കൊല്ലപ്പെട്ട കേതൻ അഗർവാളിനെ പരിഹസിച്ച് വീഡിയോ: മാപ്പ് പറഞ് മുസ്കാൻ സോണി

മുംബൈ: പൂനെയിൽ പ്രതിശ്രുതവധുവും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേതൻ അഗർവാളിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസ വീഡിയോ പങ്കുവെച്ച മധ്യപ്രദേശ് കാരിയായ ദന്ത ഡോക്ട്ടർ മുസ്കാൻ സോണി ഒടുവിൽ മാപ്പ് പറഞ്ഞു. വീഡിയോ വലിയ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും വഴിവെച്ചതോടെയാണ് താൻ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച് പുതിയ വീഡിയോയുമായി രംഗത്തുവന്നത് . സംഭവം വിവാദമായതിനെത്തുടർന്ന് ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡന്റ്സ് ആൻഡ് സർജൻസ് അസോസിയേഷൻ (AIDSA) മുസ്കാൻ സോണിയെ അഞ്ച് വർഷത്തേക്ക് എല്ലാ അംഗത്വങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.തനിക്ക് തമാശ നിറഞ്ഞ സ്വഭാവമുണ്ടെന്നും ആളുകളെ സന്തോഷിപ്പിക്കാനാണ് വീഡിയോ ചെയ്തതെന്നുമാണ് മുസ്കാൻ സോണിയുടെ അവകാശവാദം. “താൻ പറഞ്ഞ കാര്യങ്ങൾ അർത്ഥമാക്കിയല്ല പറഞ്ഞത്, അത് വെറും തമാശയായിരുന്നു. ഈ വീഡിയോ മൂലം വേദനിപ്പിക്കപ്പെട്ട കെതൻ അഗർവാളിന്റെ കുടുംബത്തോടും മറ്റെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു,” അവർ പുതിയ വീഡിയോയിൽ പറഞ്ഞു. തനിക്ക് ലഭിക്കുന്ന മോശപ്പെട്ട കമന്റുകളും സൈബർ ആക്രമണങ്ങളും കാരണം തന്റെ യൂട്യൂബ് അക്കൗണ്ട് സ്വകാര്യമാക്കിയിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.കെതൻ അഗർവാളിന്റെ കൊലപാതകം, മേഘാലയയിൽ കൊല്ലപ്പെട്ട രാജ രഘുവംശി എന്നിവരെ പരാമർശിച്ചുകൊണ്ട് വളരെ അധിക്ഷേപകരമായ രീതിയിലായിരുന്നു മുസ്കാൻ വീഡിയോ ചെയ്തത്. കൊലപാതകങ്ങളെ കളിയാക്കുകയും #IHATEMEN എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുകയും ചെയ്തതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ താൻ ലിംഗഭേദമില്ലാതെയാണ് പല വിഷയങ്ങളിലും പ്രതികരിക്കാറുള്ളതെന്നും, മുൻപും പുരുഷന്മാർക്കെതിരായ അക്രമങ്ങൾക്കെതിരെ താൻ നിലപാടെടുത്തിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. എങ്കിലും, തന്റെ പ്രവൃത്തി തെറ്റാണെന്ന് തിരിച്ചറിയുന്നുവെന്നും ഇനി ഇത് ആവർത്തിക്കില്ലെന്നും അവർ ഉറപ്പുനൽകി.