ആസ്‌തി 84 രൂപ; സംസ്ഥാനത്തെ ഏറ്റവും 'പാവപ്പെട്ട' സ്ഥാനാര്‍ഥിയായി ആഷ്‌ന തമ്പി

ആസ്‌തി 84 രൂപ; സംസ്ഥാനത്തെ ഏറ്റവും 'പാവപ്പെട്ട' സ്ഥാനാര്‍ഥിയായി ആഷ്‌ന തമ്പി

കോട്ടയം: കൈവശം 84 രൂപ, സ്വന്തമായി ഭൂമിയില്ല, തൊഴിലില്ല. സമരമുഖത്തെ യുവ പോരാളിയായ ആഷ്‌ന തമ്പിയാണ് സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർഥി. ഏറ്റുമാനൂരിൽ എസ്‌യുസിഐ (കമ്യൂണിസ്റ്റ്) (Socialist Unity Centre of India (Communist) സ്ഥാനാർഥിയായാണ് ആഷ്‌ന മത്സരിക്കുന്നത്. കേരളത്തിൽ ഇത്തവണ ജനവിധി തേടുന്നവരിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള വ്യക്തി കൂടിയാണ് 26 വയസുകാരിയായ ഈ സ്ഥാനാർഥി.

സ്വന്തം പണമല്ല, മറിച്ച് മനുഷ്യനെ സഹായിക്കാനുള്ള മനസ്സാണ് പൊതുപ്രവർത്തനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌നയുടെ പോരാട്ടം. പത്രിക നൽകിയ ദിവസം വെറും 40 രൂപയായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്; അക്കൗണ്ടിൽ 44 രൂപയും. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്ന് ജേണലിസം പിജി ഡിപ്ലോമ നേടിയിട്ടുള്ള ആഷ്‌ന, പാർട്ടിയുടെ മീഡിയ കോഓർഡിനേറ്റർ, ജില്ലാ കമ്മിറ്റി അംഗം, തിരുവാർപ്പ് ലോക്കൽ കമ്മിറ്റി അംഗം, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ ചുമതലകൾ വഹിക്കുന്നു.എറണാകുളം അരയൻകാവ് സ്വദേശികളായ ആഷ്‌നയുടെ മാതാപിതാക്കളും മുഴുവൻസമയ പാർട്ടി പ്രവർത്തകരാണ്. ആശ വർക്കർമാർ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുടി മുറിച്ചു പ്രതിഷേധിച്ചതിലൂടെയാണ് ആഷ്‌ന ശ്രദ്ധിക്കപ്പെട്ടത്.

ഉജ്ജ്വല വിജയം നേടുമെന്ന് നാട്ടകം സുരേഷ്

ഏറ്റുമാനൂരിൽ ഇത്തവണ പോരാട്ടം മുറുകുകയാണ്. യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. മണ്ഡലത്തിൽ 4000 കോടി രൂപയുടെ വികസനം നടത്തിയത് കാണിച്ചുതരാൻ മന്ത്രി വി.എൻ. വാസവനെ അദ്ദേഹം വെല്ലുവിളിച്ചു. മണ്ഡലത്തെ പ്രളയരഹിതമാക്കാനോ നെല്ല് കർഷകരെ സഹായിക്കാനോ എംഎൽഎയ്ക്ക് കഴിഞ്ഞില്ലെന്ന് സുരേഷ് ആരോപിച്ചു. കോണത്താറ്റ് പാലം നിർമ്മാണത്തിൽ അഴിമതി നടന്നതായും കോട്ടയത്ത് കൊച്ചി മോഡൽ വികസനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഗതാഗതക്കുരുക്ക്, നെല്ല് സംഭരണ തർക്കം എന്നിവ പരിഹരിക്കാനാവശ്യമായ അടിസ്ഥാന കാര്യങ്ങളാണ് നടപ്പാക്കേണ്ടത്. വാരിക്കോരി പദ്ധതികൾ പ്രഖ്യാപിക്കാനില്ലെന്നും പറയുന്നവ നടപ്പിലാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡിസിസി പ്രസിഡന്‍റായ സുരേഷ് ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കുടിവെള്ളക്ഷാമം, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ മുൻ എംഎൽഎയ്ക്ക് കഴിഞ്ഞില്ലെന്നും കൈപ്പത്തി ചിഹ്നം ഭൂരിപക്ഷം കൂട്ടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വി.എൻ. വാസവനെതിരെ സ്ഥാനാർഥികൾ

മന്ത്രി വി.എൻ. വാസവനെതിരെ രൂക്ഷവിമർശനവുമായി സ്വതന്ത്ര സ്ഥാനാർഥി രാജ്മോഹൻ കൈമൾ രംഗത്തെത്തി. ഏറ്റുമാനൂരിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് വാസവനാണെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥിയെ ഉൾപ്പെടെയുള്ള എതിർ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് വാസവനാണെന്നാണ് ആരോപണം.എൻഡിഎ ഘടകകക്ഷിയായ ട്വന്‍റി20യുടെ സ്ഥാനാർഥി നിർണ്ണയം കച്ചവട ഡീലായി മാറിയെന്നും രാഷ്ട്രീയ പരിചയമില്ലാത്തവരെയാണ് സ്ഥാനാർഥികളാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. ട്വന്‍റി20യുടെ സ്ഥാനാർഥി നിർണ്ണയം ബിജെപി അധ്യക്ഷൻ ശ്രദ്ധിക്കണമായിരുന്നു. എൻഡിഎയ്ക്ക് വേണ്ടി പ്രയത്നിച്ച പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടാണ് താൻ മത്സരിക്കുന്നതെന്നും രാജ്മോഹൻ കൂട്ടിച്ചേർത്തു.