"ക്‌നാനായ സഭയിലെ പുറത്താക്കൽ നടപടി നിയമവിരുദ്ധം" : വംശശുദ്ധി വാദം തള്ളി ഹൈക്കോടതി

എറണാകുളം: സ്വസമുദായത്തിന് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിക്കുന്ന അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കുന്ന നടപടി നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. ക്നാനായ കത്തോലിക്കാ സഭയുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ ആചാരം പിന്തുടരുന്നതെന്ന കോട്ടയം രൂപതയുടെ വാദം കോടതി തള്ളി. വ്യക്തിസ്വാതന്ത്ര്യത്തെയും സമത്വത്തെയും ഹനിക്കുന്ന ആചാരങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകാനാവില്ലെന്ന് ജസ്റ്റിസ് എസ് ഈശ്വരൻ പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി.
ക്നാനായ സഭയിലെ അംഗത്വം ജനനം വഴിയാണ് ലഭിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് ഒരു വ്യക്തി മറ്റൊരു കത്തോലിക്കനെ വിവാഹം കഴിക്കുമ്പോൾ, ജനനം വഴി ലഭിച്ച ആ അംഗത്വം റദ്ദാക്കാൻ സഭയ്ക്ക് അധികാരമില്ല. ക്നാനായ കത്തോലിക്കരും മറ്റ് കത്തോലിക്കരും പിന്തുടരുന്ന വിശ്വാസങ്ങളും പ്രാർഥനകളും കൂദാശകളും ഒരുപോലെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വസമുദായ വിവാഹ രീതി ഒരു മതനിയമമല്ലെന്നും അത് കേവലം ഒരു കീഴ്‌വഴക്കം മാത്രമാണെന്നുമുള്ള വത്തിക്കാൻ്റെ നിലപാട് കോടതി വിധിയിൽ എടുത്തുപറഞ്ഞു. സമുദായത്തിന് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് വിവാഹ കൂദാശകൾ നൽകാൻ ഇടവക വികാരിമാർക്ക് കോടതി കർശന നിർദേശം നൽകി.സ്വവംശ വിവാഹ നിയമം ലംഘിച്ചുവെന്ന പേരിൽ മുൻപ് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് അംഗത്വം തിരിച്ചുനൽകണമെന്നും കോടതി ഉത്തരവിട്ടു. ക്നാനായ കത്തോലിക്കാ നവീകരണ സമിതി അടക്കമുള്ളവർ നൽകിയ ഹർജിയിൽ കോട്ടയം അഡീഷണൽ സബ് കോടതി നേരത്തെ സഭയുടെ നടപടിക്ക് നിയമപരമായ നിലനിൽപ്പില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കോട്ടയം രൂപത നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. എഡി 345-ൽ കാനായിൽ നിന്നെത്തിയവരുടെ പിന്മുറക്കാരാണ് തങ്ങളെന്നും, ആ വംശശുദ്ധി നിലനിർത്താൻ സ്വവംശ വിവാഹം അനിവാര്യമാണെന്നുമായിരുന്നു കോട്ടയം രൂപതയുടെ പ്രധാന വാദം. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
സ്വന്തം വംശശുദ്ധി നിലനിർത്തുന്നതിനായാണ് ക്നാനായ കത്തോലിക്കർ തമ്മിൽ വിവാഹം കഴിച്ചു പോന്നിരുന്നത്. പുറത്ത് നിന്നും ക്നാനായ കത്തോലlക്ക സമുദായത്തിൽ പെട്ടവർ മറ്റ് കത്തോലിക്കരെ വിവാഹം കഴിച്ചാൽ സഭയിൽ നിന്ന് പുറത്താക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിനാണ് ഹൈക്കോടതി വിധിയോടെ അന്ത്യമാകുന്നത്. നിലവിൽ സഭയിൽ നിന്ന് പുറത്തായ ആയിരക്കണക്കിന് ആളുകൾക്ക് ഈ വിധിയിലൂടെ അംഗത്വം തിരികെ ലഭിക്കാനും വഴിതെളിയും.