കേന്ദ്ര ബജറ്റ് 2026: മെഡിക്കല്‍ ടൂറിസത്തിന് ഊന്നല്‍; ആയുര്‍വേദം പ്രോത്സാഹിപ്പിക്കും

ന്യൂഡല്‍ഹി: കേന്ദ്രത്തിന്‍റെ ബജറ്റ് പ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ വിവിധ മേഖലകള്‍ക്കത് ഗുണകരമായി. ആരോഗ്യ രംഗത്തും മെഡിക്കല്‍ ടൂറിസത്തിനും ഊന്നല്‍ നല്‍കിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്. സ്വകാര്യ മേഖലയുമായി സഹകരിച്ച് മെഡിക്കല്‍ ടൂറിസം വികസിപ്പിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.ഇതിനായി അഞ്ച് മേഖലാ മെഡിക്കല്‍ ഹബ്ബുകള്‍ വികസിപ്പിക്കും. മാത്രമല്ല മറ്റൊരു വലിയ പ്രഖ്യാപനം ഉണ്ടായിട്ടുള്ളത് ആയുര്‍വേദം, യോഗ എന്നിവ സംബന്ധിച്ചാണ്. നിലവില്‍ കേരളത്തെ വീണ്ടും കേന്ദ്രം അവഗണിച്ചെന്ന് പറയുമ്പോഴും ആയുര്‍വേദത്തില്‍ കേരളത്തിനൊരു ചെറിയ പ്രതീക്ഷയുണ്ട്.
ആയുര്‍വേദം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്ത് മൂന്ന് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്നാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ആയുര്‍വേദം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഔഷധ സസ്യ ഉത്‌പാദനത്തിന് പദ്ധതി കൊണ്ടുവരും. ഔഷധച്ചെടി വളര്‍ത്തലിനും സംസ്‌കരണത്തിനും സഹായം ഉറപ്പാക്കും. മാത്രമല്ല ആയുര്‍വേദത്തിന് പ്രത്യേക സഹായവും ഉറപ്പാക്കും. ആയുര്‍വേദത്തിന് ഏറ്റവും പ്രശസ്‌തമായ നാടാണല്ലോ കേരളം. അതുകൊണ്ട് തന്നെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയിലൊന്നെങ്കിലും കേരളത്തിലായിരിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.
അതിന് കാരണമാകട്ടെ നിരവധി പ്രശസ്‌തമായ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉള്ളത് കൊണ്ടു തന്നെയാണ്. മലപ്പുറത്തെ കോട്ടക്കല്‍ ആര്യ വൈദ്യശാല, കളമശേരിയിലെ ആയുര്‍സിഹ ഹോസ്പിറ്റല്‍, നാഗാര്‍ജുന ആയുര്‍വേദ കേന്ദ്രം, വൈദ്യരത്നം ആയുര്‍വേദ കോളജ്, കണ്ടംകുളത്തി വൈദ്യശാല തുടങ്ങി നിരവധിയുണ്ട് കേരളത്തിലെ ചികിത്സാ കേന്ദ്രങ്ങളും ആയുര്‍വേദ പഠന കേന്ദ്രങ്ങളും. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ആയുര്‍വേദ ചികിത്സ തേടി കേരളത്തിലെത്തുന്നവരും കുറവല്ല. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് അതിലെങ്കിലും കേരളം കനിഞ്ഞേക്കുമെന്ന പ്രതീക്ഷ കേരളത്തിനുള്ളത്.
ആധുനിക വൈദ്യ ശാസ്‌ത്രത്തോടൊപ്പം പരമ്പരാഗത ചികിത്സാ രീതികള്‍ക്ക് പ്രധാന്യം നല്‍കിയാകും ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുക. അതോടൊപ്പം ആയുഷ് ഫാര്‍മസികളുടെ പ്രവര്‍ത്തനം നവീകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആയൂര്‍വേദം കൂടാതെ രാജ്യത്ത് അഞ്ച് റീജിയണല്‍ മെഡിക്കല്‍ ടൂറിസം ഹബ്ബുകള്‍ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു മെഡിക്കല്‍ ടൂറിസം കേന്ദ്രമായി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രാജ്യത്തുടനീളമായി അഞ്ച് മെഡിക്കല്‍ ടൂറിസം ഹബ്ബുകളാണ് കേന്ദ്രം ഉറപ്പ് നല്‍കുന്നത്. ഈ ഹബ്ബുകള്‍, മെഡിക്കല്‍, ഗവേഷണ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുമിക്കുന്ന ആരോഗ്യ സമുച്ചയങ്ങളാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഇതിലൂടെ വിദേശികള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കാനാകുമെന്നാണ് കരുതുന്നത്. വിദേശികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനായാല്‍ അത് രാജ്യത്തെ ആരോഗ്യ മേഖലയ്‌ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നേക്കും. മാത്രമല്ല ബയോഫാര്‍മ ശക്തി പ്രോഗ്രാമിന് 10,000 കോടി രൂപയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ളതാണ് ഈ തുക. ഇതിലൂടെ മെഡിക്കല്‍ രംഗത്തെ ആധുനികവത്‌കരിക്കാനും അതോടൊപ്പം മരുന്നുകളുടെ ഉത്‌പാദനം വര്‍ധിപ്പിക്കാനുമാണ് ശ്രമം. അതിനായി മൂന്ന് പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡി റിസര്‍ച്ച് സ്ഥാപിക്കും. മാത്രമല്ല നിലവിലുള്ള ഏഴ് സ്ഥാപനങ്ങളെ നവീകരിക്കുകയും ചെയ്യും. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനായി സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ഇതിലൂടെ മരുന്നുകളുടെ അംഗീകാര നടപടികള്‍ വേഗത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
ടിസിഎസ് 2 ശതമാനമാക്കി:
വിദേശ യാത്രയുടെ ടിസിഎസ് (Tax Collected at Source) 5ല്‍ നിന്നും 2 ശതമാനമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസും 5ല്‍ നിന്നും 2 ശതമാനമാക്കി.
കേരളത്തിന് നിരാശ
എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെംഗളൂരു, ദില്ലി - വാരാണസി, വാരാണസി - സിലിഗുരി എന്നീ അതിവേഗ റെയില്‍വേ ഇടനാഴി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനെ തഴയുകയായിരുന്നു. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.പ്രഖ്യാപനത്തിനിടെ കേരളം...കേരളം എന്ന് എംപിമാർ വിളിച്ചു പറഞ്ഞിരുന്നു. ബജറ്റിന്‍റെ തുടക്കത്തിൽ കേരളത്തിനായി പ്രഖ്യാപനമുണ്ടായി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം — ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെ എൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
നികുതി നിയമങ്ങൾ ലഘൂകരിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ് 2026. ധനക്കമ്മി കുറയുമെന്നും ജിഡിപിയുടെ 4.5 ശതമാനമാക്കുമെന്നാണ് പ്രഖ്യാപനം. നിർമല സീതാരാമൻ്റെ ബജറ്റ് പ്രസംഗത്തിലെ ഏറ്റവും വലിയ ഭരണപരമായ പരിഷ്‌കാരമാണിത്. 64 വർഷം പഴക്കമുള്ള ആദായനികുതി നിയമം പൂർണമായും പുനരവലോകനം ചെയ്‌തതായും പകരം പുതിയ ആദായനികുതി നിയമം 2025 വരാൻ പോകുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം ആദായനികുതി സ്ലാബില്‍ മാറ്റമില്ല.
പഴയ നിയമത്തിലെ സങ്കീർണതകൾ ഒഴിവാക്കി സാധാരണക്കാർക്കും ബിസിനസുകാർക്കും എളുപ്പത്തിൽ മനസിലാക്കാവുന്ന രീതിയിലാണ് പുതിയ നിയമം നിർമ്മിച്ചിരിക്കുന്നത്. പുതിയ നിയമം 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഈ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ മാറ്റങ്ങളും ഈ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിമുകളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായും ബജറ്റിൽ പ്രഖ്യാപിച്ചു.2026-27 സാമ്പത്തിക വർഷം ആരംഭിക്കുന്നത് മുതൽ പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രഖ്യാപനം. ചട്ടങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു. 2026 ജൂലൈ 31 വരെ റിട്ടേണുകൾ സമർപ്പിക്കാമെന്നും പ്രഖ്യാപനം.
പതിനാറാം ധനകാര്യ കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾക്കുള്ള വിഹിതം 41 ശതമാനം നിലനിർത്തി. കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതം 41 ശതമാനമായി തന്നെ തുടരണമെന്ന പതിനാറാം ധനകാര്യ കമ്മീഷൻ്റെ ശിപാർശ സർക്കാർ അംഗീകരിച്ചു. 2026-27 മുതൽ 2030-31 വരെയുള്ള അടുത്ത അഞ്ച് വർഷത്തേക്കും ഈ നിരക്ക് തുടരും. കേരളം ഉൾപ്പെടെയുള്ള പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷൻ നിലവിലെ 41 ശതമാനം തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. സംസ്ഥാനങ്ങൾക്കായി ധനകാര്യ കമ്മീഷൻ ഗ്രാൻ്റുകളായി 1.4 ലക്ഷം കോടി രൂപയും സംസ്ഥാനങ്ങൾക്ക് നൽകും.
പുതിയ ആദായ നികുതി നിയമം
നികുതിദായകർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കാനും നികുതി ഭാരം കുറയ്ക്കാനുമാണ് പുതിയ നിയമങ്ങളെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വിദേശ ടൂർ പാക്കേജുകൾക്കും, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കുമായി എൽആർഎസ് (എൽആർഎസ്) വഴി വിദേശത്തേക്ക് അയക്കുന്ന തുകയ്ക്കും ഈടാക്കുന്ന ടാക്‌സ് കളക്‌ഷൻ അറ്റ് സോഴ്‌സ്(ടിസിഎസ്) രണ്ട് ശതമാനമാക്കി കുറച്ചു.മാൻപവർ സർവീസുകളെ ടിഡിഎസ് ആവശ്യങ്ങൾക്കായി കോൺട്രാക്‌ട് പേയ്‌മെൻ്റുകളുടെ പരിധിയിൽ കൊണ്ടുവന്നു. ഇത് നികുതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും വിദഗ്‌ധർ പറയുന്നു.ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ മാത്രമാകും ശിക്ഷ.വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനമുണ്ട്. വിദേശത്തെ സ്വത്ത് വെളിപ്പെടുത്താന്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
വിമാന ഭാഗങ്ങളുടെ നികുതി ഒഴിവാക്കി. വാഹനാപകട നഷ്‌ടപരിഹാര തുകയ്ക്ക് നികുതിയില്ല. ഡ്യൂട്ടിഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതി പരിധി വര്‍ദ്ധിപ്പിക്കും. വിദേശ ഇന്ത്യാക്കാരുടെ സ്ഥാവര വസ്‌തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും.വിദേശ യാത്രയുടെ നികുതി അഞ്ചില്‍ നിന്ന് രണ്ട് ശതമാനമാക്കി കുറച്ചു. ക്ലൗസഡ് സര്‍വീസുകള്‍ക്ക് 2047 വരെ ടാക്‌സ് ഹോളിഡേയും പ്രഖ്യാപിച്ചിട്ടുണ്ട്.മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചില്‍ നിന്ന് രണ്ട് ശതമാനമാക്കി. പരിശോധനക്ക് ശേഷവും റിട്ടേണ്‍ വിവരങ്ങള്‍ പുതുക്കാം. വരുമാനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയും ബജറ്റില്‍ വിഭാവന ചെയ്യുന്നു.നികുതി നിയമങ്ങള്‍ ലഘൂകരിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. ജൂലൈ 31 വരെ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം. വാഹനാപകട നഷ്‌ടപരിഹാര തുകയ്ക്ക് ഇനി മുതല്‍ നികുതിയുണ്ടാകില്ല. ആകെ നികുതി വരുമാനം 28.4 ലക്ഷം കോടി രൂപയാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
നികുതിയില്‍ കുറവ് വരുത്തുന്നതോടെ അര്‍ബുദ മരുന്നുകളുടെ വില കുറയും. പ്രമേഹ മരുന്നുകളുടെ വിലയും കുറയും. ഇവി ബാറ്ററി, കായിക ഉപകരണങ്ങള്‍, സോളാര്‍ പാനല്‍, മൈക്രോവേവ് ഓവന്‍ എന്നിവയുടെ വിലയും കുറയും. തുകല്‍ ഉത്പന്നങ്ങള്‍ക്കും വില കുറയും.അതേസമയം സിഗററ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് വില കൂടും. മദ്യത്തിന് വില കൂടും.
വില കുറയുന്നത്
- വിദേശ ടൂറിസം പാക്കേജുകൾ
- ഇലക്ട്രിക് വാഹന ബാറ്ററികള്‍
- വിദേശ വിദ്യാഭ്യാസം
- കാൻസർ മരുന്നുകൾ
- പാദരക്ഷകൾ
- സോളാർ പാനലുകൾ
- തുകൽ ഉൽപ്പന്നങ്ങൾ
- മൈക്രോവേവ് ഓവനുകൾ
- ടിവി
- ക്യാമറകൾ
- വീഡിയോ ഗെയിമുകളുടെ നിർമ്മാണ ഭാഗങ്ങൾ
- കാപ്പി, വെൻഡിംഗ് മെഷീനുകൾ
- സ്‌പോർട്‌സ് ഉപകരണങ്ങൾ
വില കൂടുന്നത്
- മദ്യം
- സിഗരറ്റ്
- പാൻ മസാല തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ
- കല്‍ക്കരി