"മര്യാദയ്ക്ക് നിൽക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ തങ്ങൾ ഇത് പൂർണ്ണമായി അവസാനിപ്പിക്കുo" : ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടർത്തി ഇറാനിലെ വിവിധ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കയുടെ പുതിയ വൻ വ്യോമാക്രമണം. ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ആക്രമണത്തിന് പിന്നാലെ, " ഇറാൻ മര്യാദയ്ക്ക് പെരുമാറുന്നതാണ് നല്ലത്” എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ നിലവിൽ കടുത്ത പ്രതിസന്ധിയിലാണെന്നും അവർ ചർച്ചയ്ക്ക് തയ്യാറാകുകയോ അല്ലെങ്കിൽ തങ്ങൾ ഇത് പൂർണ്ണമായി അവസാനിപ്പിക്കുകയോ ചെയ്യുമെന്നും ട്രംപ് പ്രതിരോധ ഉച്ചകോടിയിൽ വ്യക്തമാക്കി.അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വ്യോമപ്രതിരോധ സൈറണുകൾ മുഴങ്ങി. ഹോർമൂസ് കടലിടുക്കിലെ തന്ത്രപ്രധാന നഗരമായ ബന്ദർ അബ്ബാസിലെ കമാൻഡ് സെന്ററുകൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ യുഎസ് തകർത്തു. കൂടാതെ ഗ്രേറ്റർ തുൻബ് ദ്വീപിലെ ഇറാന്റെ ക്രൂസ് മിസൈൽ സംഭരണശാലകൾക്ക് നേരെ 90 മിനിറ്റ് നീണ്ട ബോംബാക്രമണമാണ് യുഎസ് നടത്തിയത്. ഇറാനിലെ അഹ്വാസ് നഗരത്തിലുണ്ടായ മിസൈൽ ആക്രമണത്തെ തുടർന്ന് ഒരു ആശുപത്രി ഒഴുപ്പിച്ചു. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടഞ്ഞുകൊണ്ട് യുഎസ് ഏർപ്പെടുത്തിയ പുതിയ നാവിക ഉപരോധത്തെ തുടർന്നാണ് യുദ്ധം വീണ്ടും കടുത്തത്.
അതേസമയം, യുഎസ് ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണമാണ് ഇറാൻ നടത്തിയത്. ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. ജോർദാനിലെ യുഎസ് സൈനിക ആശയവിനിമയ സംവിധാനങ്ങൾക്ക് നേരെ ഇറാൻ അയച്ച ഡ്രോണുകൾ ജോർദാൻ സൈന്യം വെടിവെച്ചിട്ടു. യുഎസുമായുള്ള യുദ്ധം നിലനിൽപ്പിനായുള്ള പോരാട്ടമാണെന്നും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കഴിഞ്ഞ മാസം ഒപ്പിട്ട താൽക്കാലിക സമാധാന കരാർ പാലിക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും ഇറാന്റെ മുഖ്യ ചർച്ചക്കാരൻ മുഹമ്മദ് ബാഗർ ഗാലിബാവ് വ്യക്തമാക്കി. യുഎസ് ഉപരോധം തുടർന്നാൽ മേഖലയിലെ മറ്റ് എണ്ണ-വാതക കയറ്റുമതി പാതകളും അടച്ചുപൂട്ടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. യുദ്ധം കടുത്തതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്.
അതിനിടെ, 2024 ഡിസംബർ മുതൽ ഇറാൻ തടവിലാക്കിയിരുന്ന അമേരിക്കൻ പൗരയായ ഡെന കരാരിയെ മോചിപ്പിച്ചു. ഇറാന്റെ ഈ നടപടിയെ നല്ലൊരു പ്രതികരണമായി സ്വാഗതം ചെയ്യുന്നതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഡെന നിലവിൽ സുരക്ഷിതമായി അമേരിക്കയിലേക്ക് തിരിച്ചുപോരുകയാണെന്ന് അവരുടെ അഭിഭാഷകൻ ജാരെഡ് ഗെൻസറും സ്ഥിരീകരിച്ചു.