കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെ‍ഡ് അലർട്ട് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 204.5 മില്ലീമീറ്ററിന് മുകളില്‍ മഴ ലഭിക്കുന്ന സാഹചര്യമാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.

ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ഏഴ്‌ ജില്ലകളില്‍ ഓറഞ്ച് അലർട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 115.6 മുതല്‍ 204.4 വരെ മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന സാഹചര്യമാണിത്. തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. 24 മണിക്കൂറില്‍ 64.5 മുതല്‍ക്ക് 115.5 വരെ മഴലഭിക്കുന്ന സാഹചര്യമാണ് യെല്ലോ അലര്‍ട്ടുകൊണ്ട് അര്‍ഥമാക്കുന്നത്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്.അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തില്‍ ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് അവധിയുള്ളത്. ഈ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡെൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച അഭിമുഖങ്ങള്‍ക്കും പരീക്ഷകള്‍ക്കും മാറ്റമില്ല.നാല് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നാളെ (23.10.2025) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര ന്യൂനമർദം വരുന്നു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്നലെ ഉച്ചയോടെ തീവ്ര ന്യൂനമർദമായി മാറിയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് ഉച്ചയോടെ അത് അതിതീവ്ര ന്യൂനമർദമായി നോർത്ത് തമിഴ്‌നാട് സൗത്ത് ആന്ധ്രാ തീരത്തേക്ക് കടക്കും. ഈ സമയത്ത് തീവ്രത കൂടിക്കൊണ്ടിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ. തമിഴ്‌നാടിനോട് ചേർന്ന കേരളത്തിലെ തീവ്രന്യൂനമർദം ഇന്ന് അതിതീവ്ര ന്യൂനമർദമാകും. ഇതോടെ തമിഴ്‌നാടിനോട് ചേർന്ന കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെയടിസ്ഥാനത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.