വി.ഡി .സതീശൻ്റെ കന്നി ബജറ്റ് നാളെ, ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

വി.ഡി .സതീശൻ്റെ കന്നി ബജറ്റ് നാളെ, ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

തിരുവനന്തപുരം: കേരള ജനതയുടെ പ്രതീക്ഷകളുമായി അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിൻ്റെ കന്നി ബജറ്റിൻ്റെ പ്രഖ്യാപനങ്ങള്‍ക്ക് ഇനി  മണിക്കൂറുകള്‍. ധന വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ ബജറ്റില്‍ ഒട്ടേറെ വിസ്മയങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് കേരളം കരുതുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒരു പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന് തെരഞ്ഞെടുപ്പിനു മുന്‍പ് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിനുള്ള തുടക്കം ഈ ബജറ്റിലൂടെ കുറിക്കുമെന്നാണ് പൊതു വിലയിരുത്തല്‍. ഒപ്പം യുഡിഎഫിൻ്റെ മാറിയ സമീപനങ്ങളുടെ പ്രതിഫലനവും ബജറ്റിലുണ്ടാകും. സംസ്ഥാനത്തിൻ്റെ ധന സ്ഥിതി ബോധ്യപ്പെടുത്തി പുറത്തിറക്കിയ ധവള പത്രത്തിൻ്റെ ചുവടുപിടിച്ചായിരിക്കും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എന്നതു തീര്‍ച്ചയാണ്.

പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് പുതുക്കിയ ബജറ്റാണിതെങ്കിലും അധികാരമൊഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു ഫുള്‍ ബജറ്റ് പാസാക്കിയതിനാല്‍ ആ ബജറ്റിൻ്റെ സാമ്പത്തിക വലുപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ പുതുക്കിയ ബജറ്റിലൂടെ കഴിയില്ലെന്നതാണ് ഇത്തവണത്തെ ബജറ്റിൻ്റെ പ്രത്യേകത. അതിനാല്‍ 30,500 കോടി എന്ന ബജറ്റിൻ്റെ ആകെ അടങ്കല്‍ തുകയ്ക്കുള്ളില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ചെലവിട്ട ശേഷമുള്ള ബാക്കി തുക മാത്രമേ പുതിയ ബജറ്റില്‍ വകയിരിത്താനാകൂ എന്ന പ്രത്യേകതയുമുണ്ട്.പൂച്ച പെറ്റു കിടക്കുന്ന ഖജനാവിനെ പണം കൊണ്ടു നിറയ്ക്കും എന്ന് പ്രതിപക്ഷ നേതാവായിരിക്കെ സതീശന്‍ നത്തിയ പ്രഖ്യാപനത്തിലേക്കുള്ള ചുവടുവയ്പുകള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. കേരളത്തെ ഒരു തുറമുഖ, വ്യോമയാന ഹബ്ബാക്കുമെന്ന പ്രഖ്യാപനത്തിനുള്ള തുടക്കവും ബജറ്റിലുണ്ടാകും. വിഴിഞ്ഞം തുറമുഖത്തിൻ്റെ അനുബന്ധ വികസന കവാടം തുറക്കുന്നതിനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ പ്രഖ്യാപനം ബജറ്റില്‍ പ്രതീക്ഷിക്കുന്നു. അതേ സമയം തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത ഇന്ദിരാ ഗ്യാരൻ്റികളില്‍ പ്രധാനമായ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര അടക്കമുള്ള പദ്ധതികള്‍ക്ക് വരുന്ന പ്രതിവര്‍ഷ ചെലവായ 800 കോടി അടക്കമുള്ള അധിക ചെലവിന് വിഭവം സമാഹരിക്കേണ്ടതുണ്ട്. ഭാവിയില്‍ മറ്റു ഗ്യാരൻ്റികള്‍ നടപ്പാക്കേണ്ടതുമുണ്ട്. ഇതിനെല്ലാം വഴി ബജറ്റില്‍ കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ട്.

അതിവേഗ റെയില്‍ പദ്ധതിക്കും ബജറ്റില്‍ തുടക്കമായേക്കും. സംസ്ഥാന ചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കന്നതെന്ന പ്രത്യേകതയുമുണ്ട്. ധന വകുപ്പിൻ്റെ മുഴുവന്‍ സമയ ചുമതല കൂടി ഏറ്റെടുക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രി എന്ന പ്രത്യേകത വി ഡി സതീശനുണ്ട്.1962 ല്‍ കോണ്‍ഗ്രസിൻ്റെ ആദ്യ മുഖ്യമന്ത്രിയാകുന്ന ആര്‍ ശങ്കറാണ് ധനവകുപ്പിൻ്റെ മുഴുവന്‍ സമയ ചുമതയേറ്റെടുത്ത ആദ്യ മുഖ്യമന്ത്രി. 2016ല്‍ കെ എം മാണി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അന്നത്തെ യുഡിഎഫ് സര്‍ക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിച്ചിരുന്നു. അതിനു ശേഷം ധന വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായി മാറുകയാണ് വി ഡി സതീശന്‍. പൊതുവേ സാമ്പത്തിക രംഗത്തെ കുറിച്ച് പാടവമുള്ള വ്യക്തിയെന്ന ഖ്യാതി സമ്പാദിച്ചിട്ടുള്ള പാര്‍ലമെൻ്റേറിയന്‍ കൂടിയായ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ടച്ച് ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്. സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കുന്നതിൻ്റെ തൊട്ടടുത്ത ദിവസമാണ് ബജറ്റ് അവതരണമെന്ന പ്രത്യേകതയുമുണ്ട്. ജൂണ്‍ 19ന് രാവിലെ 9ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.