പ്രസംഗിക്കുന്നതിനിടയിൽ അഭിജീത് ദിപ്കെയുടെ മുഖത്ത് കരിമഷിഒഴിച്ച് യുവതി

ന്യൂഡൽഹി: ജന്തർ മന്ദിറിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ യുവതിയുടെ മഷി പ്രയോഗം. ഇന്ന് നടന്ന സംഭവത്തെ തുടർന്ന് ദിപ്കെയുടെ അനുയായികൾ വേദിയിലേക്ക് ഇരച്ചുകയറിയത് ജന്തർ മന്ദിറിൽ വലിയ തോതിലുള്ള സംഘർഷാവസ്ഥയ്ക്കും ബഹളത്തിനും കാരണമായി.ദിപ്കെയുടെ മുഖത്തേക്ക് മഷിയൊഴിച്ച യുവതി ആരാണെന്നോ, ഈ ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം എന്താണെന്നോ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ പോലീസ് ജന്തർ മന്ദിറിൽ നിന്ന് ബലമായി നീക്കി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം നടത്താനിരുന്ന അണികളുടെ പാർലമെന്റ് മാർച്ചിലേക്ക് വെറും 48 മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് വാങ്ചുകിനെ പോലീസ് സ്ഥലത്ത് നിന്ന് നീക്കിയത്. ഇതിൽ പ്രതിഷേധിച്ച് അഭിജീത് ദിപ്കെ വേദിയിൽ സംസാരിക്കുമ്പോഴാണ് കരിമഷി പ്രയോഗമുണ്ടായത്.