മകളെ സംരക്ഷിക്കാൻ ആൺസുഹൃത്തിനെ കൊലപ്പെടുത്തി; യുവതിയും സഹോദരിയും പിടിയിൽ

ഗാസിയാബാദ് : ട്രോണിക്ക സിറ്റിയിൽ ആൺ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും സഹോദരിയും അറസ്റ്റിൽ. തൻ്റെ 13 വയസ്സുള്ള മകളോട് സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന് സംശയിച്ചതിനെത്തുടർന്നാണ് കിരൺ എന്ന യുവതിയും സഹോദരി കാശിഷും ചേർന്ന് സക്കീർ എന്നയാളെ കൊലപ്പെടുത്തിയത്. ജൂൺ 23-നാണ് സക്കീറിനെ തലയ്ക്ക് അടിച്ചും പിന്നീട് കഴുത്തുഞെരിച്ചും ഇവർ കൊലപ്പെടുത്തിയത്.ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ വളരെ ആസൂത്രിതമായാണ് പ്രവർത്തിച്ചത്. സക്കീറിൻ്റെ മൃതദേഹം ഫാനിൽ കെട്ടിത്തൂക്കുകയും, ഫാനിന്റെ ബ്ലേഡുകൾ വളച്ച് ആത്മഹത്യയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്ന്, സക്കീർ ആത്മഹത്യ ചെയ്തുവെന്ന് കാണിച്ച് ഇവർ ഇയാളുടെ സഹോദരനെ ഫോണിൽ വിളിച്ച് അറിയിച്ചു. എന്നാൽ പോലീസിൻ്റെ വിശദമായ അന്വേഷണത്തിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവദിവസം മക്കളെ പുറത്തുവിട്ട ശേഷമാണ് ഇവർ കൊലപാതകം നടത്തിയത്. കൊലപ്പെടുത്താനുപയോഗിച്ച വടി വീടിന്റെ മുകളിൽ വാട്ടർ ടാങ്കിന് പിന്നിലായി ഒളിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ നാലഞ്ച് വർഷമായി കിരണും സക്കീറും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. കിരണിൻ്റെ മൂന്ന് മക്കളും ഇവർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. മകളോട് സക്കീർ മോശമായി പെരുമാറുന്നുവെന്ന സംശയം ഇരുവരും തമ്മിൽ പതിവായി വഴക്കിന് കാരണമായിരുന്നുവെന്ന് ഗാസിയാബാദ് എസിപി സിദ്ധാർത്ഥ് ഗൗതം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.