ഇന്ന് ഫെബ്രുവരി 14 - 'വാലൻ്റൈൻസ് ഡേ

മുംബൈ: ഇന്ന് ഫെബ്രുവരി 14 'വാലൻ്റൈൻസ് ഡേ'. പ്രണയിതാക്കളുടെ ദിനം. സുന്ദരമായ ഈ ദിനം പ്രിയപ്പെട്ടവരോടൊപ്പം ഒരു കേക്ക് മുറിച്ച് പങ്കിട്ടോ അവരുടെ ഒരു ചുംബനമോ കോരിത്തരിക്കുന്ന ആലിംഗനമോ ഇല്ലാതെ പൂർത്തിയാകുന്നില്ല എന്നതാണ് വാസ്‌തവം.റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ അവസാനം വാലൻ്റൈൻസ് ഡേ. ഒരാഴ്‌ച നീണ്ടുനിന്ന ആഘോഷങ്ങളോടെ ഈ വർഷത്തെ വാലൻ്റൈൻസ് ഡേ അവസാനിക്കുന്നു.
ചരിത്രം :
മൂന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനികൾ പീഡിപ്പിക്കപ്പെട്ടിരുന്ന കാലത്ത് റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ പ്രണയിതാക്കളുടെ വിവാഹം നടത്താൻ പാടില്ലെന്ന് ഉത്തരവിട്ടു. എന്നാൽ ഇതിനെ ധിക്കരിച്ചുകൊണ്ട് റോമൻ പുരോഹിതനായിരുന്ന വിശുദ്ധ വാലൻ്റൈൻ രഹസ്യമായി കമിതാക്കളുടെ വിവാഹം നടത്തിക്കൊടുത്തു. പിന്നീട് രഹസ്യമായി വിവാഹം കഴിപ്പിച്ചതിന് റോമൻ ചക്രവർത്തി വിശുദ്ധ വാലൻ്റൈനെ ഫെബ്രുവരി 14 ന് വധിച്ചു എന്നാണ് കഥ. അങ്ങനെ രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ വാലൻ്റൈനുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 14 വാലൻ്റൈൻസ് ഡേ ആയി ആഘോഷിക്കാൻ തുടങ്ങിയത്.
ഇന്ന് മറ്റു വിദേശരാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വാലൻ്റൈൻസ് ഡേയുമായി ബന്ധപ്പെട്ട് പലതരം പരിപാടികളും ആഘോഷങ്ങളും നടന്നുവരുന്നു. പ്രായഭേദമന്യോ എല്ലാവരും പ്രണയദിനത്തിൻ്റെ ഭാഗമാകുന്നു. വർണക്കടലാസുകളിൽ പൊതിഞ്ഞ സമ്മാനങ്ങളും ചോക്ലേറ്റും പ്രണയഗന്ധം പരത്തുന്ന റോസാപ്പൂക്കളും പരസ്‌പരം സ്‌നേഹത്തോടെ കൈമാറുന്നു. കൗമാരത്തിലും യൗവ്വനത്തിലും വാർധക്യത്തിലും പ്രണയത്തിൻ്റെ നിറം ഇതുവരെ മങ്ങിയിട്ടില്ല. ഇനി മങ്ങുകയുമില്ല. അത്രമേൽ തരളിതമാണ് പ്രണയം.അങ്ങനെ ഈ പ്രണയദിനം അവസാനിക്കുമ്പോൾ ഒരു പിടി നല്ല നിമിഷങ്ങളും നല്ല അനുഭവങ്ങളും സമ്പാദിക്കാം. നിഴലായും തണലായും കൂടെ നിൽക്കുന്ന ആ വ്യക്തിക്കായി ഹൃദയം തുറക്കാം. മധുര നിമിഷങ്ങളെ സാക്ഷിയാക്കിക്കൊണ്ട് നിങ്ങളുടെ പ്രണയവും അതിരുകളില്ലാതെ എക്കാലവും നിലനിൽക്കട്ടെ...ഹാപ്പി വാലൻ്റൈൻസ് ഡേ