വിഷൻ 2032:ആധാറിനെ കൂടുതൽ സുരക്ഷിതമാക്കാൻ എഐ വെരിഫിക്കേഷൻ വരുന്നു

വിഷൻ 2032:ആധാറിനെ കൂടുതൽ സുരക്ഷിതമാക്കാൻ എഐ വെരിഫിക്കേഷൻ വരുന്നു

ന്യൂഡൽഹി: എഐ ഉള്‍പ്പെടെ സാങ്കേതിക വിദ്യ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ആധാറില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താൻ ഒരുങ്ങി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇതിനായി 'ആധാർ വിഷൻ 2032' പദ്ധതി ആരംഭിച്ചു.ഭാവിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ബ്ലോക്ക്‌ചെയിൻ, ക്വാണ്ടം കമ്പ്യൂട്ടിങ്, എൻക്രിപ്ഷൻ സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിച്ച് ആധാറിനെ കൂടുതൽ സുരക്ഷിതമാക്കി സമഗ്ര മാറ്റത്തിനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു ഐഡിൻ്റിറ്റിയായി ആധാറിനെ രൂപപ്പെടുത്താനാണ് പുതിയ പദ്ധതി ആരംഭിച്ചത്.ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങനെ കൂടുതല്‍ സുരക്ഷിതമാക്കാമെന്നതാണ് വിഷൻ 2032ൻ്റെ പ്രധാന ലക്ഷ്യം. ആധാറിൻ്റെ സുരക്ഷയെ കുറിച്ച് ആശങ്കകര്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കാലത്തിനൊപ്പം കോലം മാറാൻ ആധാറും ഒരുങ്ങുന്നത്.ആധാറിൻ്റെ ഡിസൈൻ, ഡാറ്റ മിനിമൈസേഷൻ, എൻക്രിപ്ഷൻ മാനദണ്ഡങ്ങൾ എന്നിവയിലൂടെ സ്വകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് യുഐഡിഎഐയുടെ പുതിയ പദ്ധതിയുടെ ലക്ഷ്യം. ബാങ്കിങ്, ആരോഗ്യ മേഖല, ക്ഷേമ വിതരണം, സർക്കാർ, സ്വകാര്യ മേഖലകളില്‍ ആധാർ കൂടുതലായി ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അനിവാര്യമായ മാറ്റം അധികൃതര്‍ കൊണ്ടുവരുന്നത്. ഇത് സൈബര്‍ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു.

"വിഷൻ 2032 ആധാറില്‍ നൂതന സാങ്കേതികവിദ്യ നിലനിർത്തുക മാത്രമല്ല ഓരോ ഇന്ത്യക്കാരനും സുരക്ഷിതവും ഉൾക്കൊള്ളുന്നതും ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായ ഡിജിറ്റൽ ഐഡൻ്റിറ്റി എന്ന നിലയിൽ ആധാറിൻ്റെ പങ്ക് ശക്തിപ്പെടുത്തുക കൂടിയാണ്. സാങ്കേതിക മികവ്, നവീകരണം, പൊതുജന വിശ്വാസം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ സംരംഭം" എന്ന് യുഐഡിഎഐ പ്രസ്‌താവനയിൽ പറയുന്നു.

ആധാർ വിഷൻ 2032 :

2032 ആകുമ്പോഴേക്കും ആധാർ എങ്ങനെ ആയിരിക്കണമെന്നതുമായി ബന്ധപ്പെട്ടുള്ള യുഐഡിഎഐയുടെ സമഗ്രമായ ബ്ലൂപ്രിൻ്റാണ് ആധാർ വിഷൻ 2032. ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിൽ ഇവ ഉൾപ്പെടുന്നു

  • AI- പവർഡ് ഇൻ്റലിജൻ്റ് ഓതൻ്റിക്കേഷൻ സിസ്റ്റങ്ങൾ
  • കൃത്രിമത്വം തടയുന്ന പരിശോധനയ്ക്കും ഓഡിറ്റബിലിറ്റിക്കുമുള്ള ബ്ലോക്ക്‌ചെയിൻ
  • ക്വാണ്ടം കമ്പ്യൂട്ടിംഗ്- ഭാവിയിലെ ഭീഷണികൾ തടയാനുള്ള സംവിധാനം
  • ഇന്ത്യയുടെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമവുമായി യോജിപ്പിച്ച നൂതന എൻക്രിപ്ഷൻ


ഈ സാങ്കേതിക മാറ്റത്തിന് നേതൃത്വം നൽകുന്നതിനായി, UIDAI ചെയർപേഴ്‌സൺ നീലകാന്ത് മിശ്രയുടെ അധ്യക്ഷതയിൽ ഒരു ഉന്നതതല വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ, നിയമം, സൈബർ സുരക്ഷ, പൊതുഭരണം എന്നിവയിലെ ഉന്നത പ്രൊഫഷണലുകളും അക്കാദമിക് വിദഗ്ധരും ഈ സമിതിയിൽ ഉൾപ്പെടുന്നു.

അംഗങ്ങൾ:

  • ഭുവനേഷ് കുമാർ, സിഇഒ, യുഐഡിഎഐ
  • വിവേക് ​​രാഘവൻ, സഹസ്ഥാപകൻ, സർവം എഐ
  • ധീരജ് പാണ്ഡെ, സ്ഥാപകൻ, ന്യൂടാനിക്‌സ്
  • ശശികുമാർ ഗണേശൻ, എഞ്ചിനീയറിംഗ് മേധാവി, മോസിപ്പ്
  • രാഹുൽ മത്തൻ, നിയമവിദഗ്‌ധൻ, ട്രൈലീഗൽ
  • നവീൻ ബുദ്ധിരാജ, സിടിഒ, വിയാനൈ സിസ്റ്റംസ്
  • പ്രൊഫ. അനിൽ ജെയിൻ, മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി
  • മായങ്ക് വത്സ, ഐഐടി ജോധ്പൂർ പ്രൊഫസര്‍
  • പ്രഭാഹരൻ പൂർണചന്ദ്രൻ, അമൃത സർവകലാശാല പ്രൊഫസര്‍

അഭിഷേക് കുമാർ സിംഗ്, ഡിഡിജി, യുഐഡിഎഐ

ആധാർ വിഷൻ 2032 ലക്ഷ്യമിടുന്നത്:

  • ബ്ലോക്ക്‌ചെയിൻ അധിഷ്‌ഠിത ഡാറ്റാ ട്രെയിലുകൾ ഉപയോഗിച്ച് വിശ്വാസം മെച്ചപ്പെടുത്തുക
  • AI ഉപയോഗിച്ച് സ്‌മാർട്ട് വെരിഫിക്കേഷൻ പ്രാപ്‌തമാക്കുക
  • സ്വകാര്യത സംരക്ഷിക്കുകയും ഡിപിഡിപി നിയമം പാലിക്കുകയും ചെയ്യുക.
  • പോസ്റ്റ്-ക്വാണ്ടം ഭീഷണികൾക്കെതിരെ സുരക്ഷിത ഐഡൻ്റിറ്റി സിസ്റ്റങ്ങൾ
  • ആധാറിനെ ആഗോളതലത്തില്‍ ഉയര്‍ത്തുക