ഇന്ധന വില വർധിച്ചു: പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.35 രൂപ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വർദ്ധിച്ചു. രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളെല്ലാം പ്രീമിയം പെട്രോള്‍ വകഭേദങ്ങളുടെ വില വർധിപ്പിച്ചിട്ടുണ്ട് .ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL), ഇന്ത്യൻ ഓയില്‍ (IOCL) എന്നീ കമ്പനികള്‍ തങ്ങളുടെ പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപ മുതല്‍ 2.35 രൂപ വരെയാണ് വർധിപ്പിച്ചത്. ഇന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ സാധാരണ പെട്രോള്‍, ഡീസല്‍ വിലകളില്‍ നിലവില്‍ മാറ്റമില്ല.
പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത യുദ്ധ സാഹചര്യമാണ് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാൻ കാരണമായിരിക്കുന്നത്. ലോകത്തെ ഊർജ്ജ വിതരണത്തിന്റെ 20 ശതമാനവും ഗതാഗതം ചെയ്യപ്പെടുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷം ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിച്ചിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ ഇന്ത്യയിലെ ഇന്ധന വിപണിയിലും കാണുന്നത്.ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ 'പവർ' (Power), ഭാരത് പെട്രോളിയത്തിന്റെ 'സ്പീഡ്' (Speed), ഇന്ത്യൻ ഓയിലിന്റെ 'XP95' എന്നീ പ്രീമിയം ബ്രാൻഡുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക. പ്രീമിയം ഇന്ധനങ്ങള്‍ സാധാരണ പെട്രോളിനേക്കാള്‍ മികച്ച പ്രകടനവും എൻജിൻ സുരക്ഷയും വാഗ്ദാനം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ പുതിയ തലമുറ കാറുകളും ബൈക്കുകളും ഉപയോഗിക്കുന്നവർക്ക് ഈ വിലക്കയറ്റം തിരിച്ചടിയാകും. ലിറ്ററിന് ഏകദേശം 2.09 രൂപ മുതല്‍ 2.35 രൂപ വരെയാണ് വിവിധ നഗരങ്ങളില്‍ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
അതെസമയം സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നിലവില്‍ മാറ്റമില്ല. കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് ശരാശരി 106.44 രൂപയായും ഡീസല്‍ വില 95.38 രൂപയായും തുടരുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 107.33 രൂപയാണ്. കൊച്ചിയില്‍ 106.08 രൂപയും.അതേസമയം ഇറാൻ-ഇസ്രായേല്‍ സംഘർഷം വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായാല്‍ സാധാരണ പെട്രോളിനും ഡീസലിനും വില കൂടാനിടയുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളില്‍ തുടർച്ചയായി നിന്നാല്‍ സാധാരണ പെട്രോളിനും വില ഉയരും.
അതേ സമയം ഈ മാസം ഏഴാം തീയതി ഗാർഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് 60 രൂപ വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിലെ പ്രതിസന്ധി മൂലം എല്‍പിജി ഇറക്കുമതിയില്‍ തടസ്സങ്ങള്‍ നേരിട്ട സാഹചര്യത്തിലായിരുന്നു വിലവർധന. എന്നാല്‍ രാജ്യത്ത് ഗ്യാസ് ക്ഷാമമില്ലെന്നും അധികൃതർ ആവർത്തിക്കുന്നുണ്ട്. യുദ്ധം നീണ്ടുപോയാല്‍ ഷിപ്പിംഗ് നിരക്കുകള്‍ വർധിക്കുകയും വീണ്ടും വിലക്കയറ്റം ഉണ്ടാകുകയും ചെയ്തേക്കാം. നിലവില്‍ 913 രൂപയാണ് ഗാർഹിക സിലിണ്ടറുകള്‍ക്ക് വില.
കേരള ഹോട്ടൽ അസോസിയേഷൻ നടത്താനിരുന്ന സമരം പിൻവലിച്ചു
സംസ്ഥാനത്തെ ഹോട്ടലുകൾ നേരിടുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ സിവിൽ സപ്ലൈസ് കമ്മിഷണർ നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമായതിനെത്തുടർന്ന് പ്രഖ്യാപിച്ചിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) മാർച്ച് 23-ന് നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്.
പ്രധാന തീരുമാനങ്ങൾ
- നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ 20 ശതമാനം സിലിണ്ടറുകൾ അടിയന്തരമായി വിതരണം ചെയ്യുമെന്ന് കമ്മിഷണർ ഉറപ്പുനൽകി.
- സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് വിതരണത്തോത് വർദ്ധിപ്പിക്കും.
- ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് സർക്കാർ പരിഗണിക്കും.
- പൈപ്പ് ലൈൻ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളിൽ ഹോട്ടലുകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വേഗത്തിൽ കണക്ഷൻ നൽകും.
- എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ കെ.എച്ച്.ആർ.എ പ്രതിനിധികളെ ഉൾപ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പിക്കും.
സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖുമാണ് സമരം പിൻവലിച്ച വിവരം അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ ഹോട്ടൽ മേഖലയിലെ അനിശ്ചിതത്വത്തിന് താൽക്കാലിക ശമനമായി.