് സ്ഥിരീകരിച്ചു.ഐസിസിയുടെ ഫ്യൂച്ചർ ടൂർ പ്രോഗ്രാമിന്‍റെ ഭാഗമല്ലെങ്കിലും, ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള മികച്ചൊരു പരിശീലനമായിട്ടാണ് ഇന്ത്യ ഈ പരമ്പരയെ കാണുന്നത്. ഇംഗ്ലണ്ടിൽ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ചെസ്റ്റർ-ലെ-സ്ട്രീറ്റ്, മാഞ്ചസ്റ്റർ, നോട്ടിംഗ്ഹാം, ബ്രിസ്റ്റോൾ, സൗതാംപ്ടൺ എന്നിവിടങ്ങളിലായാണ് ടി20 മത്സരങ്ങൾ നടക്കുക.

ഈ മാസം ആദ്യം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരുന്നു.

അയർലൻഡ് ടീമിൽ മാറ്റങ്ങൾ

ഇന്ത്യയുമായുള്ള പരമ്പരയുടെ പ്രഖ്യാപനത്തിനൊപ്പം അയർലൻഡ് ടീമിലെ പ്രധാന മാറ്റങ്ങളും വെസ്റ്റ് അറിയിച്ചു. ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് വെറ്ററൻ താരം പോൾ സ്റ്റിർലിംഗ് ടി20 നായകസ്ഥാനം ഒഴിഞ്ഞു. മികച്ചൊരു ലീഡറായ സ്റ്റിർലിംഗ് ഏകദിന ടീമിനെ തുടർന്നും നയിക്കും. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് അയർലൻഡിനെ യോഗ്യത നേടിക്കൊടുക്കുക എന്നതാണ് താരത്തിന്‍റെ അടുത്ത ലക്ഷ്യം.2028-ലെ ടി20 ലോകകപ്പിന് അയർലൻഡ് ഇതിനകം യോഗ്യത നേടിയ സാഹചര്യത്തിൽ, പുതിയൊരു നായകന് കീഴിൽ ടീമിനെ വാർത്തെടുക്കാനാണ് ക്രിക്കറ്റ് അയർലൻഡ് ലക്ഷ്യമിടുന്നത്. ഇന്ത്യയുമായുള്ള ജൂണിലെ പരമ്പരയിലാകും പുതിയ ടി20 നായകൻ ടീമിനെ നയിക്കുക. ഇതോടെ മൂന്ന് ഫോർമാറ്റിലും അയർലൻഡിന് വെവ്വേറെ നായകന്മാരാകും. ടെസ്റ്റിൽ ആൻഡ്രൂ ബാൽബിർണിയും ഏകദിനത്തിൽ പോൾ സ്റ്റിർലിംഗും ടീമിനെ നയിക്കുമ്പോൾ പുതിയ ടി20 നായകനെ പിന്നീട് പ്രഖ്യാപിക്കും.

2023 ഓഗസ്റ്റിലായിരുന്നു ഇന്ത്യ അവസാനമായി അയർലൻഡ് പര്യടനം നടത്തിയത്. അന്ന് ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ 2-0ത്തിന് പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിലെ അവസാന മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.