തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് സ്ഥാനാർത്ഥികൾ : 'മാമ്പഴ'ത്തിൻ്റെ രുചി അറിയിക്കാൻ ട്വൻ്റി20

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് സ്ഥാനാർത്ഥികൾ : 'മാമ്പഴ'ത്തിൻ്റെ  രുചി അറിയിക്കാൻ  ട്വൻ്റി20

എറണാകുളം: തൃതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നേ തന്നെ  90%വനിതാ സംവാരണവും രണ്ട് 'എസ്‌സി'സംവരണ സീറ്റ്‌ കൂടാതെ രണ്ടു ജനറൽ സീറ്റിൽ എസ്‌സി സ്ഥാനാർത്ഥികളെ നിർത്തി  ട്വൻ്റി20.കിഴക്കമ്പലം പഞ്ചായത്തിലെ 21 വാർഡുകളിലേക്കുള്ള സ്ഥാനാർഥികൾ ഉൾപ്പെടെ 25 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.  ജനസമ്പർക്കമുള്ളവരെയാണ് ഒന്നാംഘട്ട സ്ഥാനാർഥികളായി പാർട്ടി  തെരഞ്ഞെടുത്തിട്ടുള്ളത്  .'മാമ്പഴം' ചിഹ്നത്തിൽ  സ്ഥാനാർഥികൾ മത്സരിക്കും.

ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൂന്ന് മുന്നണികൾക്കെതിരെ ഒറ്റക്ക് മത്സരിക്കുന്ന ട്വൻ്റി20,  തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്ക് മുന്നേതന്നെ  സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകികൊണ്ടാണ് എന്ന് വിലയിരുത്തപ്പെടുന്നു .90% സ്ത്രീകളെയാണ് ഒന്നാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കിഴക്കമ്പലം പഞ്ചായത്ത് പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇവിടെയുള്ള  21 വാർഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷൻ അടക്കം 25 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 90 ശതമാനം വനിത സംവരണം ഉറപ്പാക്കിയാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയതെന്നും, ഇത് കേരള ചരിത്രത്തിൽ ആദ്യമായാണ് രാഷ്‌ട്രപുനർ നിർമാണ പ്രക്രിയക്ക് ഇത്രയധികം വനിത പങ്കാളിത്തം ഒരു രാഷ്‌ട്രീയ പാർട്ടി ഉറപ്പാക്കുന്നതെന്നും പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ് പറഞ്ഞു.

സ്ഥാനാർഥികളും വാർഡുകളും:

അമ്പുനാട് (1) - പ്രീതി കെ ജി, മലയിടംതുരുത്ത് (2) - ബീന ജോസഫ്, മാക്കീനിക്കര (3) - ചിന്നമ്മ പൗലോസ്, കാരുകുളം (4) - മേരി ഏലിയാസ്, കാവുങ്ങപറമ്പ് (5) - സുജിത മോൾ റ്റി എസ്, ചേലക്കുളം (6) - പ്രതിമ കെ എൻ, കുമ്മനോട് (7) - രാജൻ ഇ ആർ, ചൂരക്കോട് (8) - ജോബി മാത്യു. ചൂരക്കോട് വെസ്റ്റ് (9) - മിനി വി സി, ഞാറള്ളൂർ (10) - ദീപ ജേക്കബ്, കുന്നത്തുകുടി (11) - പ്രസീല എൽദോ.വിലങ്ങ് (12) - അമ്പിളി വിജിൽ, പൊയ്യക്കുന്നം (13) - ബിനി ബിജു, കിഴക്കമ്പലം (14) - ജിൻസി അജി, പഴങ്ങനാട് (15) - ഷീബ ജോർജ്, മാളേയ്ക്കമോളം (16) - രാധാമണി ധരണീന്ദ്രൻ, താമരച്ചാൽ (17) - ലിൻ്റ ആൻ്റണി, ഊരക്കാട് (18) - ജിൻസി ബിജു, കാനാമ്പുറം (19) - രാജു കെ വി, പൂക്കാട്ടുപടി (20) - ജിബി മത്തായി, പൂക്കാട്ടുപടി നോർത്ത് (21) - റഹിം എം എം. വാഴക്കുളം ബ്ലോക്ക് ചേലക്കുളം ഡിവിഷൻ (10) - നിഷ അലിയാർ.കിഴക്കമ്പലം ഡിവിഷൻ (11) - മറിയാമ്മ ജോൺ, പൂക്കാട്ടുപടി ഡിവിഷൻ (12) - അസ്മ പി എം, എറണാകുളം ജില്ല പഞ്ചായത്ത് വെങ്ങോല ഡിവിഷൻ (19) - സജന നസീർ.

സംസ്ഥാനത്തെ മൂന്ന് മുന്നണികളേയും ബഹുദൂരം പിന്നിലാക്കി പാർട്ടി മത്സരിക്കുന്ന മുഴുവൻ പഞ്ചായത്തുകളിലേയും ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി. പോസ്റ്റർ പ്രചാരണം, വാൾപെയിൻ്റിങ്, നോട്ടിസ് വിതരണം, മൈക്ക് അനൗൺസ്‌മെൻ്റ് തുടങ്ങിയവ പൂർത്തിയാക്കിയതായി സാബു എം ജേക്കബ് പറഞ്ഞു. വരാൻപോകുന്ന തെരഞ്ഞെടുപ്പിൽ ഒമ്പത് ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും, കൊച്ചി കോർപ്പറേഷനിലും ട്വൻ്റി20 മത്സരിക്കും.1600 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവൻ സീറ്റിലും ട്വൻ്റി20 വിജയിക്കും. അധികാരത്തിൽ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂറിലും പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സർവീസ് ആരംഭിക്കും. സഞ്ചരിക്കുന്ന ആശുപത്രിയും തുടങ്ങും. പൂട്ടിക്കിടക്കുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ഡിസംബർ 20ന് തുറക്കും. ആരോഗ്യ സുരക്ഷാ മെഡിക്കൽ സ്റ്റോറിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ട്വൻ്റി20 അറിയിച്ചിരുന്നു.