കഞ്ചാവ് ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 26കാരനെ പോലീസ് പിടികൂടി

കഞ്ചാവ്  ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 26കാരനെ  പോലീസ് പിടികൂടി

ശിവമൊഗ്ഗ: കഞ്ചാവിൻ്റെ ലഹരിയിൽ മുത്തശ്ശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 26-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവമൊഗ്ഗ മിലഘട്ട ആനന്ദറാവു എക്സ്റ്റൻഷൻ സ്വദേശിയായ കിഷോറാണ് അറസ്റ്റിലായത്. അറസ്റ്റിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് കാലിൽ വെടിയേറ്റു.

ഇന്നലെയാണ്  കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവ് ഉപയോഗിക്കുന്നതിനെക്കുറിച്ച് മുത്തശ്ശി സുശീലമ്മ (65) ശാസിക്കുകയും പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കിഷോറിനെ പ്രകോപിപ്പിച്ചത്. തുടർന്ന് മുത്തശ്ശിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ശിവമൊഗ്ഗ എസ്.പി ബി. നിഖിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇന്ന്  പുലർച്ചെ വജ്‌പേയി എക്സ്റ്റൻഷനിൽ വെച്ച് പ്രതിയെ കണ്ടെത്തിയ പോലീസ് സംഘം അറസ്റ്റിന് ശ്രമിച്ചു. എന്നാൽ, പോലീസ് കോൺസ്റ്റബിൾ ഗണേഷിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നൽകിയിട്ടും പ്രതി കീഴടങ്ങാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന്, ഡൊഡ്ഡപ്പേട്ട ഇൻസ്‌പെക്ടർ സത്യനാരായണൻ പ്രതിയുടെ ഇടതുകാലിൽ വെടിവെക്കുകയായിരുന്നു. പരിക്കേറ്റ കിഷോറിനെ മെക്ഗാൻ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.