മെട്രോ സ്റ്റേഷൻ ഇന്ന് ഉച്ചയ്ക്ക് മുമ്പ് തുറന്നില്ലെങ്കിൽ ഞങ്ങൾ ഇടപെടും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ഉച്ചയോടെ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ താൻ നേരിട്ട് ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ അടച്ചിട്ടതിനാൽ അഭിഭാഷകർക്കും ജീവനക്കാർക്കും കോടതിയിലെത്താൻ ബുദ്ധിമുട്ട് നേരിടുന്നുവെന്ന സുപ്രീം കോടതി ബാർ അസോസിയേഷൻ്റെ (എസ്.സി.ബി.എ) പരാതിയിലാണ് നടപടി.
തുടർച്ചയായ രണ്ടാം ദിവസമാണ് വിദ്യാർഥി പ്രക്ഷോഭത്തെ നേരിടാൻ ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നത്. സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16 സ്റ്റേഷനുകളാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) അടച്ചുപൂട്ടിയത്. ഇതോടെ അഭിഭാഷകർക്കും കക്ഷികൾക്കും കോടതി ജീവനക്കാർക്കും കൃത്യസമയത്ത് ജോലിക്ക് ഹാജരാകാൻ കഴിയാത്ത സാഹചര്യമുണ്ടായി.ഈ വിഷയം സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് വികാസ് സിങ് ഇന്ന് രാവിലെതന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും കക്ഷികൾക്കുമെങ്കിലും മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രിതമായ പ്രവേശനം അനുവദിക്കണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർഥിച്ചു.
സുപ്രീം കോടതിയിലേക്ക് പ്രവേശിക്കാൻ സാധുവായ പാസുകളുള്ള വ്യക്തികൾക്കും രജിസ്ട്രി ജീവനക്കാർക്കും സുരക്ഷാ പരിശോധനകൾക്ക് ശേഷം സുപ്രീം കോടതി മെട്രോ സ്റ്റേഷനിൽ ഇറങ്ങാൻ അനുമതി നൽകണമെന്ന നിർദേശമാണ് ബാർ അസോസിയേഷൻ മുന്നോട്ടുവച്ചത്. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ കൃത്യമായി പരിശോധിക്കാനാകും. സാധുവായ പ്രോക്സിമിറ്റി കാർഡുകളോ സുപ്രീം കോടതിയുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളോ ഉള്ളവരെ മാത്രം സ്റ്റേഷനിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചാൽ മതിയെന്നും വികാസ് സിങ് ചൂണ്ടിക്കാട്ടി. ട്രെയിനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു എക്സിറ്റ് പോയിൻ്റ് ഉണ്ടെന്നത് മെട്രോയുടെ പ്രത്യേകതയാണ്. അവിടെവച്ച് ആളുകളെ പരിശോധിക്കാൻ കഴിയും. പ്രോക്സിമിറ്റി കാർഡുള്ളവർക്കും രജിസ്ട്രി ജീവനക്കാർക്കും പുറത്തിറങ്ങാൻ അനുമതി നൽകാമെന്നും, അല്ലാത്തവരോട് മറ്റൊരു ട്രെയിനിൽ കയറി പോകാൻ നിർദേശിക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.ബാർ അസോസിയേഷൻ്റെ നിർദേശങ്ങൾ അനുഭാവപൂർവം പരിഗണിച്ച ചീഫ് ജസ്റ്റിസ്, ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഡൽഹി മെട്രോ അധികൃതരുമായി ചർച്ച നടത്താൻ സുപ്രീം കോടതി ഭരണവിഭാഗത്തിന് നിർദേശം നൽകിയതായി വ്യക്തമാക്കി. രാവിലെതന്നെ താൻ ഇക്കാര്യം അവരെ അറിയിച്ചിട്ടുണ്ടെന്നും, അധികൃതരുമായി സംസാരിക്കേണ്ടത് അവരാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള ഒരു മാർഗമെന്ന നിലയിലാണ് ഈ നിർദേശത്തെ കാണുന്നത്. ഉച്ചയോടെ ഒരു പരിഹാരമുണ്ടായാൽ അത് നല്ലതാണ്. അല്ലാത്തപക്ഷം തൻ്റെ ഇടപെടൽ ആവശ്യമാണെങ്കിൽ അത് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടത് കാരണം കോടതിയിൽ എത്താൻ കഴിയാത്ത അഭിഭാഷകരുടെ അസാന്നിധ്യത്തിൽ, കേസുകളിൽ അവർക്ക് പ്രതികൂലമായ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥി പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഇന്നാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.