ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ നേർക്കുനേർ !മുംബൈ വിമാനത്താവളത്തിൽ ഒഴിവായത് വൻദുരന്തം

 ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ നേർക്കുനേർ !മുംബൈ വിമാനത്താവളത്തിൽ ഒഴിവായത് വൻദുരന്തം

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ നേർക്കുനേർ വന്നത് പരിഭ്രാന്തി പരത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഒരേ റൺവേയിൽ എത്തിയത്. എയർ ട്രാഫിക് കൺട്രോളറുടെ (എടിസി) സമയോചിതമായ ഇടപെടലിനെ തുടർന്ന് എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് അടിയന്തരമായി നിർത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ചൊവ്വാഴ്ച്ച രാത്രിപത്തുമണിക്കാണ്  യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന സംഭവം നടന്നത്. സിലിഗുരിയിൽനിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം റൺവേയിൽനിന്നും പൂർണമായി മാറിയിരുന്നില്ല. ഈ സമയത്താണ് ന്യൂഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഇതേ റൺവേയിൽനിന്ന് ടേക്ക് ഓഫ് ചെയ്യാൻ തയാറെടുത്തത്. രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ നേർക്കുനേർ വന്നതോടെ എയർ ട്രാഫിക് കൺട്രോളർ അടിയന്തരമായി ഇടപെടുകയായിരുന്നു. ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് ഉടൻ തന്നെ നിർദേശം നൽകുകയും, വിമാനം നിർത്തുകയുമായിരുന്നു.

വിമാനങ്ങളുടെ വിവരങ്ങൾ

മുംബൈയിൽനിന്നും ന്യൂഡൽഹിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ എഐ 816 വിമാനവും, സിലിഗുരിയിൽനിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ എഐഎക്സ് 1547 വിമാനവുമാണ് അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. എയർ ഇന്ത്യയുടേത് വലിയ ബോയിങ് 777-300 ഇആർ വിമാനവും, എയർ ഇന്ത്യ എക്സ്പ്രസിൻ്റേത് ചെറിയ ബോയിങ് 737 മാക്സ് എട്ട് വിമാനവുമായിരുന്നു. രണ്ട് വിമാനങ്ങളിലുമായി എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്നതിൻ്റെ കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് അധികൃതർ വ്യക്തമാക്കി.

എയർ ഇന്ത്യയുടെ പ്രതികരണം

എയർ ട്രാഫിക് കൺട്രോളറുടെ നിർദേശത്തെ തുടർന്നാണ് ടേക്ക് ഓഫ് ചെയ്യുന്നത് നിർത്തിയതെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. ജൂലൈ ഏഴിന് മുംബൈയിൽനിന്നും ന്യൂഡൽഹിയിലേക്ക് പോകുകയായിരുന്ന എഐ 816 വിമാനത്തിലെ ജീവനക്കാർ എടിസിയുടെ നിർദേശം ലഭിച്ചയുടൻ ടേക്ക് ഓഫ് ചെയ്യുന്നത് നിർത്തുകയും വിമാനം തിരികെ ബേയിലേക്ക് മാറ്റുകയും ചെയ്തു.വിമാനം പറന്നുയരുന്നതിന് മുൻപ് റൺവേയിലൂടെ വേഗത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് നിർദേശം ലഭിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വിമാനത്തിൽ ആവശ്യമായ പരിശോധനകൾ നടത്തുമെന്നും വക്താവ് അറിയിച്ചു. യാത്രക്കാരെ എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിക്കുന്നത് വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ ഇത്തരം സംഭവങ്ങൾ വളരെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൻ്റെ കൃത്യമായ നിരീക്ഷണവും സമയോചിതമായ ഇടപെടലുമാണ് മുംബൈയിൽ നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിശദമായ അന്വേഷണം നടത്തിയേക്കും. വിമാനത്താവളങ്ങളിലെ തിരക്കും റൺവേയിലെ ആശയക്കുഴപ്പങ്ങളുമാണ് പലപ്പോഴും ഇത്തരം അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന