വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ അദാനി ഗ്രൂപ്പിൻ്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി എഐസിസി  ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ . വിഴിഞ്ഞം പദ്ധതിയുടെ ഔദ്യോഗിക കരാർ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർക്കാരിൻ്റെ  വ്യക്തമായ മുൻകൂർ അനുമതിയില്ലാതെ ഇത്തരം ഒരു വിദേശ കമ്പനിയുമായി ഓഹരി പങ്കാളിത്ത കരാറുകളിൽ ഏർപ്പെടാൻ അദാനി ഗ്രൂപ്പിന് യാതൊരു നിയമപരമായ അവകാശവുമില്ലെന്ന് കെ.സി. വേണുഗോപാൽ തുറന്നടിച്ചു. അങ്ങനെയിരിക്കെ എങ്ങനെയാണ് മറ്റൊരു ആഗോള ബഹുരാഷ്ട്ര കമ്പനിയുമായി 49 % ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പ് നേരിട്ട് കരാറിലായതെന്ന് അദ്ദേഹം ചോദിച്ചു.

“അദാനി രാജ്യത്തെ സൂപ്പർ ഗവൺമെന്റാണോ?”  കേരള സർക്കാരിനെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിക്കൊണ്ട് ഇത്തരം സുപ്രധാന കാര്യങ്ങൾ സ്വയം ചെയ്യാൻ അവർക്കാവുമെന്നാണോ വിചാരിക്കുന്നത് ? അങ്ങനെയൊരു തീരുമാനമെടുക്കാൻ അദാനിക്ക് എന്ത് അധികാരമാണുള്ളത് ? ഈ വാർത്ത കണ്ടപ്പോൾ വിചിത്രമായാണ് തോന്നിയത് . ഓഹരി കൈമാറ്റത്തിനായി സെബിയുടെഅനുമതി വാങ്ങിക്കാനുള്ള ആഭ്യന്തര നടപടികൾ അദാനി ഗ്രൂപ്പ് ആരംഭിച്ചതായാണ് അറിയുന്നത്, ഇതിനെല്ലാം കൃത്യമായ മറുപടി പറയേണ്ടത് അദാനി തന്നെയാണ് " -കെ.സി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി സൂപ്പർ പവറാണെന്നും അവിടെ അദാനിയുടെ തീരുമാനങ്ങൾ മാത്രമാണ് നടപ്പിലാകാറുള്ളതെന്നും മറ്റാരുടെയും ശബ്ദം അവിടെ കേൾക്കാറില്ലെന്നും അദ്ദേഹം പരിഹസിച്ചു. അതുപോലെയാണ് കേരളത്തിലും എന്ന് അവർ ധരിച്ചിട്ടുണ്ടോ എന്ന് ചോദിച്ച വേണുഗോപാൽ, ഇതിൽ അദാനി ഗ്രൂപ്പ് ഉടൻ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.

വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ‘ഞങ്ങൾ ഈ നീക്കത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഞങ്ങളെ പൂർണ്ണമായി അറിയിക്കാതെയാണ് അദാനി ഇത് ചെയ്തതെന്നും’ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ വാദത്തെ പൂർണ്ണമായി മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് താൻ സംസാരിക്കുന്നത്. അങ്ങനെയാണെങ്കിൽ സർക്കാരിനെ അറിയിക്കാതെ ഇത്തരത്തിൽ പ്രഖ്യാപനം നടത്താൻ അദാനിക്ക് എന്താണ് അവകാശം? കുറുക്കുവഴികളിലൂടെയല്ല, മറിച്ച് തികച്ചും നേരായ വഴിയിലൂടെയല്ലേ കേരളത്തിൽ ഇത്തരം വലിയ വികസന പദ്ധതികളുടെ കാര്യങ്ങൾ നടപ്പിലാക്കേണ്ടതെന്നും കെ.സി.വേണുഗോപാൽ  വ്യക്തമാക്കി.