യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി: ഭർത്താവ് ഉൾപ്പടെ മൂന്നുപേർ മൂന്നുവർഷങ്ങൾക്കുശേഷം അറസ്‌റ്റിൽ

മുംബൈ: മൂന്ന് വർഷങ്ങൾക്കുശേഷം വിഷപ്പാമ്പിനെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും രണ്ട് സുഹൃത്തുക്കളുംപാമ്പുപിടുത്തക്കാരനും അറസ്റ്റിലായി.നീർജ രൂപേഷ് അംബേക്കർ (37 )2022 ജൂലൈ 10 ന് ബദ്‌ലാപൂർ ഈസ്റ്റിലെ ഉജ്വൽദീപ് സൊസൈറ്റിയിലെ വസതിയിൽ വച്ച് മരണപ്പെട്ടസംഭവമാണ് ഇപ്പോൾ കൊലപാതകമാണെന്ന് തെളിഞ്ഞത് . ഇത് ഒരു അപകട മരണമായിട്ടായിരുന്നു പോലീസ് രേഖപ്പെടുത്തിയിരുന്നത്.
മറ്റൊരു കൊലപാതകക്കേസിൽ പിടിയിലായ പ്രതി നൽകിയ സൂചനയിൽ നിന്നാണ് നീരജയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.സ്ത്രീയുടെ ഭർത്താവായ രൂപേഷ് (40) പതിവ് കുടുംബ കലഹങ്ങളെത്തുടർന്നാണ് തന്റെ സുഹൃത്തുക്കളായ ഋഷികേശ് രമേശ് ചാൽക്കെ, കുനാൽ വിശ്വനാഥ് ചൗധരി (25) എന്നിവരുമായി ചേർന്ന് ഭാര്യയെ കൊല്ലാൻ ഗൂഢാലോചന നടത്തിയതെന്നു പോലീസ് പറഞ്ഞു.
പാമ്പ്പിടുത്തക്കാരനായ ചേതൻ വിജയ് ദുധനെ (36) തെറ്റിദ്ധരിപ്പിച്ച് വിഷമുള്ള പാമ്പിനെ വിലക്കുവാങ്ങിയാണ് ഇവർ കൃത്യം നിർവഹിച്ചതെന്ന് അന്യേഷണഉദ്യോഗസ്ഥർ അറിയിച്ചു.കൊലപാതകത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സീനിയർ ഇൻസ്‌പെക്ടർ നിതിൻ പാട്ടീൽ പറഞ്ഞു.