സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾ നടന്നില്ല, ഈ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ സാറും ഞാനും തമ്മിലുള്ള പോരാട്ടം'; വിജയ്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് സ്റ്റാലിൻ സാറും താനും തമ്മിലുള്ള പോരാട്ടമാണ് നടക്കുക എന്ന് പ്രഖ്യാപിച്ച് ടിവികെ നേതാവും നടനുമായ വിജയ്. മുഖ്യമന്ത്രി സ്റ്റാലിൻ ജനങ്ങൾക്ക് തെറ്റായ വാഗ്‌ധാനങ്ങൾ നൽകുകയാണെന്നും സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടത്തിയെന്നുള്ള ഭരണകക്ഷികളുടെ അവകാശവാദം തെറ്റാണെന്നും വിജയ് വെല്ലൂരിൽ നടന്ന പ്രസംഗത്തിൽ പറഞ്ഞു.
ഡിഎംകെ എക്‌സിക്യൂട്ടീവുകളുമായുള്ള കൂടിയാലോചനയും തെരഞ്ഞെടുപ്പ് പ്രചാരണ യോഗവും ഇന്ന് വെല്ലൂരിൽ നടന്നു. വെല്ലൂരിലെ തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായാണ് വിജയ് എത്തിയത്. പ്രസംഗത്തിലുടനീളം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം നടത്തി."കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തെറ്റായ വാഗ്‌ധാനങ്ങൾ നൽകിയതിലൂടെയാണ് ആളുകൾ സ്റ്റാലിൻ സാറിന് വോട്ട് ചെയ്‌തത്. ശരിയായ നേതൃത്വമില്ലാത്ത ഭരണമാണ് അവർ കാഴ്‌ചവച്ചത്. ആ സമയത്ത്, ഒരു ബഹുജന പ്രസ്ഥാനമായിട്ട് ടിവികെ ഉയർന്നു വന്നു.ഞങ്ങൾ എല്ലാ വീടുകളിലും ആളുകൾക്കും വേണ്ട ക്ഷേമ പ്രവർത്തനങ്ങൾ ചെയ്‌തുകൊടുത്തു. ഓരോ ഗ്രാമങ്ങളിലും വീടുകളിലും പോയി ആളുകളെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ടിവികെ സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ, ഞാൻ തീർച്ചയായും എല്ലാ ഗ്രാമങ്ങളിലും പോയി ജനങ്ങളെ കാണും," വിജയ് പറഞ്ഞു.
ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ഞങ്ങൾക്കെതിരെ എന്തൊക്കെ തരത്തിലുള്ള ഗൂഢാലോചനകളാണ് ഇപ്പോൾ നടക്കുന്നതെന്ന് ഞങ്ങൾക്കിയാമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന് തുല്യമാണ്. ഈ വിജയവും ജനങ്ങളും രക്തവും മാംസവും പോലെയാണ്. ശരീരവും ആത്മാവും പോലെയാണ്, തന്നെ ജനങ്ങളിൽ നിന്ന് വേർപെടുത്താൻ കഴിയില്ലയെന്നും അദ്ദേഹം വൈകാരികമായി വേദിയിൽ പറഞ്ഞു.
"ഇത്തവണത്തെ തെരഞ്ഞെടുപ്പ് വ്യത്യസ്‌തമാണ്. ഈ തെരഞ്ഞെടുപ്പിൽ, ജനങ്ങൾ പൂർണമായും ടിവികെ നേതവായ എന്നോടൊപ്പം നിൽക്കും,"- വിജയ് കൂട്ടിച്ചേർത്തു.
കരൂർ സംഭവത്തെക്കുറിച്ച് വിജയ് പ്രസംഗത്തിൽ സംസാരിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ മുൻപ് നടത്തിയ പ്രസ്‌താവനയെ വിജയം ചോദ്യംചെയ്‌തു. "തനിക്ക് ശത്രുക്കളില്ല, എല്ലാവരും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളാണ് എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ അടുത്തിടെ പറഞ്ഞിരുന്നു. നമ്മൾ നിങ്ങളുടെ സുഹൃത്തുക്കളാണെങ്കിൽ എന്തിനാണ് കരൂർ സംഭവത്തെ നിങ്ങൾ കുറ്റപ്പെടുത്തിയത്? നിങ്ങൾക്ക് മനസാക്ഷിപരമായ കാര്യമല്ല അന്ന് ചെയ്‌തത്. കൈക്കൂലി, അഴിമതി, രാഷ്ട്രീയ നേട്ടം എന്നിവക്ക് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നത്", വിജയ് പറഞ്ഞു.
"ഡിഎംകെ എന്ന ദുഷ്‌ടശക്തിയെ തുടച്ചുനീക്കണമെങ്കിൽ, നിങ്ങൾ ഓരോ വോട്ടർമാരും ഇവിഎം മെഷീനിലെ വിസിൽ ചിഹ്നത്തിന് എതിർവശത്തുള്ള ബട്ടൺ അമർത്തി എന്നെ വിജയിപ്പിക്കണം. എന്നാൽ നിങ്ങൾ ആഗ്രഹിച്ചത് പോലെയുള്ള ജീവിതം നിങ്ങൾക്ക് ലഭിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം നിരവധി വാഗ്‌ധാനങ്ങളും അദ്ദേഹം ജനങ്ങൾക്ക് നൽകി.
തെരഞ്ഞെടുപ്പ് വാഗ്‌ധാനങ്ങൾ
- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഒന്നാം സ്ഥാനത്തായിരിക്കും
- ക്രമസമാധാനം കർശനമായിരിക്കും
- സർക്കാർ സ്‌കൂളുകൾ ഉയർന്ന നിലവാരമാക്കും
- എല്ലാ ഗ്രാമങ്ങളിലും ബസ് സൗകര്യം ഒരുക്കും
- മത്സര പരീക്ഷകൾ നേരിടാൻ സർക്കാർ സ്‌കൂൾ പാഠ്യപദ്ധതി നിലവാരമുള്ളതാക്കും
- ഹൈസ്‌കൂൾ പാഠ്യപദ്ധതിയിൽ അടിസ്ഥാന ഭരണഘടന ഉൾപ്പെടുത്തും
- സർക്കാർ സ്‌കൂളുകളിൽ സ്ത്രീകൾക്കായി ഗുണനിലവാരമുള്ള ടോയ്‌ലറ്റുകൾ നിർമിക്കും
- മയക്കുമരുന്ന് രഹിത തമിഴ്‌നാട്
- തൊഴിലിടങ്ങളിൽ സ്ത്രീ പ്രാതിനിധ്യം
- മലയോര ഗ്രാമങ്ങളിൽ ഉയർന്ന നിലവാരമുള്ള ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും