'റിപ്പോർട്ടർ 'ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

'റിപ്പോർട്ടർ 'ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ്  പിൻവലിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

എറണാകുളം: റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചാനലിന്‍റെ ലൈസൻസ് ഉടമയോട് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.ചാനലിന്‍റെ ലൈസൻസുമായി ബന്ധപ്പെട്ട പരാതിയിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ഇരുഭാഗവും കേട്ടശേഷം രണ്ട് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ചട്ടം ലംഘിച്ച് ചാനലിന്‍റെ ലൈസൻസ് കൈമാറി എന്നാരോപിച്ച് ട്വന്‍റി-ട്വന്‍റി പ്രസിഡന്‍റ് സാബു എം. ജേക്കബ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. ഇതോടെ സാബു എം. ജേക്കബിന്‍റെ ഹർജി കോടതി തീർപ്പാക്കി.

രാജ്യത്തെ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ അപ് ലിങ്കിങ്, ഡൗൺ ലിങ്കിങ് ചട്ടങ്ങൾ ലംഘിച്ചാണ് റിപ്പോർട്ടർ ചാനലിന്‍റെ ഉടമസ്ഥാവകാശവും പ്രവർത്തനവും അനധികൃതമായി കൈമാറിയതെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ കമ്പനിയുടെ ഓഹരി ഘടനയിൽ മാറ്റം വരുത്തി ചാനലിന്‍റെ പ്രവർത്തനം ഏറ്റെടുക്കുന്നതിനായി അഗസ്റ്റ്യൻ സഹോദരന്മാർ കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിരുന്നു. റോജി അഗസ്റ്റ്യൻ, ജോസ് കുട്ടി അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡ് ചാനൽ ഏറ്റെടുത്തതിലെ സാങ്കേതിക പ്രശ്നങ്ങളാണ് കേസിന് ആധാരം.എന്നാൽ, രാജ്യസുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ അപേക്ഷയ്ക്ക് അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രൂപീകരിച്ചതു വഴി 2022-ലെ ബ്രോഡ്കാസ്റ്റ് മാർഗ്ഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും സാബു എം. ജേക്കബ് ആരോപിച്ചു. ഈ പരാതിയിന്മേൽ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം ഉടൻ വിശദമായ പരിശോധന നടത്തി നിയമപരമായ തീർപ്പുകൽപ്പിക്കും.