കേന്ദ്ര ബജറ്റ് -2026: പെണ്‍കുട്ടികൾക്കായി'സ്റ്റെം, എല്ലാ ജില്ലകളിലും ഹോസ്റ്റലുകൾ :5 സര്‍വകലാശാല ടൗണ്‍ഷിപ്പുകൾ

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും ശാക്തീകരിക്കാന്‍ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അഞ്ച് സര്‍വകലാശാല ടൗണ്‍ഷിപ്പുകളും രാജ്യത്ത് സ്ഥാപിക്കും.
സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ എന്നത് മികച്ച ഒരു ആശയമാണെന്നും വൈജ്ഞാനിക നഗരമെന്ന ആശയമാകും ഇതിന് പിന്നിലെന്നും കേരളത്തിലെ കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ്‌ചാന്‍സലര്‍ ഡോ.ജി ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. ഇതൊരു നൂതന ആശയമാണ്. വിദേശത്ത് നിന്ന് കൈക്കൊണ്ട ആശയമാകും ഇത്. നമ്മുടെ രാജ്യത്ത് മണിപ്പാലില്‍ സമാനമായ ആശയം നമുക്ക് കാണാനാകും. മണിപ്പാല്‍ സര്‍വകലാശാല പരിസരം മുഴുവന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മാത്രമാണ് നമുക്ക് കാണാനാകുക.വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും ഇത് വലിയ മാറ്റം കൊണ്ടു വരുമെന്നും ഡോ. ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. ഇത്തരം ആശയങ്ങള്‍ കാലത്തിന്‍റെ അനിവാര്യതയാണ്. മുന്‍കാലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ കേവലം ഒരു പെട്ടിക്കട മാത്രം മതിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഈ സാഹചര്യത്തില്‍ ദീര്‍ഘകാല കാഴ്‌ചപ്പാടോടെയുള്ള ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ വാണിജ്യ, ചരക്കു ഇടനാഴികളുടെ പരിസരങ്ങളിലാകും പുത്തന്‍ സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ദ്ദിഷ്‌ട അക്കാദമിക മേഖലകളില്‍ ബഹുവിധ സര്‍വകലാശാലകള്‍, കോളജുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, നൈപുണ്യ കേന്ദ്രങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവയുണ്ടാകും.പെണ്‍കുട്ടികള്‍ക്ക് വേണ്ടി എല്ലാ ജില്ലകളിലും ഹോസ്റ്റലുകള്‍ സ്ഥാപിക്കും. സ്റ്റെം സ്ഥാപനങ്ങളോട് അനുബന്ധിച്ചാകും ഇവ നിര്‍മ്മിക്കുക. പെണ്‍കുട്ടികള്‍ക്ക് ശാസ്‌ത്ര സാങ്കേതിക എന്‍ജിനീയറിങ് ഗണിത പഠന രംഗത്ത് കൂടുതല്‍ അവസരം സൃഷ്‌ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റെം. ദീര്‍ഘമായ പഠന, പരീക്ഷണ ശാല പ്രവര്‍ത്തനങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പല വെല്ലുവിളികളും ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സ്റ്റെം സ്ഥാപനങ്ങളോട് ചേര്‍ന്ന് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ടിങിലൂടെയാകും ഇതിനുള്ള തുക കണ്ടെത്തുക.സ്റ്റെം പദ്ധതിയിലൂടെ പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴില്‍ മേഖലയിലേക്ക് എത്തിച്ചേരാനാകുമെന്ന വിലയിരുത്തലുമുണ്ട്. ഇതു വഴി വരെ സാമ്പത്തികമായി ശാക്തീകരിക്കാനും സാധിക്കുന്നു. ഇത്തരം നടപടികളിലൂടെ വിദ്യാലയങ്ങള്‍ക്ക് ഭാവിയില്‍ നൂതന സംരംഭകരെ സൃഷ്‌ടിക്കാനും സാധിക്കും. പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനും തൊഴില്‍ സ്ഥിരത നേടാനും സഹായിക്കും. പെണ്‍കുട്ടികള്‍ക്ക് തുല്യ അവസരം ഉറപ്പാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.പെണ്‍കുട്ടികളില്‍ ആത്മവിശ്വാസവും പ്രശ്‌ന പരിഹാര നൈപുണ്യവും വളര്‍ത്തുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് സ്റ്റെം വിദ്യാഭ്യാസ പദ്ധതി.
മൈബൈല്‍ ആപ്പ് വികസിപ്പിക്കുന്നത് പോലുള്ള നൈപുണ്യ പരിശീലനം നല്‍കും. ഇതിലൂടെ പെണ്‍കുട്ടികള്‍ക്ക് സാങ്കേതികതയെ കൈപ്പിടിയിലൊതുക്കാനാകും.അക്കാദമിക്, വാണിജ്യ -സര്‍ക്കാര്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു ദേശീയ ആതിഥേയത്വ കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമുണ്ട്.കോളജുകളിലും സ്‌കൂളുകളിലും കണ്ടന്‍റ് ക്രിയേറ്റര്‍ ലാബുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. മുംബൈിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രീയേറ്റിവ് ടെക്‌നോളജിയുടെ സഹായത്തോടെ രാജ്യമെമ്പാടും അനിമേഷന്‍, വിഷ്വല്‍ എഫക്‌ട്‌സ്, ഗെയിമിങ്, കോമിക്‌സ് (എവിജിസി) തുടങ്ങിയവ പരിശീലിപ്പിക്കുന്ന കണ്ടന്‍റ് ലാബുകള്‍ സ്ഥാപിക്കുക. പതിനയ്യായിരം സെക്കന്‍ഡറി വിദ്യാലയങ്ങളിലും അഞ്ഞൂറ് കോളജുകളിലുമാണ് കണ്ടന്റ് ലാബുകള്‍ നിര്‍മ്മിക്കുക.
വിദ്യാഭ്യാസ-തൊഴില്‍ മേഖലയ്ക്കായി ഒരു ഉന്നതതല സംഘം രൂപീകരിക്കുന്നതിനെക്കുറിച്ചും പ്രഖ്യാപനമുണ്ട് യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണിത്. നിര്‍മ്മിത ബുദ്ധിയും മറ്റ് സാങ്കേതികതകളും തൊഴില്‍ മേഖലയെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് ഈ സമിതി വിലയിരുത്തും. ആവശ്യമായ നൈപുണികളെക്കുറിച്ച് ശുപാര്‍ശകളും സമിതി നല്‍കും.2030ഓടെ ഇരുപത് ലക്ഷം പേരടങ്ങിയ തൊഴില്‍ സേന എവിജിസി എന്ന വളര്‍ന്ന് കൊണ്ടിരിക്കുന്ന വാണിജ്യ രംഗത്ത് ആവശ്യമാണെന്നും ധനമന്ത്രി ബജറ്റില്‍ ചൂണ്ടിക്കാട്ടി.