"അദ്ദേഹത്തിൻ്റെ വാക്കുകളെ അതേപടി വിശ്വസിക്കുകയാണ് വേണ്ടത്" : എ.ആർ. റഹ്മാൻ്റെ 'വർഗീയ' പരാമർശത്തെ ന്യായീകരിച്ച് റബ്ബി ഷെർഗിൽ

"അദ്ദേഹത്തിൻ്റെ  വാക്കുകളെ അതേപടി വിശ്വസിക്കുകയാണ് വേണ്ടത്" : എ.ആർ. റഹ്മാൻ്റെ 'വർഗീയ' പരാമർശത്തെ ന്യായീകരിച്ച് റബ്ബി ഷെർഗിൽ

മുംബൈ  : സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ നേരത്തെ നടത്തിയ ‘വർഗീയ’ പരാമർശത്തെ പിന്തുണച്ച് ഗായകൻ റബ്ബി ഷെർഗിൽ. റഹ്മാൻ എന്ത് സാഹചര്യത്തിലാണ് അങ്ങനെയൊരു പരാമർശം നടത്തിയതെന്ന് വ്യക്തമല്ലെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആശങ്കകളെ തള്ളിക്കളയാനാകില്ലെന്ന് റബ്ബി ഷെർഗിൽ പറഞ്ഞു. ‘ദി ലൈഫ് സേവേഴ്‌സ് ഷോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ദ കശ്മീർ ഫയൽസ്’, ‘ദ കേരള സ്റ്റോറി’ തുടങ്ങിയ സിനിമകൾ പരാമർശിച്ചുകൊണ്ട്, ഇവ പലപ്പോഴും പ്രചാരണാത്മകമായ സിനിമകളാണെന്നും നിഷ്പക്ഷമായ കാഴ്ചപ്പാടല്ല ഇവ മുന്നോട്ടുവെക്കുന്നതെന്നും റബ്ബി ഷെർഗിൽ ചൂണ്ടിക്കാട്ടി. ഇത്തരം സിനിമകളിലേക്ക് വലിയ തോതിൽ രാഷ്ട്രീയ ഫണ്ടിംഗ് നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ റഹ്മാൻ പറയുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ താമസിക്കാത്തതുകൊണ്ട് തനിക്ക് സംഗീത വ്യവസായത്തിലെ പക്ഷപാതിത്വത്തെക്കുറിച്ച് നേരിട്ട് അറിയില്ലെങ്കിലും, ഇത്തരം ചിന്താഗതികളെ തള്ളിക്കളയാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടും വലതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ഇന്ത്യയും ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. രാജ്യത്തെ മിക്ക രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും, കേന്ദ്ര നേതൃത്വത്തെ എതിർത്ത് പാർട്ടിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിൽ  കഴിഞ്ഞ എട്ട് വർഷമായി തനിക്ക് കുറഞ്ഞ അവസരങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും സിനിമാരംഗം വർഗീയവൽക്കരിക്കപ്പെടുന്നുണ്ടാകാമെന്നും  റഹ്മാൻ സംശയം പ്രകടിപ്പിച്ചിരുന്നു . പരാമർശം പിന്നീട് വാർത്തകളിൽ ഇടംപിടിച്ചു .  ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയപ്പോൾ   തൻ്റെ  ഉദ്ദേശ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വിശദീകരിച്ച് റഹ്മാൻ രംഗത്തെത്തി.

ബുള്ള കി ജാന", "തേരേ ബിൻ" തുടങ്ങിയ  ഗാനങ്ങൾ ആലപിച്ച്‌ ജനപ്രിയത നേടിയ  ഗായകനാണ്  റബ്ബി ഷെർഗിൽ. മുമ്പ് ഒരഭിമുഖത്തിൽ ഹിന്ദി ,റഹ്‌മാൻ്റെ മാതൃഭാഷയല്ല അതുകൊണ്ട് തൻ്റെ  ഗാനങ്ങളിലെ  വരികൾക്ക് റഹ്മാൻ വലിയ പ്രാധാന്യം നൽകാറില്ലെന്ന്  അഭിപ്രായംപറഞ്ഞിരുന്നു.

"ഹിന്ദി ചലച്ചിത്രമേഖലയിലെ റഹ്മാന്റെ ഈ കാലഘട്ടം കവിതയ്‌ക്കോ വരികൾക്കോ ​​വലിയ പ്രാധാന്യം നൽകുന്ന ഒന്നല്ല. അതായത്, അദ്ദേഹത്തിന്റെ ഗാനങ്ങളിലെ വരികൾ കേവലം അലങ്കാരങ്ങൾ മാത്രമാണ്, അവയല്ല ഗാനത്തിൻ്റെ  മുഖ്യഭാഗം.റഹ്മാൻ വന്നതിനുശേഷം ഹിന്ദി സിനിമാഗാനങ്ങളിൽ  വരികൾക്ക്  രണ്ടാം സ്ഥാനം മാത്രമാണ് എന്ന് എനിക്ക് തോന്നുന്നു,എനിക്കദ്ദേഹവുമായുള്ള പ്രശ്‌നവും അതാണ് " എന്ന് റബ്ബി ഷെർഗിൽ പറഞ്ഞിട്ടുണ്ട് .