സംസ്ഥാനത്തെ ഏറ്റവും ആസ്തികുറഞ്ഞ സ്ഥാനാര്‍ഥിയും ഏറ്റവും പ്രായംകുറഞ്ഞ സ്ഥനാർത്ഥിയും ഏറ്റുമാനൂരിൽ

സംസ്ഥാനത്തെ ഏറ്റവും ആസ്തികുറഞ്ഞ  സ്ഥാനാര്‍ഥിയും ഏറ്റവും പ്രായംകുറഞ്ഞ സ്ഥനാർത്ഥിയും ഏറ്റുമാനൂരിൽ

കോട്ടയം : ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ 25 കാരിയായ എൻഡിഎ സ്ഥാനാർഥി ആതിര ഡി നായർ പ്രചാരണ തിരക്കിലാണ്. യുവ പോരാളി എന്നതിലുപരി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന പ്രത്യേകത കൂടി ആതിരയ്ക്കുണ്ട്.

പരിചയസമ്പന്നരായ രാഷ്ട്രീയക്കാരോടാണ് ആതിരയുടെ കന്നി മത്സരം. എന്നാൽ അതിന്‍റെ ടെൻഷൻ ഒന്നും ആതിരയ്ക്കില്ല. സംസ്ഥാന ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ, കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നാട്ടകം സുരേഷ് എന്നിവരാണ് പ്രധാന എതിരാളികൾ. കേന്ദ്രം നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ വിശദീകരിച്ചാണ് ആതിരയുടെ പ്രചാരണം മുന്നേറുന്നത്. കേരളം മാറണം, ഭരണമാറ്റം വേണം, അതിനായി എൻഡിഎ സ്ഥാനാർഥികൾ വരണമെന്ന് പറഞ്ഞാണ് ആതിര ജനങ്ങളെ സമീപിക്കുന്നത്. 2026-ലെ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കേരളത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആതിര ഡി നായർ."ഒരു സ്ത്രീ എന്ന നിലയിൽ, ഈ പ്രായത്തിൽ എനിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരമായാണ് എന്‍റെ സ്ഥാനാർഥിത്വത്തെ കാണുന്നത്. ഓരോ ദിവസം കഴിയുന്തോറും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു എന്നത് അവരുടെ സമീപനത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട്. അതിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു," ആതിര പറഞ്ഞു. തനിക്കെതിരെ നിൽക്കുന്നത് ബഹുമാനപ്പെട്ട മന്ത്രിയാണെന്നും അദ്ദേഹത്തെ താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ആതിര വ്യക്തമാക്കി. എന്നിരുന്നാലും ജനങ്ങൾ തുടർച്ചയായി പത്തു വർഷം ഈ ഭരണം കണ്ടു, ഇനി ഒരു മാറ്റം വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ഇതൊന്നും കണ്ട് താൻ ഭയപ്പെടില്ലെന്നും ആതിര പറഞ്ഞു.

ട്വിന്റി ട്വന്റി സ്ഥാനാർഥിയായി വീണാ നായരെയാണ് മണ്ഡലത്തിൽ ആദ്യം പ്രഖ്യാപിച്ചത്. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനാൽ മത്സരിക്കാൻ കഴിയാതെ പിൻമാറിയതിനെ തുടർന്നാണ് മത്സര രംഗത്തേക്ക് അതിരവന്നത് .ട്വന്റി ട്വന്റിയുടെ ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ് വിളിച്ചപ്പോൾ ആദ്യം ചോദിച്ചത് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നായിരുന്നുവെന്ന് ആതിര പറഞ്ഞു.മന്ത്രി വി.എൻ. വാസവൻ പങ്കെടുത്ത പലപരിപാടികളും ആങ്കർ ആയിട്ട് പോയിട്ടുണ്ട്. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നേരിട്ടു കണ്ടു. എന്നെ മനസ്സിലായില്ലെന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെന്ന് ആതിര പറഞ്ഞു . 


സമരമുഖത്തെ യുവ പോരാളിയായ ആഷ്‌ന തമ്പി

കൈവശം 84 രൂപ, സ്വന്തമായി ഭൂമിയില്ല, തൊഴിലില്ല. സമരമുഖത്തെ യുവ പോരാളിയായ ആഷ്‌ന തമ്പിയാണ് സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർഥി. ഏറ്റുമാനൂരിൽ എസ്‌യുസിഐ (കമ്യൂണിസ്റ്റ്) (Socialist Unity Centre of India (Communist) സ്ഥാനാർഥിയായാണ് ആഷ്‌ന മത്സരിക്കുന്നത്. കേരളത്തിൽ ഇത്തവണ ജനവിധി തേടുന്നവരിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള വ്യക്തി കൂടിയാണ് 26 വയസുകാരിയായ ഈ സ്ഥാനാർഥി.

സ്വന്തം പണമല്ല, മറിച്ച് മനുഷ്യനെ സഹായിക്കാനുള്ള മനസ്സാണ് പൊതുപ്രവർത്തനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌നയുടെ പോരാട്ടം. പത്രിക നൽകിയ ദിവസം വെറും 40 രൂപയായിരുന്നു കൈവശം ഉണ്ടായിരുന്നത്; അക്കൗണ്ടിൽ 44 രൂപയും. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്ന് ജേണലിസം പിജി ഡിപ്ലോമ നേടിയിട്ടുള്ള ആഷ്‌ന, പാർട്ടിയുടെ മീഡിയ കോഓർഡിനേറ്റർ, ജില്ലാ കമ്മിറ്റി അംഗം, തിരുവാർപ്പ് ലോക്കൽ കമ്മിറ്റി അംഗം, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ ചുമതലകൾ വഹിക്കുന്നു.എറണാകുളം അരയൻകാവ് സ്വദേശികളായ ആഷ്‌നയുടെ മാതാപിതാക്കളും മുഴുവൻസമയ പാർട്ടി പ്രവർത്തകരാണ്. ആശ വർക്കർമാർ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുടി മുറിച്ചു പ്രതിഷേധിച്ചതിലൂടെയാണ് ആഷ്‌ന ശ്രദ്ധിക്കപ്പെട്ടത്.