വ്യാപാര കരാറിൽ അന്തിമ തീരുമാനമെടുക്കാൻ ട്രംപും ഷി ജിൻപിങ്ങും: ചർച്ച പുരോഗമിക്കുന്നു

വ്യാപാര കരാറിൽ അന്തിമ തീരുമാനമെടുക്കാൻ ട്രംപും ഷി ജിൻപിങ്ങും: ചർച്ച പുരോഗമിക്കുന്നു

ദക്ഷിണ കൊറിയ: ലോകം  ഉറ്റുനോക്കുന്ന  കൂടിക്കാഴ്‌ചയ്ക്ക് കളമൊരുക്കി ദക്ഷിണ കൊറിയ.യു എസ്‌- ചൈന വ്യാപാര കരാറിനെപ്പറ്റിയുള്ള  ചർച്ചകൾക്ക് തുടക്കമിട്ട്   അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും.ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് ഈ കൂടിക്കാഴ്‌ച. ദക്ഷിണ കൊറിയയിലെ ബുസാനിൽ രാവിലെ 7.30 ന് ചർച്ചകൾ ആരംഭിച്ചു.

"ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എതാനും മണിക്കൂറുകൾക്ക് ശേഷം അത് സംഭവിക്കും" എന്ന് നേരത്തെ ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ അറിയിച്ചിരുന്നു.

ലോകത്തെ വലിയ രണ്ട് സമ്പദ്‌ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിക്കുമോ എന്നാണ് ലോകം നോക്കി കാണുന്നത്. ട്രംപിൻ്റെ തീരുവ ചുമത്തൽ മാസങ്ങളായി വിപണികളെ പിടിച്ചുലയ്ക്കുകയും വിതരണ ശൃംഖലകളെ സ്‌തംഭിപ്പിക്കുകയും ചെയ്‌തു വരികയാണ്. ഇതിനിടെ ഇരു രാജ്യങ്ങളും സമവായത്തിലെത്തിയാല്‍ ആഗോള വിപണിക്ക് തന്നെ ഇതൊരു പുത്തൻ ഉണർവ് നല്‍കുമെന്നതില്‍ സംശയമില്ല.

ചൈനീസ് ഉത്‌പന്നങ്ങൾക്ക് 100% അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിൻ്റെ സമീപകാല തീരുമാനത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ സൂചന നൽകി. ചൈനയിലെ ധാതു കയറ്റുമതി നിയന്ത്രണം മരവിപ്പിക്കുന്നതും യുഎസിൽ നിന്നുള്ള സെമി കണ്ടക്‌ടർ കയറ്റുമതി നിയന്ത്രണം സംബന്ധിച്ചും തീരുമാനമാകും. ഏറ്റവുമധികം സോയാബീൻ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. അമേരിക്ക ഇതിൽ ചൈനയെ ഏറ്റവുമധികം ആശ്രയിക്കുന്നുമുണ്ട്. എന്നാൽ ചൈനയ്ക്ക് ട്രംപ് ഏർപ്പെടുത്തിയ ഈ തീരുവ വലിയ തിരിച്ചടിയായിരുന്നു.കൂടാതെ പതിനായിരക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിന് കാരണമായ ഫെൻ്റനൈലുമായി ബന്ധപ്പെട്ട ചൈനീസ് ഉത്‌പന്നങ്ങൾക്ക് 20 ശതമാനം തീരുവ കുറയ്ക്കുന്നതും കരാറിൽ ഉൾപ്പെടുമെന്ന് ട്രംപ് സൂചിപ്പിച്ചു. "ഉന്നത ഉദ്യോഗസ്ഥരുടെ ഫലപ്രദമായ ചർച്ചകൾ നടക്കാൻ പോകുകയാണ്. ധാരാളം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാൻ പോകുന്നു. ഈ ചർച്ചകൾക്കൊണ്ട് നമ്മുടെ രാജ്യത്തിനും ലോകത്തിനും വളരെ നല്ല ഫലം ലഭിക്കുമെന്ന് ഞാൻ കരുതുന്നു", -എന്നും യാത്രാമധ്യേ ട്രംപ് പറഞ്ഞിരുന്നു.

ട്രംപുമായി ആഴത്തിലുള്ള വ്യാപാര ചർച്ചകൾ നടക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു. ഈ കൂടിക്കാഴ്‌ച നല്ല ഫലങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കുന്നു. "പുതിയ മാർഗനിർദേശങ്ങൾ നൽകുന്നതിനും ചൈന-യുഎസ് ബന്ധത്തിന്‍റെ സുസ്ഥിരമായ വികസനത്തിന് പുതിയ മാനം നൽകുന്നിനും യുഎസ്‌ പക്ഷവുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്" എന്ന് ചൈനീസ് മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.

ഇലക്‌ട്രോണിക് ഘടകങ്ങൾക്ക് അത്യാവശ്യമായ വസ്‌തുക്കളിൽ ചൈന ഒരു കുത്തക കൈവശം വച്ചിട്ടുണ്ട്. "ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളുടെ സങ്കീർണതയും വ്യാപ്‌തിയും കണക്കിലെടുക്കുമ്പോൾ പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങൾ ഇപ്പോഴും ഉണ്ട്," എന്ന് ദി ഇക്കണോമിസ്‌റ്റ് ഇൻ്റലിജൻസ് യൂണിറ്റിലെ യുവെ സു പറഞ്ഞു. ആയതിനാൽ തുറമുഖ നികുതി നീക്കം ചെയ്യുകയോ ഫെൻ്റനൈലുമായി ബന്ധപ്പെട്ട ചില താരിഫുകൾ ഉയർത്തുകയോ ചെയ്യുന്നതാണ് ഏറ്റവും നല്ലത് എന്നും യുവെ സു വ്യക്തമാക്കിയിട്ടുണ്ട്.