ലോകത്തിലെ ഏറ്റവും വലിയ ഗ്രാനൈറ്റ് ശിവലിംഗം വിരാട് രാമായണ ക്ഷേത്രത്തിൽ

പട്‌ന: ലോകത്തിലെ ഏറ്റവും വലിയ ഗ്രാനൈറ്റ് ശിവലിംഗം വിരാട് രാമായണ ക്ഷേത്രത്തിൽ സ്ഥാപിക്കും. 210 മെട്രിക് ടൺ ഭാരവും 33 അടി ഉയരമുള്ള ശിവലിംഗം തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിന്ന് ക്ഷേത്ര നിർമ്മാണ സ്ഥലത്തേക്ക് കൊണ്ടുവരുന്നു. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ചാകിയ-കെസരിയ റോഡിലാണ് ക്ഷേത്രത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്.മഹാവീർ മന്ദിർ ട്രസ്റ്റ് (പട്‌ന) നിർമ്മിക്കുന്ന വിരാട് രാമായണ ക്ഷേത്രത്തിന് 1,080 അടി നീളവും 540 അടി വീതിയുമുണ്ടാകും. ഇതിൽ 22 ശ്രീകോവിലുകൾ, 18 ശിഖരങ്ങൾ, 270 അടി ഉയരമുള്ള ഒരു പ്രധാന ശിഖരം എന്നിവ ഉണ്ടാകും. ഇതിഹാസമായ രാമായണത്തെ ചിത്രീകരിക്കുന്ന രംഗങ്ങൾ ശ്രീകോവിലിന്‍റെ ചുവരുകളിൽ കൊത്തിവയ്ക്കും.നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നുഗണേശ സ്ഥൽ, സിംഹ കവാടം, നന്തി കവാടം, ശ്രീകോവിൽ നട എന്നിവയുടെ നിർമ്മാണം പൂർത്തിയായി. ഭീമൻ ശിവലിംഗം സ്ഥാപിക്കുന്നതോടെ, പ്രധാന ക്ഷേത്രത്തിൻ്റെ നിർമ്മാണം വേഗത്തിലാകും.

പത്തുവർഷത്തെ സമർപ്പണ ഫലം

പത്തുവര്‍ഷത്തെ അക്ഷീണ പരിശ്രമത്തിൻ്റെ ഫലമാണ് ഈ ശിവലിംഗമെന്ന് ട്രസ്റ്റ് പറയുന്നു. മഹാബലിപുരത്തിനടുത്തുള്ള പട്ടിക്കാട് പ്രദേശത്ത് വച്ചാണ് ഒറ്റക്കല്ലില്‍ ശിവലിംഗം കൊത്തിയെടുത്തത്. സങ്കീർണമായ കൊത്തുപണി, ഭംഗി എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് കരകൗശല വിദഗ്‌ധർ ഇത് നിർമ്മിച്ചത്. ഏകദേശം മൂന്ന് കോടി രൂപയാണ് ശിവലിംഗത്തിൻ്റെ ചെലവ് കണക്കാക്കുന്നത്.ഭീമമായ ഭാരം കണക്കിലെടുത്ത് ശിവലിംഗത്തെ 96 ചക്രങ്ങളുള്ള ഒരു ഹൈഡ്രോളിക് ട്രെയിലറിൽ കയറ്റുകയും, ഒരു പ്രത്യേക എഞ്ചിനീയറിങ് സംഘത്തിൻ്റെ മേൽനോട്ടത്തിൽ അത് ക്ഷേത്രത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. യാത്രയ്ക്ക് 20-25 ദിവസം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.മഹാബലിപുരം മുതൽ ചാകിയ വരെയുള്ള മുഴുവൻ വഴിയിലും ശിവലിംഗത്തെ ഗംഭീരമായി സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഭക്തർ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഘോഷയാത്ര, ആരാധന, ദർശനം എന്നിവയ്ക്കായി നഗരങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങള്‍ ഏർപ്പാടാക്കുന്നുണ്ട്. ട്രക്ക് വിവിധ സ്ഥലങ്ങളിൽ നിർത്തും. അവിടെവച്ച് തന്ത്രിമാര്‍ വിവിധ ആചാരങ്ങൾ നിർവഹിക്കും.

കർശന സുരക്ഷാ ക്രമീകരണങ്ങൾ

ശിവലിഗം കടന്നു പോകുന്ന വഴികളില്‍ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റൂട്ട് ആസൂത്രണം ചെയ്യുന്നതിനും ഗതാഗതം വഴിതിരിച്ചുവിടുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശ ഭരണകൂടം, പൊലീസ്, മഹാവീർ ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി എന്നിവർ സംയുക്തമായാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഭക്തർക്ക് സുരക്ഷിതമായ ദർശനം ഉറപ്പാക്കാൻ എല്ലാ സ്റ്റോപ്പുകളിലും ബാരിക്കേഡുകൾ സ്ഥാപിക്കും. എഞ്ചിനീയർമാരുടെ ഒരു സംഘം റൂട്ടിൽ സാങ്കേതിക പരിശോധനകൾ നടത്തുന്നുണ്ട്.രാജ്യത്തെ ഏറ്റവും വലിയ ഗ്രാനൈറ്റ് ശിവലിംഗം

210 മെട്രിക് ടൺ ഭാരമുള്ള ഈ ശിവലിംഗം ഏറ്റവും വലിയ മോണോലിത്തിക്ക് ഗ്രാനൈറ്റ് ശിവലിംഗമായിരിക്കുമെന്ന് ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എഞ്ചിനീയർ നന്ദൻ കുമാർ സിങ് പറഞ്ഞു. ഇത് പിന്നീട് വിരാട് രാമായണ മന്ദിറിൻ്റെ പ്രധാന ആകർഷണമായി മാറും.

"ശിവലിംഗത്തിൻ്റെ പ്രതിഷ്‌ഠയ്ക്കും ഭാവി പദ്ധതികൾക്കുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ക്ഷേത്ര സമുച്ചയത്തിൽ പ്രവേശന കവാടം, ഗണേഷ് സ്ഥൽ, സിംഹ കവാടം, നന്തി കവാടം, ശ്രീകോവിലിൻ്റെ ശിലാസ്ഥാപനം എന്നിവയുൾപ്പെടെ നിരവധി പ്രധാന നിർമ്മാണ പദ്ധതികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. അവയിൽ ഈ കൂറ്റൻ ശിവലിംഗം പ്രധാന ആകർഷണമായി സ്ഥാപിക്കും" അദ്ദേഹം പറഞ്ഞു.

പ്രാൺ-പ്രതിഷ്‌ഠ ആഘോഷങ്ങള്‍

ശിവലിംഗം ചാകിയയിൽ എത്തിയാല്‍ ആചാര പ്രകാരം പ്രാൺ-പ്രതിഷ്‌ഠ നടക്കും. രാജ്യത്തെ പ്രമുഖ സന്യാസിമാരും മഹാത്മാക്കളും ആയിരക്കണക്കിന് ഭക്തരും പങ്കെടുക്കും. ക്ഷേത്രം ഉടൻ തന്നെ ഘട്ടം ഘട്ടമായി ഭക്തർക്ക് തുറന്നുകൊടുക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.