മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ടീക്കാറാം മീണ

തിരുവനന്തപുരം: മാർച്ച് 16-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നാമനിർദ്ദേശ പത്രികാ സമർപ്പണ തീയതി നിശ്ചയിച്ച് അതിവേഗം തെരഞ്ഞെടുപ്പിലേക്ക് കേരളത്തെ തള്ളിവിട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കേരള സംസ്ഥാന മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ടീക്കാറാം മീണ .ഗ്യാനേഷ് കുമാറിന്‍റെ ഈ നടപടി അനാവശ്യ തിടുക്കവും ന്യായീകരിക്കാനാകാത്തതുമാണെന്ന് മീണ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന കമ്മീഷണർമാരോ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെത്തി മുഖ്യമന്ത്രിയുമായും ആ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുമായും തെരഞ്ഞെടുപ്പ് നടത്താൻ ഉചിതമായ സമയം സംബന്ധിച്ച അഭിപ്രായം തേടണമായിരുന്നു.കേരളത്തിൽ അത്തരമൊരു പ്രക്രിയ നടന്നില്ലെന്നാണ് താൻ മനസ്സിലാക്കുന്നത്. ഗ്യാനേഷ് കുമാർ കേരള കേഡറിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിരുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. തെരഞ്ഞെടുപ്പ് എന്നത് ഒരു ജനാധിപത്യ പ്രക്രിയയാണ്. പക്ഷേ ഗ്യാനേഷ് കുമാറിന്‍റെ നടപടി ഏകാധിപത്യപരമാണ്. കേരളത്തിൽ ഇപ്പോൾ ഈദ് ബലി പെരുന്നാൾ നോമ്പ് സമയമാണെന്ന് ഗ്യാനേഷ് കുമാറിന് അറിയില്ലേ? മാർച്ച് 16-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കിയ ശേഷമാണ് രാഷ്ട്രീയ പാർട്ടികൾ സ്ഥാനാര്‍ഥി നിർണ്ണയത്തിലേക്കു കടക്കുന്നതെന്നറിയാത്ത വ്യക്തിയാണോ രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ?മാത്രമല്ല, മാർച്ച് 16-ന് വിജ്ഞാപനമിറക്കി ഏഴാം ദിവസമായ മാർച്ച് 23-ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമാക്കിയത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇതിൽ തന്നെ മാർച്ച് 20-ന് പെരുന്നാൾ അവധിയും മാർച്ച് 22-ന് ഞായറാഴ്ചയുമാണ്. ഇതിനിടയിൽ സ്ഥാനാര്‍ഥി നിർണ്ണയം പാർട്ടികൾ നടത്തി, സ്ഥാനാര്‍ഥികളാകുന്നവർ എങ്ങനെ രേഖകൾ സംഘടിപ്പിക്കും? ഇതൊന്നും പരിഗണിക്കാതെയാണ് ഗ്യാനേഷ് കുമാർ ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളിലേക്കു കടന്നതെന്നത് അങ്ങേയറ്റം അപലപനീയവും ബാലിശവുമാണ്. ഏപ്രിൽ 9-ന് തിടുക്കത്തിൽ തെരഞ്ഞെടുപ്പ് നടത്തി മെയ് 4 വരെ കേരളത്തിലെ വോട്ടർമാരെ അനിശ്ചിതാവസ്ഥയിൽ നിർത്തുന്നതിന് പകരം ഏപ്രിൽ 20-ന് ശേഷമുള്ള ഒരു ദിവസം കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഗ്യാനേഷ് കുമാറിന് തെരഞ്ഞെടുക്കാമായിരുന്നു. അതുണ്ടാകാത്തത് തന്നെ അത്ഭുതപ്പെടുത്തുകയാണ്.
ഗ്യാനേഷ് കുമാറിന്‍റെ നടപടി അങ്ങേയറ്റം ധൃതി പിടിച്ചതും ഏകാധിപത്യപരവുമാണ്. എന്തിനായിരുന്നു ഈ അനാവശ്യ തിടുക്കം കേരളത്തിലെ തെരഞ്ഞെടുപ്പിൽ കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. മുൻപ് എസ്.ഐ.ആർ. നടപടിക്രമങ്ങളുമായി മുന്നോട്ടു പോയപ്പോൾ അതിനെതിരെ അദ്ദേഹത്തിന് വ്യക്തിപരമായി കത്തെഴുതിയ ഒരു മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ കൂടിയാണ് താൻ.
പശ്ചിമ ബംഗാളിൽ ഏകപക്ഷീയമായി അവിടുത്തെ ചീഫ് സെക്രട്ടറി, ഡി.ജി.പി., ആഭ്യന്തര സെക്രട്ടറി, കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ എന്നിവരെ മാറ്റിയത് എന്തിനെന്ന് ഗ്യാനേഷ് കുമാർ വ്യക്തമാക്കണം. അവർ ഏതെങ്കിലും തരത്തിൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പ്രത്യേക പരാതി ലഭിക്കാത്ത സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിന്‍റെ നടപടി തികച്ചും ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമാണ് എന്ന് വേണം അനുമാനിക്കാനെന്നും ടീക്കാറാം മീണ പറഞ്ഞു.