പാര്‍ലമെന്‍റിലെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്‍റിലെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന്തുടക്കo. ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ളയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ചര്‍ച്ചകെടുക്കും. 118 എംപിമാര്‍ ഒപ്പിടുന്ന പ്രമേയം പിന്നീട് വോട്ടിനിടും. സ്‌പീക്കര്‍ ചെയറിലിരിക്കാതെ ഓം ബിര്‍ള നടപടികളില്‍ പങ്കെടുക്കും.നിലവില്‍ പത്ത് മണിക്കൂറാണ് ചര്‍ച്ച തീരുമാനിച്ചിട്ടുള്ളത്. സ്‌പീക്കര്‍ക്ക് നിഷ്‌പക്ഷമായ നിലപാടില്ലെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. സ്‌പീക്കര്‍ പക്ഷപാതപരമായി സംസാരിക്കുകയും പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ സ്‌പീക്കര്‍ ഇതേ നിലപാട് തുടര്‍ന്നതോടെയാണ് സ്‌പീക്കറെ നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം എത്തിയത്.

മധ്യപൂര്‍വേഷ്യയില്‍ തുടരുന്ന സംഘര്‍ഷം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എഎപി രാജ്യസഭയില്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. മാത്രമല്ല എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും. സഭയിലെ ഇത്തരം പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യാതെ അനുനയ നീക്കത്തിലൂടെ അവസാനിപ്പിക്കുകയാണ് കേന്ദ്രം സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ പ്രമേയത്തില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലേക്ക് മാറി.നേരത്തെ സ്‌പീക്കറായിരുന്ന ബല്‍റാം ജാക്കറിനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ലോക്‌സഭയില്‍ വച്ചിരുന്നു. എന്നാല്‍ ഭരണപക്ഷ പിന്തുണയില്‍ ചര്‍ച്ച വിജയം കണ്ടില്ല. എന്നാല്‍ സ്‌പീക്കറുടെ നടപടികള്‍ ചൂണ്ടിക്കാട്ടാന്‍ അന്നത്തെ പ്രമേയത്തിലൂടെ സാധിച്ചിരുന്നുവെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷത്തിന്‍റെ ഇപ്പോഴത്തെ നീക്കം.