പടക്കം പൊട്ടിക്കൽ :ദീപാവലി ദിനത്തിൽ ഡൽഹി നഗരത്തിലെ വായു ഗുണനിലവാരം താഴോട്ട്

ന്യൂഡല്‍ഹി: ദീപാവലി ദിനത്തിൽ ശുദ്ധവായു ഇല്ലാതെ വലഞ്ഞ് ഡൽഹി. നഗരത്തിലെ വായു ഗുണനിലവാര സൂചിക ( Air Quality Index) 300 കടന്നതോടെയാണ് വളരെ മോശം നിലയിലേയ്ക്ക് താഴ്‌ന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) സമീർ ആപ്പ് പ്രകാരം, രാവിലെ 9 മണിക്ക് ഡൽഹിയിൽ മൊത്തം വായു ഗുണനിലവാര സൂചിക 339 ആയി രേഖപ്പെടുത്തി.ഏകദേശം 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് നഗരത്തിലെ മിക്ക ഭാഗങ്ങളിലും വായു ഗുണനിലവാര നിലവാരം 300 ന് മുകളിലാണെന്നാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വലിയ തോതില്‍ ആളുകള്‍ പടക്കം പൊട്ടിച്ചതാണ് രൂക്ഷമായ വായുമലിനീകരണത്തിന് കാരണമായത്.ഡൽഹിയിലെ ഏകദേശം 38 നിരീക്ഷണ കേന്ദ്രങ്ങളിൽ മിക്കയിടത്തും AQI നില 300 -ന് മുകളിലാണ് (വളരെ മോശം) രേഖപ്പെടുത്തിയത്. ഇതിൽ ആനന്ദ് വിഹാർ (414), വസീർപൂർ (407) എന്നീ പ്രദേശങ്ങളിലെ ഗുണനിലവാര സൂചിക (AQI) അതീവ ഗുരുതരം എന്ന വിഭാഗത്തിലായിരുന്നു.ശ്രീ അരബിന്ദോ മാർഗ് (165), ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി (DTU) (198) എന്നീ രണ്ട് നിരീക്ഷണ കേന്ദ്രങ്ങളിൽ മാത്രമാണ് ഗുണനിലവാര സൂചിക (AQI) മിതമായ (Moderate) വിഭാഗത്തിൽ രേഖപ്പെടുത്തിയത്.നേരത്തെ ഡല്‍ഹി എന്‍ സി ആറില്‍ ഉടനീളം ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്‍റെ (ജി ആര്‍ പി) രണ്ടാം ഘട്ട കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് നടപ്പിലാക്കിയിരുന്നു. വായുമലിനീകരണം വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പും വ്യക്തമാക്കിയിരുന്നു.ബോർഡിന്‍റെ പ്രവചനമനുസരിച്ച് വരും ദിവസങ്ങളിലും സമാനമായ പ്രവണത തുടരാന്‍ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളായ ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും വായുവിന്‍റെ ഗുണനിലവാരം കൂപ്പുകുത്താനുള്ള സാധ്യതയുണ്ട്. അതീവ ഗുരുതര വിഭാഗത്തിലേക്ക് എത്തുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.0 നും 50 നും ഇടയിലുള്ള AQI "നല്ലത്", 51 മുതൽ 100 വരെ "തൃപ്തികരം", 101 മുതൽ 200 വരെ "മിതമായത്", 201 മുതൽ 300 വരെ "മോശം", 301 മുതൽ 400 വരെ "വളരെ മോശം", 401 മുതൽ 500 വരെ "ഗുരുതരം" എന്നിങ്ങനെയാണ് കണക്കാക്കുന്നത്.അതേസമയം ദീപാവലി സമയത്ത് ഡല്‍ഹി എന്‍ സി ആറില്‍ ഹരിത പടക്കങ്ങള്‍ വില്‍ക്കാനും പൊട്ടിക്കാനും വ്യവസ്ഥകളോടെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീപാവലി ദിവസം രാത്രി 8 മണി മുതൽ രാത്രി 10 മണി വരെയുമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.മുഖ്യമന്ത്രി രേഖ ഗുപ്‌ത ഹരിത പടക്കങ്ങള്‍ മാത്രം ഉപയോഗിച്ച് നഗരത്തെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഹരിത പടക്കങ്ങള്‍ സാധാരണ പടക്കങ്ങളേക്കാൾ 30 ശതമാനം കുറവ് മലിനീകരണം മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്ന് അവകാശപ്പെടുന്നുണ്ട്. ഈ പടക്കങ്ങളിൽ ബേരിയം, അലുമിനിയം തുടങ്ങിയ രാസവസ്‌തുക്കളുടെ അളവ് കുറവാണ്. പൊടിയും പുകയും നിയന്ത്രിക്കുന്നതിലുള്ള അഡിറ്റീവുകളും ഇവയില്‍ ചേര്‍ത്തിട്ടുണ്ട്.അതേസമയം, രാവിലെ 8.30 ന് നഗരത്തിൽ 20.2 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില രേഖപ്പെടുത്തി. രാവിലെ മൂടൽമഞ്ഞും പിന്നീട് തെളിഞ്ഞ ആകാശവുമാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു. പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.