യുവാവും, പിതാവും സ്വകാര്യ ബസിടിച്ച് മരിച്ച സംഭവം : ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ : മട്ടന്നൂർ ഉളിയിൽ കൂരൻമുക്കിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചകേസിൽ ബസ് ഡ്രൈവറെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.വലിയന്നൂർ സ്വദേശി എം. ഷാജിയാണ് (53) അറസ്റ്റിലായത്. അശ്രദ്ധമായി വാഹന മോടിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കിയതിനാണ് ഇയാൾ ക്കെതിരേ കേസെടുത്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.ബുധനാഴ്ച രാവിലെയാണ് ഇരിട്ടി - കണ്ണൂർ റൂട്ടിലോടുന്ന ധനലക്ഷ്മി ബസിടിച്ച് മട്ടന്നൂർ കോളാരി സ്വദേശികളായ പി. വിനോദ് (48), മകൻ ഇ.വി. വൈഷ്ണവ് (25) എന്നിവർ മരിച്ചത്. ഇരുവരും ഇരിട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.വൈഷ്ണവിന്റെ പിറന്നാൾദിനത്തി ലായിരുന്നു അപകടം. ബസിൻ്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപണമുയർന്നിരുന്നു.ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ബസുകളുടെ മത്സരയോട്ടമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് ആരോപിച്ച് കൂരൻമുക്കിൽ നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞിരുന്നു. ബസുകളുടെ അമിതവേഗവും മത്സരയോട്ടവും തടയാൻ മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് പരിശോധന നടത്തുമെന്ന് പോലീസ്അറിയിച്ചു.